യുഡിഎഫ് സ്ഥാനാര്‍ഥികളായി; അരൂരില്‍ ഷാനി മോള്‍; എറണാകുളത്ത് ടിജെ വിനോദ്, കോന്നിയില്‍ മോഹന്‍രാജ്, വട്ടിയൂര്‍ക്കാവില്‍ മോഹന്‍കുമാര്‍

അരൂരില്‍ ഷാനി മോള്‍; എറണാകുളത്ത് ടിജെ വിനോദ്, കോന്നിയില്‍ മോഹന്‍രാജ്, വട്ടിയൂര്‍ക്കാവില്‍ മോഹന്‍കുമാര്‍ - യുഡിഎഫ് സ്ഥാനാര്‍ഥികളായി
യുഡിഎഫ് സ്ഥാനാര്‍ഥികളായി; അരൂരില്‍ ഷാനി മോള്‍; എറണാകുളത്ത് ടിജെ വിനോദ്, കോന്നിയില്‍ മോഹന്‍രാജ്, വട്ടിയൂര്‍ക്കാവില്‍ മോഹന്‍കുമാര്‍

കൊച്ചി: അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാര്‍ഥിഥികളുടെ പട്ടികയായി. വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാര്‍, കോന്നിയില്‍  മോഹന്‍രാജ്, അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍, എറണാകുളത്ത് ടിജെ വിനോദ് എന്നിവര്‍ സ്ഥാനാര്‍ത്ഥികളാവും. മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കമറുദ്ദീനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇന്നലെയാണ് കെപിസിസി സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക എഐസിസിക്ക് നല്‍കിയത്. അവസാനഘട്ടം വരെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി തര്‍ക്കം തുടര്‍ന്നെങ്കിലും മുതിര്‍ന്ന നേതാക്കളുടെ അനുനയനീക്കത്തെ തുടര്‍ന്നാണ് അന്തിമപട്ടികയ്ക്ക് അംഗീകാരമായത്. വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറുപ്പിനെ മാറ്റിയാണ് കെ മോഹന്‍കുമാര്‍ പട്ടികയില്‍ ഇടം നേടിയത്. കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ എതിര്‍പ്പ് തള്ളിയാണ് അവസാനനിമിഷം ടി മോഹന്‍രാജ് സ്ഥാനാര്‍ത്ഥിയായത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ അരൂര്‍ മണ്ഡലത്തില്‍ നേടിയ മികച്ച ഭൂരിപക്ഷമാണ് ഷാനിമോള്‍ക്ക് തുണയായത്. എറണാകുളത്ത് കെവി തോമസിനെ വെട്ടിയാണ് വിനോദ് അന്തിമപട്ടികയില്‍ ഇടം പിടിച്ചത്. 

എല്‍ഡിഎഫ് നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് വട്ടിയൂര്‍ക്കാവിലും ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി.പുളിക്കല്‍ അരൂരും മറ്റൊരു വൈസ് പ്രസിഡന്റ് കെ.യു. ജനീഷ്‌കുമാര്‍ കോന്നിയിലും മത്സരിക്കും. സിപിഎം കാസര്‍കോട് ജില്ലാ കമ്മറ്റി അംഗം എം.ശങ്കര്‍റൈ ആണ് മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥി. എറണാകുളത്ത് ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. മനു റോയ് ആണ് മല്‍സരിക്കുക.സ്ഥാനാര്‍ഥികളെല്ലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളാണ്.

ബിജെപി സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിച്ചേക്കും. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനും കോന്നിയില്‍ കെ സുരേന്ദ്രനും സ്ഥാനാര്‍ത്ഥികളാവും. അരൂരില്‍ ബിഡിജെഎസ് മത്സരിക്കാത്ത സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാകും മത്സരരംഗത്തുണ്ടാവുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com