'സിക്‌സറടിക്കാന്‍ വന്നതാ; യുഡിഎഫിന്റെ മെക്കയില്‍ ഡക്കായി'; ട്രോളുമായി മണിയാശാന്‍

സിക്‌സര്‍ അടിക്കാന്‍ വന്നതാ. യുഡിഎഫിന്റെ മെക്കയില്‍ ഡക്കായി
'സിക്‌സറടിക്കാന്‍ വന്നതാ; യുഡിഎഫിന്റെ മെക്കയില്‍ ഡക്കായി'; ട്രോളുമായി മണിയാശാന്‍

കൊച്ചി: പാലായില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ പരാജയത്തിന് പിന്നാലെ യുഡിഎഫിനെ വിമര്‍ശിച്ച് വൈദ്യുതി മന്ത്രി എംഎം മണി. സിക്‌സര്‍ അടിക്കാന്‍ വന്നതാ. യുഡിഎഫിന്റെ മെക്കയില്‍ ഡക്കായി എന്നായിരുന്നു മണിയാശാന്റെ സോഷ്യല്‍ മീഡിയയിലെ പരിഹാസം

പാലാ ഉള്‍പ്പെടെ ആറു മണ്ഡലങ്ങളിലും യുഡിഎഫ് സിക്‌സര്‍ അടിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഉപതെരഞ്ഞെടുപ്പുകള്‍ സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്താകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍ പാലായുടെ മണ്ഡലത്തില്‍ ചരിത്രത്തിലാദ്യമായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുന്നത്. 

2943 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ ജോസ് ടോമിനെ അട്ടിമറിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ വിജയിച്ചിരിക്കുന്നത്. 54137 വോട്ടുകള്‍ മാണി സി കാപ്പന്‍ നേടിയപ്പോള്‍ 51194 വോട്ടുകളെ ജോസ് ടോമിന് നേടാനായുള്ളൂ. ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരിക്ക് 18044 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബിജെപിക്ക് ഇവിടെ 2016ല്‍ 24821 വോട്ടുകളും ലോക്‌സഭയില്‍ 26533 വോട്ടുകളും ലഭിച്ചിരുന്നു.

കെഎം മാണിയുടെ മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും ജോസ് ടോമിന് മുന്നിലെത്താന്‍ സാധിക്കാത്തത് കേരള കോണ്‍ഗ്രസിനും യുഡിഎഫിനും കനത്ത നാണക്കേടുണ്ടാക്കി. അപ്രതീക്ഷിതമായിരുന്നു മാണി സി കാപ്പന്റെ മുന്നേറ്റം. പാലായില്‍ മൂന്ന് തവണ കെഎം മാണിയോട് ഏറ്റുമുട്ടിയിട്ടുള്ള മാണി സി കാപ്പന് ഓരോ തവണയും ഭൂരിപക്ഷം കുറച്ച് കൊണ്ട് വരാന്‍ സാധിച്ചിരുന്നു. ഇത്തവണ അദ്ദേഹം മണ്ഡലം പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസിലെ തമ്മിലടിയും മണ്ഡലത്തിലെ ജനങ്ങളുമായുള്ള നീണ്ടകാലത്തെ ബന്ധവും കാപ്പനെ തുണച്ചു. എല്‍ഡിഎഫിന്റെ ചിട്ടയായ പ്രവര്‍ത്തനവും സഹായകരമായി.

മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പാലായില്‍ നേടിയ 33472 എന്ന ഭൂരിപക്ഷത്തെ മറികടന്നാണ് കാപ്പന്‍ വലിയൊരു അട്ടിമറി സൃഷ്ടിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com