'നമ്മുടെ സഖാവിന് ഗുരുവായൂരപ്പന്‍ നല്‍കിയത് എന്താ ന്ന് ഉണ്ണിക്ക് അറിയോ?' ; സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുറിപ്പ് വൈറല്‍ 

ജനങ്ങളോടുള്ള ഭക്തിയാണ് ഭഗവാനോടുള്ള ശരിയായ ഭക്തിയെന്ന് സ്വാമി സന്ദീപാനന്ദ ​ഗിരി അഭിപ്രായപ്പെടുന്നു
'നമ്മുടെ സഖാവിന് ഗുരുവായൂരപ്പന്‍ നല്‍കിയത് എന്താ ന്ന് ഉണ്ണിക്ക് അറിയോ?' ; സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുറിപ്പ് വൈറല്‍ 

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം അടുത്തിടെ മാധ്യമങ്ങളിലെല്ലാം വാര്‍ത്തയായിരുന്നു. ''ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത്...'' എന്ന ശ്രീലകത്തേക്കു നോക്കിയുള്ള മുഖ്യമന്ത്രിയുടെ ആകാംക്ഷയോടെയുള്ള ചോദ്യവും ഏറെ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയതിനെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി.

ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദര്‍ശനത്തെ പാലാ ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപാനന്ദ ഗിരിയുടെ അഭിപ്രായപ്രകടനം. 

പിണറായിയുടെ ക്ഷേത്ര സന്ദര്‍ശനത്തെ അച്ഛനും മകനും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് സന്ദീപാനന്ദ ഗിരി സരസമായി ചിത്രീകരിച്ചിരിക്കുന്നത്. പണ്ട് സഖാവായ കുചേലന്റെ കാര്യത്തിലെന്നപോലെ തിരിച്ച് വീട്ടിലെത്തിയ നമ്മുടെ സഖാവിന് ഗുരുവായൂരപ്പന്‍ നല്‍കിയത് എന്താ ന്ന് ഉണ്ണിക്ക് അറിയോ? നിറയെ പൂത്തുലഞ്ഞ ഒരു പാല തന്നെ ഭഗവാനങ്ങോട്ട് കൊടുത്തു എന്ന് സന്ദീപാനന്ദ ഗിരി കുറിച്ചു. ജനങ്ങളോടുള്ള ഭക്തിയാണ് ഭഗവാനോടുള്ള ശരിയായ ഭക്തിയെന്ന വാക്യത്തോടെയാണ് സന്ദീപാനന്ദ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

ഫെയ്സ്ബുക്ക്  പോസ്റ്റിന്റെ പൂര്‍ണരൂപം

ഗുരുവായൂരപ്പന്റെ ഓരോരോ ലീലകള്....
അച്ഛാ ഗുരുവായൂരപ്പന്റെ പുതിയ ലീല വല്ലതും പറയൂ..
ന്റെ ഉണ്ണീ,
ഗുരുവായൂരപ്പന് വേഷം കെട്ടിയ കപടഭക്തരെ തീരെ പിടിക്കില്യ.
ന്നാ ശരിയായ ഭക്തനെ കാണാന്‍ ഭഗവാന്‍ കണ്ണും നട്ട് ശ്രീകോവിലില്‍ നിന്ന് പുറത്തേക്ക് ഇമവെട്ടാതെ നോക്കികൊണ്ടിരിക്കും. അത്ഭുതം എന്ന് പറഞ്ഞാ മതീലോ ഏതാനും ദിവസം മുമ്പ് ഭഗവാന്‍ കാണണം എന്നാഗ്രഹിച്ച ആള് അതാ കൊടിമരത്തിന്റെ പരിസരത്ത് നിന്ന് അകത്തേക്ക് ഒരുനോട്ടം, ഉണ്ണീ ഒരു നോട്ടം ല്ലട്ടോ ഒരൊന്നൊന്നര നോട്ടം. ഭഗവാനെ ആദ്യായിട്ട് കണ്ട രുക്മിണിയും ഇതുപോലെയായിരുന്നു നോക്കിയത്.
സന്തോഷവാനായ ഭഗവാന്‍ ശ്രീകോവിലില്‍നിന്ന് തന്റെ പ്രിയ സഖാവിനോടു ചോദിച്ചു എന്താ വേണ്ടത് ?
ഒട്ടും മടിക്കാതെ മനസ്സില്‍ സങ്കല്പിച്ചോളൂ....
സഖാവ് മനസ്സില്‍ പറഞ്ഞു; കൃഷ്ണാ ഒരു പൂപോലും ഞാന്‍ കരുതിയില്ലല്ലോ അവിടുത്തേക്ക് അര്‍പ്പിക്കാന്‍.
അവിടുത്തെ നിശ്ചയം നടക്കട്ടെയെന്ന് മനസ്സില്‍ പറഞ്ഞു അവിടുന്ന് അയച്ച ഗജവീരന്മാരെ കണ്ടു സന്തോഷത്തോടെ ഒന്നും ആവശ്യപ്പെടാതെ മടങ്ങി.
പണ്ട് സഖാവായ കുചേലന്റെ കാര്യത്തിലെന്നപോലെ തിരിച്ച് വീട്ടിലെത്തിയ നമ്മുടെ സഖാവിന് ഗുരുവായൂരപ്പന്‍ നല്കിയത് എന്താ ന്ന് ഉണ്ണിക്ക് അറിയോ?
ല്യച്ഛാ പറയൂ..
നിറയെ പൂത്തുലഞ്ഞ ഒരു പാല തന്നെ ഭഗവാനങ്ങോട്ട് കൊടുത്തു.
ഭഗവാന്റെ കാരുണ്യം അപാരമാണ്.
എല്ലാം അറിഞ്ഞ് ചെയ്യും..
ന്റെഉണ്ണീ വല്ലതും മനസ്സിലായോ?
മ്ം..മനസ്സിലായച്ഛാ ജനങ്ങളോടുള്ള ഭക്തിയാണ് ഭഗവാനോടുള്ള ശരിയായ ഭക്തി..

നന്ദീപാനനന്ദ ഗിരിയുടെ പോസ്റ്റ് വൈറലായതിന് പിന്നാലെ അനുകൂലിച്ചും വിമര്‍ശിച്ചും വാദമുഖങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഈശ്വരന്‍മാര്‍ എല്ലാം സഖാക്കള്‍ ആണ്. ഏതു മതത്തില്‍ ആയാലും. തിരസ്‌ക്കരിക്കപ്പെട്ടവരുടെ , അടിച്ചര്‍മത്തപ്പെട്ടവരുടെ , വേദനിക്കുന്നവരുടെ അവസാന ആശ്രയം ഈശ്വരന്‍ അല്ലെ. അപ്പോള്‍ സഖാവാണ് എന്നാണ് ഒരു കമന്റ്. അതിനും മുമ്പ് ഒരു പത്തൊമ്പതിടത്തെ പൂവ് മാത്രമല്ല ഒരു പൂന്തോട്ടം തന്നെ കൈയ്യിലേയക്കു വച്ചു കൊടുത്തായിരുന്നു. ബൈ ദ ബൈ ഈ രാമനും ശ്രീകൃഷ്ണനൊക്കെ വെറും കെട്ടുകഥയല്ലേ നിന്തിരുവടീ?? എന്ന് മറ്റൊരാള്‍ അഭിപ്രായപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com