മരട്: ഒഴിപ്പിക്കല്‍ നടപടികള്‍ നാളെമുതല്‍, പൊളിക്കുന്നത് സ്‌ഫോടനത്തിലൂടെ

തീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ നാല് ഫ്‌ലാറ്റുകളില്‍ നിന്ന് താമസക്കാരെ നാളെ മുതല്‍ ഒഴിപ്പിക്കും
മരട്: ഒഴിപ്പിക്കല്‍ നടപടികള്‍ നാളെമുതല്‍, പൊളിക്കുന്നത് സ്‌ഫോടനത്തിലൂടെ

കൊച്ചി: തീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ നാല് ഫ്‌ലാറ്റുകളില്‍ നിന്ന് താമസക്കാരെ നാളെ മുതല്‍ ഒഴിപ്പിക്കും. അടുത്തമാസം നാലുവരെയാണ് ഒഴിപ്പിക്കല്‍ നടപടി. 90 ദിവസത്തിനുള്ളില്‍ ഫ്‌ലാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ്് നടപടി. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ലാറ്റുകള്‍ പൊളിക്കാനാണ് തീരുമാനം. നാളെ ഫ്‌ലാറ്റ് ഉടമകളോട് ഇക്കാര്യം സംസാരിക്കുമെന്ന് നഗരസഭ സെക്രട്ടരി വ്യക്തമാക്കി. 

നഷ്ടപരിഹാരം നല്‍കാനുള്ള ഫ്‌ലാറ്റ് ഉടമകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നാളെമുതല്‍ ശേഖരിക്കും. ഒഴിയാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും നഗരസഭ നല്‍കും. ചില ഫ്‌ലാറ്റ് ഉടമകള്‍ സാധനങ്ങള്‍ മാറ്റിത്തുടങ്ങിയിട്ടുണ്ട്. ഫ്‌ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനായി സുപ്രീം കോടതി മൂന്നംഗ സമിതിയെനിയോഗിച്ചിട്ടുണ്ട്. ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലാണ് സമിതി. ഫ്‌ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം ഈ സമിതി ഉറപ്പാക്കണമെന്നും നല്‍കേണ്ട മുഴുവന്‍ തുക സംബന്ധിച്ച പരിശോധനയും സമിതി നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

ഫ്‌ലാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്ത് സുപ്രീംകോടതി കണ്ടുകെട്ടി. നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ കോടതി മരവിപ്പിച്ചു. ആല്‍ഫയുടെ ഡയറക്ടര്‍ പോള്‍ രാജ്, ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സിന്റെ മാനേജിങ് ഡയറക്ടര്‍ സണ്ണി ഫ്രാന്‍സിസ്, ജയിന്‍ ഹൗസിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സന്ദീപ് മാലിക്, കെപി വര്‍ക്കി ആന്റ് ബില്‍ഡേഴ്‌സിന്റെ മാനേജിനങ് ഡയറക്ടര്‍ കെവി ജോസ് എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇത് ചൂണ്ടിക്കാട്ടി ഇവര്‍ക്ക് കോടതി നോട്ടീസയച്ചു.

ഫ്‌ലാറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം നല്‍കണമെന്ന് കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നായിരുന്നു ഉത്തരവ്. സ്വന്തം ഫണ്ടില്‍ നിന്ന് നല്‍കിയതിന് ശേഷം പിന്നീട് ബില്‍ഡര്‍മാരില്‍ നിന്ന് തുക തിരിച്ചുപിടിക്കണം എന്നായിരുന്നു കോടതി നിര്‍ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com