യുവതിയുടെ വീട്ടില്‍ പൊലീസിന്റെ അഴിഞ്ഞാട്ടം, വസ്ത്രം അഴിപ്പിച്ചും പരിശോധന; പരാതി

പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെ  ജൂനിയര്‍ അസിസ്റ്റന്റാണ് പരാതിക്കാരി
യുവതിയുടെ വീട്ടില്‍ പൊലീസിന്റെ അഴിഞ്ഞാട്ടം, വസ്ത്രം അഴിപ്പിച്ചും പരിശോധന; പരാതി

പത്തനംതിട്ട: കെഎസ്ആര്‍ടിസി  ജീവനക്കാരിയുടെ  വീട്ടില്‍ ആളുമാറി  പൊലീസിന്റെ  അതിക്രമം.  വസ്ത്രം അഴിപ്പിച്ചു  പരിശോധിച്ചതായും  വീട്ടിലെ  മെത്തയും തലയണയും ബ്ലേഡ് ഉപയോഗിച്ച് കീറുകയും മുഴുവന്‍ വീട്ടു സാധനങ്ങളും വലിച്ചു വാരി  തറയില്‍ ഇടുകയും ചെയ്തതായാണ് പരാതി. പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെ  ജൂനിയര്‍ അസിസ്റ്റന്റാണ് പരാതിക്കാരി.. വീടിന്റെ പണി നടക്കുന്നതിനാല്‍  പന്തളം മെഡിക്കല്‍ മിഷന് സമീപം വാടക വീട്ടിലാണ് താമസം.  ചികിത്സാര്‍ഥം അടൂര്‍ ജനറല്‍ ആശുപ്രിയില്‍ പോയി 23ന് ഉച്ചയ്ക്ക്  2ന് വീട്ടില്‍ എത്തി വിശ്രമിക്കുമ്പോള്‍   ഒരു വനിതാ പൊലീസ് ഉള്‍പ്പെടെ 3 പൊലീസുകാര്‍  വീട്ടില്‍ എത്തുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. 

മുറ്റത്തു സംസാരിച്ചു നിന്ന സഹോദരീ പുത്രന്‍ അജീഷ്, സുഹൃത്ത് ജോബിന്‍ എന്നിവരുമായി  പൊലീസ് എന്തോ പറഞ്ഞ്  ഉടക്കി.  പെട്ടെന്ന് അസഭ്യം പറഞ്ഞ് പൊലീസ് വീടിനുള്ളിലേക്ക്  ചാടിക്കയറി. നാലും എട്ടും  വയസ്സുള്ള തന്റെ മക്കളുടെ മുന്‍പില്‍ വച്ച്  അസഭ്യം പറഞ്ഞു. വീട്  റെയ്ഡ് ചെയ്യുകയാണെന്നു പറഞ്ഞു.  ബ്ലേഡ് ഉപയോഗിച്ച്  മെത്തയും തലയണയും കീറി പരിശോധിച്ചു.  മുഴുവന്‍ വീട്ടുസാധനങ്ങളും വലിച്ചുവാരിയിട്ടു. അതിനു ശേഷം വനിതാ പൊലീസ് മുടിക്കു കുത്തിപ്പിടിച്ച്  വലിച്ചിഴച്ച് വസ്ത്രം ഊരി ശരീരം പരിശോധിച്ചു. ഇതു കണ്ട് കുഞ്ഞുങ്ങള്‍ അലറിക്കരഞ്ഞു. തുടര്‍ന്ന് വലിച്ചിഴച്ച്  പൊലീസ് ജീപ്പില്‍ കയറ്റാന്‍ തുടങ്ങി.

  കുഞ്ഞുങ്ങളുമായി  ഒപ്പം എത്താമെന്ന് അപേക്ഷിച്ചു. സഹോദരീപുത്രനെയും സുഹൃത്തിനെയും  ജീപ്പില്‍ കയറ്റി സ്‌റ്റേഷനില്‍  കൊണ്ടുപോയി.ക്രൂരമായി മര്‍ദിച്ചു. പിന്നീടു വിട്ടയച്ചു.  താന്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചു. വിളിക്കുമ്പോള്‍ എത്തിയാല്‍ തിരികെ തരുമെന്നറിയിച്ചു പറഞ്ഞു വിട്ടു.  24ന് വൈകിട്ട് 5ന് എത്തി ഫോണ്‍ ആവശ്യപ്പെട്ടു.  തങ്ങള്‍ക്ക് അബദ്ധം പറ്റിയതാണെന്നും പുറത്തു പറയരുതെന്നും പൊലീസ്  ആവശ്യപ്പെട്ടു.

സംഭവം പുറത്തു പറഞ്ഞാല്‍ തന്റെ ജോലി തെറിപ്പിക്കുമെന്നും കഞ്ചാവ് കേസില്‍ അകത്താക്കുമെന്നും  ഭീഷണിപ്പെടുത്തിയതായി  ജീവനക്കാരി   മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ പറയുന്നു. കെഎസ്ആര്‍ടിസി ജീവനക്കാരും  പൊലീസിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ജനമൈത്രി പൊലീസ് ബീറ്റിനു പോയപ്പോള്‍  വീടിനു മുറ്റത്തിരുന്ന് 2  പേര്‍ പുക വലിക്കുന്നതു കണ്ടെന്നും കഞ്ചാവാണെന്നു സംശയം  തോന്നിയതിനാലാണ് വീട്ടില്‍ പരിശോധന നടത്തിയതെന്നും  പന്തളം സിഐ   പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com