മരട്: ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ യന്ത്രസഹായം, സമീപത്തുള്ളവരെ ഒഴിപ്പിക്കേണ്ട

ഫ്‌ലാറ്റ് പൊളിക്കാന്‍ കമ്പനികള്‍ക്ക് കരാര്‍ നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒക്ടോബര്‍ ഒന്‍പതിന് മുന്‍പ് തീരുമാനമെടുക്കും.
മരട്: ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ യന്ത്രസഹായം, സമീപത്തുള്ളവരെ ഒഴിപ്പിക്കേണ്ട

കൊച്ചി: മരടില്‍ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ യന്ത്രസഹായം തേടി സര്‍ക്കാര്‍. യന്ത്ര സഹായത്തോടെയുള്ള മെക്കാനിക്കല്‍ രീതിയായിരിക്കും സര്‍ക്കാര്‍ പരിഗണിക്കുക. സ്‌ഫോടനത്തിലൂടെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണിത്. മെക്കാനിക്കല്‍ രീതി കൂടുതല്‍ സുരക്ഷിതമാണെന്നും സമീപ പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടാവില്ലെന്നും മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് പറഞ്ഞു.

ഫ്‌ലാറ്റ് പൊളിക്കുന്നതിന് 15 കമ്പനികളാണ് താല്‍പര്യമറിയിച്ചത്. ഇതില്‍ 10 കമ്പനികളുടെ പ്രതിനിധികളുമായി നഗരസഭാ സെക്രട്ടറി കൂടിക്കാഴ്ച നടത്തി. ആറ് കമ്പനികള്‍ ഫിനാന്‍ഷ്യല്‍ ബിഡ് സമര്‍പ്പിച്ചിട്ടുണ്ട്. മൂന്ന് കമ്പനികള്‍ യോഗ്യതയുള്ളവരാണെന്നാണ് നഗരസഭയുടെ പ്രാഥമിക വിലയിരുത്തല്‍. 

ഫ്‌ലാറ്റ് പൊളിക്കാന്‍ കമ്പനികള്‍ക്ക് കരാര്‍ നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒക്ടോബര്‍ ഒന്‍പതിന് മുന്‍പ് തീരുമാനമെടുക്കും. ഈ മാസം 11ന് ഫ്‌ലാറ്റുകള്‍ പൊളിച്ചു തുടങ്ങുമെന്ന് സ്‌നേഹില്‍കുമാര്‍ സിങ് പറഞ്ഞു.

നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നിബന്ധനകളോടെ ഫ്‌ലാറ്റ് ഒഴിയാന്‍ തയാറാണെന്ന നിലപാടിലാണ് ഇപ്പോള്‍ ഫ്‌ലാറ്റുടമകള്‍.  ഫ്‌ലാറ്റുകള്‍ ഒഴിയുന്നതിനു മുന്‍പ് താല്‍ക്കാലിക നഷ്ടപരിഹാരമായ 25 ലക്ഷം രൂപ നല്‍കുക, പൂര്‍ണ നഷ്ടപരിഹാരം ലഭിക്കുന്നതു വരെ ഇപ്പോഴത്തേതിനു തുല്യമായ സൗകര്യങ്ങളോടെയുള്ള താമസസ്ഥലം നല്‍കുക, ഫ്‌ലാറ്റുകള്‍ ഒഴിയുന്നതു വരെ വൈദ്യുതി, വെള്ളം കണക്ഷനുകള്‍ പുനസ്ഥാപിക്കുക എന്നീ നിബന്ധനകളാണ് ഫ്‌ലാറ്റുടമകള്‍ മുന്നോട്ട് വയ്ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com