ബാലികേറാ മല കീഴടക്കി ഇടതുപക്ഷം; തുടക്കം മുതല്‍ സമഗ്രാധിപത്യം, കാപ്പന്‍ ചുവപ്പിച്ച പാലാ

ഇടതുപക്ഷത്തിന് ബാലികേറാ മലയായിരുന്ന പാലാ മാണി സി കാപ്പനെന്ന എന്‍സിപി നേതാവിനെ വിജയിപ്പിച്ച് നിയമസഭയിലേക്ക് അയക്കുന്നത് ചരിത്രം കുറിച്ചാണ്.
ബാലികേറാ മല കീഴടക്കി ഇടതുപക്ഷം; തുടക്കം മുതല്‍ സമഗ്രാധിപത്യം, കാപ്പന്‍ ചുവപ്പിച്ച പാലാ

ടതുപക്ഷത്തിന് ബാലികേറാ മലയായിരുന്ന പാലാ മാണി സി കാപ്പനെന്ന എന്‍സിപി നേതാവിനെ വിജയിപ്പിച്ച് നിയമസഭയിലേക്ക് അയക്കുന്നത് ചരിത്രം കുറിച്ചാണ്. അരനൂറ്റാണ്ട് അടക്കിവാണ കെഎം മാണി കളമൊഴിഞ്ഞ ശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍, കേരള കോണ്‍ഗ്രസിന്റെ കോട്ടകളെല്ലാം തകര്‍ത്താണ് മാണി സി കാപ്പന്‍ പാലായെ ഇടത്തേക്ക് നടത്തിക്കുന്നത്.

12 പഞ്ചായത്തുകളും  ഒരു നഗരസഭയും അടങ്ങുന്ന മണ്ഡലത്തില്‍ യുഡിഎഫിന്റെ എല്ലാ ശക്തികേന്ദ്രങ്ങളിലും ജോസ് ടോമിന് കാലിടറി. ഒമ്പത് പഞ്ചായത്തുകള്‍ എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍, മീനച്ചില്‍, കൊഴുവനാല്‍, മുത്തോലി പഞ്ചായത്തുകളും പാലാ നഗരസഭയും മാത്രമായിരുന്നു കേരള കോണ്‍ഗ്രസിനൊപ്പം നിന്നത്. അതും ചെറിയ ലീഡുകള്‍ മാത്രം.

രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, എലിക്കുളം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി. വോട്ടെണ്ണല്ലിന്റെ ഒരു സമയത്ത് പോലും കാപ്പന്റെ വിജയ പാച്ചിലിന് തടസ്സം നില്‍ക്കാന്‍ ജോസ് ടോമിന് സാധിച്ചില്ല. 54137 വോട്ടുകളാണ് മാണി സി കാപ്പന്‍ നേടിയത്. ജോസ് ടോം പുലികുന്നേലിന് ലഭിച്ചത് 51194വോട്ടാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിക്ക് 18044വോട്ട് ലഭിച്ചു. 

കേരള കോണ്‍ഗ്രസിന്റെ പ്രധാന തട്ടകങ്ങളിലൊന്നായ രാമപുരത്ത് ലീഡ് നേടിക്കൊണ്ടാണ് യുഡിഎഫിന് ആദ്യ പ്രഹരം കൊടുത്തത്. പിന്നീട് ആ വീഴ്ചയില്‍ നിന്ന് യുഡിഎഫ് കരകയറിയതുമില്ല. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വ്യക്തമായ ലീഡ് ലഭിച്ചിരുന്ന പഞ്ചായത്തായിരുന്നു രാമപുരം. ഇവിടെ മാണി സി കാപ്പന്‍ 757വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. യുഡിഎഫിന്റെ മറ്റൊരു ശക്തിപ്രദേശമായ കടനാട്ടില്‍ 870 വോട്ടിന്റെ ഭൂരിപക്ഷമാണ് മാണി സി കാപ്പന്‍ നേടിയയത്. കെഎം മാണിക്ക് 2016ല്‍ രാമപുരത്ത് 180ഉം കടനാട് 107ഉം ആയിരുന്നു ഭൂരിപക്ഷം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോമസ് ചാഴികാടന്‍ രാമപുരത്ത് 4500ഉം കടനാട്ടില്‍ 2727വോട്ടും നേടിയിരുന്നു. 

