പാലായിലേത് പിണറായി വിജയന്റെ വിജയം, അതു സമ്മതിക്കാന്‍ എന്തിനാണ് മടി?: വെള്ളാപ്പള്ളി നടേശന്‍

ആ പയ്യനെക്കൊണ്ട് ഇതു കൊണ്ടുനടക്കാന്‍ പറ്റില്ലെന്ന് ജോസ് കെ മാണിയെക്കുറിച്ച് പലരും പറഞ്ഞു
ടെലിവിഷന്‍ ചിത്രം
ടെലിവിഷന്‍ ചിത്രം

ചേര്‍ത്തല: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിക്കുണ്ടായ വിജയം മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തെരഞ്ഞെടുപ്പു ഫലം സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആണെന്നു പറഞ്ഞവര്‍ ഇനിയെങ്കിലും അത് അംഗീകരിക്കണമെന്ന് വെള്ളാപ്പള്ളി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. 

വിലയുള്ള, അംഗീകാരമുള്ള ഭരണമാണ് സംസ്ഥാനത്ത് ഇന്നു നടക്കുന്നത്. അതാണ് പാല തെരഞ്ഞെടുപ്പിലൂടെ തെളിഞ്ഞത്. അത് അംഗീകരിക്കാന്‍ ഇനിയെങ്കിലും തയാറാവണം. തെരഞ്ഞെടുപ്പു സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലെന്നു പലരും പറഞ്ഞിരുന്നുവെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

പാലായില്‍ മാണി സി കാപ്പന്‍ ജയിച്ചുകാണാന്‍ എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ക്കു മാത്രമല്ല, പാലാ ബിഷപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്കു താത്പര്യം ഉണ്ടായിരുന്നു. ഒറ്റയ്ക്കു ഗോളടിക്കാന്‍ ഞങ്ങളില്ല, പാലായിലേത് ജനങ്ങള്‍ എല്ലാവരും താത്പര്യപ്പെട്ട് ഉണ്ടായ വിജയമാണ്. 

മാണി സാറിനു ശേഷം കേരള കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രാപ്തരായ ആളില്ലാതായി. ആ പയ്യനെക്കൊണ്ട് ഇതു കൊണ്ടുനടക്കാന്‍ പറ്റില്ലെന്ന് ജോസ് കെ മാണിയെക്കുറിച്ച് പലരും പറഞ്ഞു. അഹങ്കാരത്തിന് കൈയും കാലും വച്ചു തമ്മില്‍ തല്ല് ആയിരുന്നു അവിടെ. തെരഞ്ഞെടുപ്പു ദിവസം പോലും പരസ്പരം ചെളിവാരി എറിയുകയായിരുന്നു. ജനങ്ങള്‍ മണ്ടന്മാരെന്നു കരുതരുത്- വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

അരൂരില്‍ ആര്‍ക്കാണ് വിജയം എന്നു പറയാറായിട്ടില്ല. പ്രവചനം നടത്തി തെറ്റിയാല്‍ ചോര കുടിക്കാന്‍ വരും ആളുകള്‍. മഹാഭൂരിപക്ഷം ഹിന്ദുക്കളുള്ള മണ്ഡലമാണ് അരൂര്‍. അവിടെ ആ സമുദായത്തില്‍നിന്ന് ഒരാള്‍ സ്ഥാനാര്‍ഥിയാവണം എന്ന നിലപാടില്‍ മാറ്റമില്ല. അത് ആരും പാലിച്ചുകണ്ടില്ല. ഇനി തമ്മില്‍ ഭേദം തൊമ്മന്‍ എന്നു നോക്കും.

സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന സമുദായ നേതാക്കള്‍ അല്ല എന്ന ഷാനിമോള്‍ ഉസ്മാന്റെ വാക്കുകള്‍ ശരിയാണ്. സമുദായ നേതാക്കള്‍ അല്ല സ്ഥാനാര്‍ഥികളെ നിശ്ചയിക്കേണ്ടത്. എന്നാല്‍ ഇതു പറയുന്ന ഷാനിമോളെ സ്ഥാനാര്‍ഥിയാക്കിയത് കാന്തപുരം ആണെന്നാണ് കേള്‍ക്കുന്നത്. തനിക്ക് അതിന്റെ സത്യാവസ്ഥ അറിയില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഷാനിമോള്‍ ഉസ്മാനോട് കഴിഞ്ഞ തവണയുണ്ടായ സഹതാപം എപ്പോഴും ഉണ്ടാവണമെന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.  

അരൂരില്‍ ബിഡിജെഎസ് പിന്‍മാറിയത് ആര്‍ക്കാണ് ഗുണം ചെയ്യുകയെന്നു പറയാറായിട്ടില്ല. പാലായില്‍ വോട്ടു കുറഞ്ഞതിനെക്കുറിച്ച് ആദ്യം ബിജെപി പറയട്ടെ, അതിനു ശേഷം ബിഡിജെഎസ് വിശദീകരണം നല്‍കാം.

അഖിലേന്ത്യാ തലത്തില്‍ ബിജെപിയെപ്പറ്റി അഭിപ്രായ വ്യത്യാസമില്ല. ബിജെപിക്കാര്‍ കൊള്ളില്ലാത്തവരാണെന്നു പറയാനുള്ള മണ്ടത്തരമില്ല. ഇവിടത്തെ നേതാക്കള്‍ക്ക് ഇതു കൊണ്ടുനടക്കാനുള്ള കഴിവില്ല. ഇവിടെ അവര്‍ക്കിടയില്‍ തന്നെ ഐക്യമില്ലെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com