സിക്സറടിക്കുമെന്ന് പറ‍ഞ്ഞവർക്ക് ആദ്യ വിക്കറ്റ് പോയി ; മുല്ലപ്പള്ളിയെ ട്രോളി കാനം

പോയത് മോശം വിക്കറ്റല്ല. 54 കൊല്ലം കയ്യിലിരുന്ന പാലയാണ്. വിജയം ഇടതുപക്ഷത്തിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ്
സിക്സറടിക്കുമെന്ന് പറ‍ഞ്ഞവർക്ക് ആദ്യ വിക്കറ്റ് പോയി ; മുല്ലപ്പള്ളിയെ ട്രോളി കാനം

തിരുവനന്തപുരം : സിക്സറടിക്കുമെന്ന് പറ‍ഞ്ഞവർക്ക് ആദ്യ വിക്കറ്റ് പോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരിഹാസം. പാലായിൽ ഇടതു സ്ഥാനാർത്ഥി മാണി സി കാപ്പന്റെ വിജയത്തിൽ പ്രതികരിക്കുകയായിരുന്നു കാനം. പോയത് മോശം വിക്കറ്റല്ല. 54 കൊല്ലം കയ്യിലിരുന്ന പാലയാണ്. വിജയം ഇടതുപക്ഷത്തിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ്. സർക്കാർ നേട്ടങ്ങൾ മാത്രമാണ് ഇടതുമുന്നണി പ്രചരിപ്പിച്ചതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സിക്സറടിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു.

പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർത്ഥി മാണി സി കാപ്പന്റെ അട്ടിമറി വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മന്ത്രി എം എം മണിയും രം​ഗത്തെത്തി. എൽഡിഎഫ് ആണ് ശരി. ജനഹൃദയങ്ങളിൽ നിന്ന് പിന്തുണ ഉറപ്പിച്ച് ഇടതുപക്ഷ സർക്കാർ മുന്നോട്ട്. മാണി സി കാപ്പനെ വിജയിപ്പിച്ച എല്ലാവർക്കും നന്ദിയെന്ന് മണി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

പാലായിൽ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ ടോം ജോസിനെ അട്ടിമറിച്ചാണ് മാണി സി.കാപ്പന്‍ വിജയിച്ചത്. 54137 വോട്ടുകള്‍ മാണി സി കാപ്പന്‍ നേടിയപ്പോള്‍ 51194 വോട്ടുകളെ ടോം ജോസിന് നേടാനായുള്ളൂ. ബിജെപി സ്ഥാനാര്‍ഥി എന്‍.ഹരിക്ക് 18044 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

യുഡിഎഫിന്റെ എല്ലാ ശക്തികേന്ദ്രങ്ങളേയും നിഷ്പ്രഭമാക്കിയാണ് വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും കാപ്പന്‍ മുന്നേറിയത്.1965മുതല്‍ അഞ്ചു പതിറ്റാണ്ട് കെഎം മാണിയിലൂടെ യുഡിഎഫിനൊപ്പം നടന്ന പാലാ മണ്ഡലത്തെയാണ് മാണി സി കാപ്പൻ ഇടതുപക്ഷത്തേക്ക് അടുപ്പിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com