പിന്നിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തന്നെ കണക്കുകൂട്ടിയ ഭരണങ്ങാനം പഞ്ചായത്തും യുഡിഎഫിനെ കൈവിട്ടു. ഭരണങ്ങാനം പഞ്ചായത്തില്‍ 807 വോട്ടിനാണ് മാണി സി കാപ്പന്‍ മുന്നിലെത്തിയത്. 2016ല്‍ കെ എം മാണി ഇവിടെ 410വോട്ടാണ് നേടിയത്. 

കേരള കോണ്‍ഗ്രസിന്റെ കോട്ടകളായ മൂന്നിലവിലും മേലുകാവിലും ജോസ് ടോമിന് പിടിവള്ളി കിട്ടിയില്ല. കരൂര്‍ പഞ്ചായത്തില്‍ 200വോട്ടിന്റെ ഭൂരിപക്ഷമാണ് മാണി സി കാപ്പന് ലഭിച്ചത്. 2016ല്‍ കെഎം മാണിക്ക് ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കിയ മുത്തോലി പഞ്ചായത്തില്‍ മാത്രമാണ് യുഡിഎഫിന് നേരിയ ആശ്വാസം ലഭിച്ചത്. ഇവിടെ 576 വോട്ടിന്റെ ലീഡാണ് ജോസ് ടോമിന് ലഭിച്ചത്.  മാണിക്ക് 1683വോട്ട് നല്‍കിയ മുത്തോലി, കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ പഞ്ചായത്ത് കൂടിയാണ്. കെഎം മാണി നേടിയതിനെക്കാള്‍ വലിയ ഭൂരിപക്ഷമാണ് പഞ്ചായത്തുകളില്‍ മാണി സി കാപ്പന്‍ നേടിയത്. 

ജോസ് കെ മാണിയും കെഎം മാണിയുടെ കുടുംബവും വോട്ട് ചെയ്ത പാലാ മുന്‍സിപാലിറ്റിയിലും യുഡിഎഫിന് പ്രതീക്ഷിച്ച നേട്ടം കൊയ്യാനായില്ല. ജോസ് കെ മാണി വിഭാഗത്തിന്റെ ശക്തികേന്ദ്രമായിരുന്നു പാലാ നഗരസഭ. 258വോട്ടുകള്‍ മാത്രമാണ് പാലായില്‍ ജോസ് ടോമിന് ലഭിച്ചത്. കഴിഞ്ഞതവണ മണ്ഡലത്തിലെ ഒരോയൊരു നഗരസഭയില്‍ കെഎം മാണിക്ക് ലഭിച്ചത് 836വോട്ടാണ്. 

മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പാലായില്‍ നേടിയ 33472 എന്ന ഭൂരിപക്ഷത്തെ മറികടന്നാണ് കാപ്പന്‍ അട്ടിമറി നടത്തിയത്. കെഎം മാണിയെന്ന അതികായനെതിരെ മൂന്നുവട്ടം ഒപ്പത്തിനൊപ്പം പിടിച്ച കാപ്പന്‍ നാലാമങ്കത്തിന് ഇറങ്ങിയപ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിച്ചതുമില്ല. 

2001ല്‍ ഉഴവൂര്‍ വിജയനെതിരെ 22,301 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു കെഎം മാണിക്കുണ്ടായിരുന്നത്. എന്നാല്‍ 2006ല്‍ മാണി സി കാപ്പന്‍ അത് 7590 ആയി കുറച്ചു. 2011ല്‍ അകലം 5259 ആയി കുറഞ്ഞു. ബാര്‍ കോഴ കളംനിറഞ്ഞ 2016ല്‍ 4703 വോട്ടിനായിരുന്നു മാണിയുടെ വിജയം.  മാണിയുടെ വിയോഗ ശേഷം കാപ്പന്‍ ജനവിധി തേടിയപ്പോള്‍ ഇത്തവണ നേടിയത് 2943 വോട്ടിന്റെ ഭൂരിപക്ഷം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com