റോഡുകള്‍ അടുത്ത 31 നകം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണം, അല്ലെങ്കില്‍ സസ്‌പെന്‍ഷന്‍ ; മന്ത്രിയുടെ മുന്നറിയിപ്പ്

റോഡ് അറ്റകുറ്റപ്പണിക്കായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഒന്നിച്ചിറങ്ങണമെന്നും മന്ത്രി നിര്‍ദേശിച്ചു
റോഡുകള്‍ അടുത്ത 31 നകം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണം, അല്ലെങ്കില്‍ സസ്‌പെന്‍ഷന്‍ ; മന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ തകര്‍ന്ന റോഡുകള്‍ ഒക്ടോബര്‍ 31 നകം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ മുന്നറിയിപ്പ്. അല്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യും. റോഡ് അറ്റകുറ്റപ്പണിക്കായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഒന്നിച്ചിറങ്ങണമെന്നും മന്ത്രി നിര്‍ദേശിച്ചു. 

സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പിനുമെതിരെ കോടതി രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. വാഹനം ഓടിക്കാന്‍ പോലും യോഗ്യമല്ല കൊച്ചിയിലെ പ്രധാന റോഡുകളെന്നും കോടതി അഭിപ്രായപ്പെട്ടു. 

കലൂര്‍-കടവന്ത്ര റോഡ്, വെറ്റില-കുണ്ടന്നൂര്‍ റോഡ്, തമ്മനം -പുല്ലേപ്പടി റോഡ് തുടങ്ങിയ റോഡുകളുടെ പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം. റോഡുകളുടെ ശോച്യാവസ്ഥയെത്തുടര്‍ന്ന് വൈറ്റിലയിലും, കുണ്ടന്നൂരും വന്‍ ഗതാഗതക്കുരുക്കും പതിവാണ്. തുടര്‍ന്ന് മന്ത്രി സുധാകരന്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. 

റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ജനങ്ങള്‍ ടാക്‌സ് അടക്കുന്ന പൈസയില്‍ നിന്നാണ് എനിക്കും നിങ്ങള്‍ക്കും ശമ്പളം തരുന്നത്. റോഡ് മോശമായതിനെ തുടര്‍ന്ന് പൊതുജനത്തിന് ഉണ്ടാകുന്ന നഷ്ടം ശമ്പളത്തില്‍ നിന്ന് ഈടാക്കുമെന്നും കളക്ടര്‍ പറഞ്ഞു. കൊച്ചിയിലെ ഏറ്റവും മോശമായ 45 രോഡുകള്‍ നന്നാക്കാനാണ് കളക്ടര്‍ നിര്‍ദേശിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com