ഡ്രൈവറുടെ ജോലിയെന്തെന്ന് ചോദിച്ചു; ശിക്ഷ വണ്ടി കഴുകല്‍, അഗ്നിരക്ഷാ സേനാംഗം ആശുപത്രിയില്‍

അഗ്‌നിരക്ഷാ സേനയിലെ ഡ്രൈവറുടെ ജോലി എന്തെന്നു വിവരാവകാശ നിയമം വഴി ചോദിച്ച ഫയര്‍മാന്‍ ഡ്രൈവറെക്കൊണ്ടു ജില്ലാ ഓഫിസര്‍ വാഹനം കഴുകിച്ചു
ഡ്രൈവറുടെ ജോലിയെന്തെന്ന് ചോദിച്ചു; ശിക്ഷ വണ്ടി കഴുകല്‍, അഗ്നിരക്ഷാ സേനാംഗം ആശുപത്രിയില്‍

പാലക്കാട്: അഗ്‌നിരക്ഷാ സേനയിലെ ഡ്രൈവറുടെ ജോലി എന്തെന്നു വിവരാവകാശ നിയമം വഴി ചോദിച്ച ഫയര്‍മാന്‍ ഡ്രൈവറെക്കൊണ്ടു ജില്ലാ ഓഫിസര്‍ വാഹനം കഴുകിച്ചു. വാഹനത്തിനു മുകളില്‍ നിന്നു തളര്‍ന്നു വീണ ഡ്രൈവറെ ഇടുപ്പിനേറ്റ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മണ്ണാര്‍ക്കാട് ഫയര്‍സ്‌റ്റേഷനിലെ ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ മനോജിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെയാണ് സംഭവം. സ്‌റ്റേഷനില്‍ കഴിഞ്ഞ ഞായറാഴ്ച ഫയര്‍ സര്‍വീസ് അസോസിയേഷന്‍ അംഗങ്ങളും മനോജ് ഉള്‍പ്പെടുന്ന ഫയര്‍മാന്‍ ഡ്രൈവേഴ്‌സ് ആന്‍ഡ് മെക്കാനിക് അസോസിയേഷന്‍ അംഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് മനോജ് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചു സ്‌റ്റേഷന്‍ ഓഫിസര്‍ ജില്ലാ ഓഫിസര്‍ക്കു പരാതി നല്‍കി. ഇതിന് പിന്നാലെ, വാഹനങ്ങളുടെ അറ്റകുറ്റപ്പണി, വിവിധ തസ്തികകളിലുള്ളവരുടെ ജോലി എന്നിവ സംബന്ധിച്ചു മനോജ് വിവരാവകാശ നിയമം വഴി ചോദ്യമുന്നയിച്ചു.

മനോജിനെതിരായ പരാതി അന്വേഷിക്കാനെത്തിയ ജില്ലാ ഓഫിസര്‍ അരുണ്‍ ഭാസ്‌കര്‍ അദ്ദേഹത്തെക്കൊണ്ട് ഒറ്റയ്ക്ക് വാഹനം കഴുകിച്ചുവെന്നാണ് ആരോപണം. സ്‌റ്റേഷന്‍ ഓഫിസര്‍ നല്‍കിയ പരാതി അന്വേഷിക്കാനെത്തിയ ജില്ലാ ഓഫിസര്‍ ബോധപൂര്‍വം പീഡിപ്പിക്കുകയായിരുന്നുവെന്നു മനോജ് പറഞ്ഞു. വാഹനം കഴുകുന്നതുള്‍പ്പെടെയുള്ള ജോലികള്‍ സ്‌റ്റേഷനിലുള്ളവര്‍ ഒരുമിച്ചാണ് ചെയ്യാറുള്ളതെന്നും പറഞ്ഞു.

അതേസമയം, സ്‌റ്റേഷന്‍ ഓഫിസറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതി അന്വേഷിക്കാനെത്തിയപ്പോള്‍ മൊഴി നല്‍കാതെ വാഹനത്തിനു മുകളില്‍ ചാടിക്കയറി മയങ്ങി വീഴുകയായിരുന്നുവെന്നും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെന്നുമാണു ജില്ലാ ഓഫിസര്‍ അരുണ്‍ ഭാസ്‌കറിന്റെ വിശദീകരണം.

മനോജിനെതിരായി പൊതുസംഘടനയിലെ അംഗങ്ങളും ഓഫിസര്‍മാരും നടത്തുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കുന്നതിനു നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ പി രമ്യ മണ്ണാര്‍ക്കാട് സിഐയ്ക്ക് പരാതി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com