പാലാ ആർക്കൊപ്പം ?; ജനഹിതം അറിയാൻ നിമിഷങ്ങൾ മാത്രം ; വോട്ടെണ്ണൽ തുടങ്ങി

പാലായില്‍ കെ എം മാണിയുടെ പിന്‍ഗാമി ആരെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം 
പാലാ ആർക്കൊപ്പം ?; ജനഹിതം അറിയാൻ നിമിഷങ്ങൾ മാത്രം ; വോട്ടെണ്ണൽ തുടങ്ങി

കോട്ടയം :  കെ.എം മാണിയുടെ പിന്‍ഗാമിയായി പാല നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് എത്തുന്നത് ആരെന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ അറിയാം. പാല ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. 15 പോസ്റ്റൽ വോട്ടുകളും 14 സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. തുടർന്ന് രാമപുരം പഞ്ചായത്തിലെ വോട്ടുകളാകും എണ്ണുക. ആദ്യഫലസൂചന എട്ടരയോടെ ലഭ്യമാകും.  പത്ത് മണിയോടെ ഫലം അറിയാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണല്‍. 176 ബൂത്തുകളിലെ 1,27,939 വോട്ടുകള്‍ 14 റൗണ്ടില്‍ എണ്ണും. വാശിയേറിയ പോരാട്ടം നടന്ന പാലായില്‍ യുഡിഎഫ് , എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ് പ്രധാന മത്സരം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോളില്‍ പറയുന്നത്. എന്നാല്‍ എല്‍ഡിഫും ബിജെപിയും വിജയപ്രതീക്ഷയിലാണ്. 

ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ്. 71.41 ശതമാനം പോളിംഗാണ് പാലായില്‍ രേഖപ്പെടുത്തിയത്. തികഞ്ഞ വിജയപ്രതീക്ഷയിലാണ് എല്ലാ മുന്നണികളും. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് ഇടതുസ്ഥാനാർത്ഥി മാണി സി കാപ്പൻ രാവിലെ അവകാശപ്പെട്ടത്. എന്നാൽ മികച്ച ഭൂരിപക്ഷത്തോടെ പാലായിലെ ജനം തന്നെ മാണിസാറിന്റെ പിൻ​ഗാമിയായി തെരഞ്ഞെടുക്കുമെന്ന് ഉറപ്പുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമും അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com