തല്‍ക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെ; പാലാ ഫലത്തില്‍ വിടി ബല്‍റാം

തല്‍ക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെ; പാലാ ഫലത്തില്‍ വിടി ബല്‍റാം
തല്‍ക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെ; പാലാ ഫലത്തില്‍ വിടി ബല്‍റാം

പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ വിജയത്തിലേക്കു കുതിക്കുമ്പോള്‍ നര്‍മത്തില്‍ പൊതിഞ്ഞ പ്രതികരണവുമായി കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. യുപിഎ ഘടകക്ഷി എന്‍സിപിക്ക് പാലാ മണ്ഡലത്തില്‍ വിജയമെന്നാണ് ബല്‍റാം തെരഞ്ഞെടുപ്പു ഫലത്തോടു പ്രതികരിച്ചത്. തല്‍ക്കാലം ഇങ്ങനെ പറഞ്ഞ ആശ്വസിക്കട്ടെയെന്നും ബല്‍റാം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലുണ്ട്.


വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ വ്യക്തമായ ഭൂരിപക്ഷം നേടി കുതിക്കുകയാണ്. ന്നു. അന്‍പതു ബൂത്തുകള്‍ മാത്രം എണ്ണാനുള്ളപ്പോള്‍ നാലായിരത്തോളം വോട്ടുകള്‍ക്കു മുന്നിലാണ് കാപ്പന്‍. 

രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍ പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിയത്. ഇതില്‍ യുഡിഎഫിന്റെ അഞ്ച് ശക്തികേന്ദ്രങ്ങളിലും ജോസ് ടോമിന് കാലിടറി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മാണി സി കാപ്പനൊപ്പം നിന്ന തലനാട്, തലപ്പലം പഞ്ചായത്തുകള്‍ ഇത്തവണയും എല്‍ഡിഎഫിനൊപ്പം നിന്നു.

യുഡിഎഫിന്റെ കോട്ടയായ രാമപുരത്ത് മാണി സി കാപ്പന്‍ ലീഡ് നേടിയത് യുഡിഎഫ് കേന്ദ്രങ്ങളില്‍ ഞെട്ടലുളവാക്കി. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വ്യക്തമായ ലീഡ് ലഭിച്ചിരുന്ന പഞ്ചായത്തായിരുന്നു രാമപുരം. ഇവിടെ മാണി സി കാപ്പന്‍ 757വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. യുഡിഎഫിന്റെ മറ്റൊരു ശക്തിപ്രദേശമായ കടനാട്ടില്‍ 870 വോട്ടിന്റെ ഭൂരിപക്ഷമാണ് മാണി സി കാപ്പന്‍ നേടിയയത്. കെഎം മാണിക്ക് 2016ല്‍ രാമപുരത്ത് 180ഉം കടനാട് 107ഉം ആയിരുന്നു ഭൂരിപക്ഷം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോമസ് ചാഴികാടന്‍ രാമപുരത്ത് 4500ഉം കടനാട്ടില്‍ 2727വോട്ടും നേടിയിരുന്നു. പിന്നിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തന്നെ കണക്കുകൂട്ടിയ ഭരണങ്ങാനം പഞ്ചായത്തും യുഡിഎഫിനെ കൈവിട്ടു. ഭരണങ്ങാനം പഞ്ചായത്തില്‍ 807 വോട്ടിനാണ് മാണി സി കാപ്പന്‍ മുന്നിലെത്തിയത്. 2016ല്‍ കെ എം മാണി ഇവിടെ 410വോട്ടാണ് നേടിയത്. കെഎം മാണി നേടിയതിനെക്കാള്‍ വലിയ ഭൂരുപക്ഷമാണ് പഞ്ചായത്തുകളില്‍ മാണി സി കാപ്പന്‍ നേടിയത്.

വലിയ മുന്നേറ്റം പ്രതീക്ഷിച്ച പഞ്ചായത്തില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് യുഡിഎഫിനുണ്ടായത്. കേരള കോണ്‍ഗ്രസും കോണ്‍ഗ്രസുമാണ് രാമപുരത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷികള്‍. കേരള കോണ്‍ഗ്രസിന്റെ കോട്ടകളായ മൂന്നിലവിലും മേലുകാവിലും ജോസ് ടോമിന് പിടിവള്ളി കിട്ടിയില്ല. കരൂര്‍ പഞ്ചായത്തിലാണ് എല്‍ഡിഎഫിന് ചെറിയ ഇടര്‍ച്ച സംഭവിച്ചത്. ഇവിടെ 90വോട്ടിന്റെ ഭൂരിപക്ഷമാണ് മാണി സി കാപ്പന് ലഭിച്ചത്.

കെഎം മാണിയല്ലായിരുന്നു തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയെങ്കില്‍ മുമ്പേ ജയിക്കുമായിരുന്നുവെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ജോസ് കെ മാണിയോട് വിരോധമുള്ളവരുടെ ഒരുവിഭാഗം കേരള കോണ്‍ഗ്രസ് അണികളുടെയും ബിഡിജെഎസിന്റെയും വോട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മാണി സി കാപ്പന്‍ അവകാശപ്പെട്ടു. രാമപുരത്തെ വോട്ടുനില പുറത്തുവന്നപ്പോള്‍ തന്നെ വോട്ട് മറിച്ചുവെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം രംഗത്തെത്തി. കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്ന് ജോസ് ടോം പറഞ്ഞു. ബിജെപിയും എല്‍ഡിഎഫും തമ്മില്‍ വോട്ട് കച്ചവടം നടത്തിയെന്നാണ് ജോസ് ടോം ആരോപിച്ചത്. ജോസ് കെ മാണി പക്ഷത്തിന്റെ വോട്ട് എല്‍ഡിഎഫിലേക്ക് പോയെന്ന് പിജെ ജോസഫ് ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com