കുമ്മനവും കെ സുരേന്ദ്രനും മല്‍സരരംഗത്തേക്ക് ? ആര്‍എസ്എസിന്റെ പച്ചക്കൊടി

ബിജെപി മല്‍സരിക്കുന്ന നാലുമണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടികയാണ് കൈമാറിയിട്ടുള്ളത്
കുമ്മനവും കെ സുരേന്ദ്രനും മല്‍സരരംഗത്തേക്ക് ? ആര്‍എസ്എസിന്റെ പച്ചക്കൊടി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനും കോന്നിയില്‍ ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയേറി. ഇരുവരുടെയും സ്ഥാനാര്‍ത്ഥിത്വത്തിന് ആര്‍എസ്എസ് പച്ചക്കൊടി കാട്ടി. മത്സരിക്കാനില്ലെന്നുപറഞ്ഞ് മാറിനില്‍ക്കുകയായിരുന്നു രണ്ടുപേരും. ഇവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി സംസ്ഥാന ഘടകം പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് കൈമാറി. 

ബിജെപി മല്‍സരിക്കുന്ന നാലുമണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടികയാണ് കൈമാറിയിട്ടുള്ളത്. അരൂരില്‍ ബിഡിജെഎസ് മത്സരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ആ സീറ്റ് ഏറ്റെടുക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. കുമ്മനത്തെ വീണ്ടും മല്‍സരിപ്പിക്കാന്‍ ആര്‍എസ്എസ് വീണ്ടും താല്‍പ്പര്യം കാണിക്കാതിരുന്നതാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്വത്തിലായത്. 

വട്ടിയൂര്‍ക്കാവിലേക്ക് തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെ ഇടതുമുന്നണി സ്ഥാനാര്‍ഥിയാക്കിയതും മുന്‍ എം എല്‍ എ കെ മോഹന്‍കുമാറിനെ പരിഗണിക്കാന്‍ യുഡിഎഫ് തീരുമാനിക്കുകയും ചെയ്തതോടെ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന നിലപാട് ബിജെപിയും സ്വീകരിച്ചു. ഇതോടെയാണ് കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ആര്‍എസ്എസ് പച്ചക്കൊടി കാട്ടിയത്. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ മികച്ച മുന്നേറ്റമാണ് കോന്നിയില്‍ കെ സുരേന്ദ്രനെ തുടക്കത്തില്‍ത്തന്നെ പരിഗണിക്കാനുള്ള കാരണം. എന്നാല്‍, പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവി പ്രതീക്ഷിക്കുന്ന സുരേന്ദ്രന്‍ മത്സരിക്കാന്‍ ഒട്ടും സന്നദ്ധനായില്ല. മറ്റൊരു ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെയാണ് അടുത്തതായി പാര്‍ട്ടി പരിഗണിച്ചിരുന്നത്. ഈ മാസം 30 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഈ സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com