വട്ടിയൂര്‍ക്കാവില്‍ കുമ്മനം വേണ്ടെന്ന് ഒരു വിഭാഗം നേതാക്കള്‍; പ്രചാരണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം 

ജില്ലാ ഘടകമാണ് കുമ്മനത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ രംഗത്തെത്തിയിരിക്കുന്നത്
വട്ടിയൂര്‍ക്കാവില്‍ കുമ്മനം വേണ്ടെന്ന് ഒരു വിഭാഗം നേതാക്കള്‍; പ്രചാരണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം 

തിരുവനന്തപുരം; ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവുന്നതിന് എതിരേ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്. നാളെ മുതല്‍ കുമ്മനം പ്രചരണത്തിനിറങ്ങുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാകുന്നത്. ജില്ലാ ഘടകമാണ് കുമ്മനത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. തുടര്‍ന്ന് കുമ്മനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഘടകത്തിനു സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നാണു വിവരം.

വട്ടിയൂര്‍ക്കാവില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാകുമെന്നു മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാലാണു പ്രഖ്യാപിച്ചത്. മത്സരിക്കാന്‍ കുമ്മനം സമ്മതം അറിയിച്ചതായും സംസ്ഥാനത്തിനു പുറത്തുള്ള കുമ്മനം ഞായറാഴ്ച രാവിലെ വട്ടിയൂര്‍ക്കാവിലെത്തി പ്രചാരണം തുടങ്ങുമെന്നും രാജഗോപാല്‍ അറിയിച്ചിരുന്നു. പ്രചാരണത്തിന് തുടക്കം കുറിച്ച് മണ്ഡലത്തില്‍ നടത്തിയ ഗൃഹസന്ദര്‍ശനത്തിലാണ് രാജഗോപാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. 

കുമ്മനത്തെ മത്സരിപ്പിക്കാന്‍ ആര്‍എസ്എസ്സാണ് സമ്മര്‍ദ്ദം ചെലുത്തുന്നത്. എന്നാല്‍ ഇത് ഒരു വിഭാഗം ബിജെപി നേതാക്കള്‍ അംഗീകരിച്ചിട്ടില്ല. 2016 നിയമസഭാ തെരഞ്ഞെടുപ്പിലും കുമ്മനം വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചിരുന്നു. അന്ന് 7622 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ കെ. മുരളീധരന്‍ കുമ്മനത്തെ പരാജയപ്പെടുത്തി. 32 ശതമാനം വോട്ടാണ് അന്നു കുമ്മനത്തിനു ലഭിച്ചത്. സിപിഎം സ്ഥാനാര്‍ഥി ടി.എന്‍. സീമ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

ഏറ്റവും കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്താണ് സിപിഎമ്മിന് വേണ്ടി മത്സരിക്കുന്നത്. മോഹന്‍കുമാറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com