സ്ഥാനാര്‍ത്ഥി നിര്‍ണയം; ബിജെപിയില്‍ പൊട്ടിത്തെറി; സഹകരിക്കില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍

രവീശ കുണ്ഠാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ മണ്ഡലത്തിലെ വിജയപ്രതീക്ഷകളാണ് അസ്തമിച്ചതെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു
സ്ഥാനാര്‍ത്ഥി നിര്‍ണയം; ബിജെപിയില്‍ പൊട്ടിത്തെറി; സഹകരിക്കില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍

കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ രവീശ തന്ത്രി കുണ്ഠാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ബിജെപിയില്‍ പൊട്ടിത്തെറി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികള്‍ നേതൃത്വത്തെ അറിയിച്ചു. തന്ത്രിയുടെ സ്ഥാനാര്‍ത്ഥിത്വം വഴി നിഷ്പക്ഷ വോട്ടുകള്‍ അകലുമെന്ന ആശങ്കയാണ് ഒരു വിഭാഗം നേതാക്കള്‍ പങ്കു വയ്ക്കുന്നത്. 

രവീശ കുണ്ഠാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ മണ്ഡലത്തിലെ വിജയപ്രതീക്ഷകളാണ് അസ്തമിച്ചതെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. കെ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ ന്യൂനപക്ഷ വോട്ടുകളും നിഷ്പക്ഷ വോട്ടുകളും ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നു. 89 വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. 

ഇക്കുറി നിഷ്പക്ഷ വോട്ടുകള്‍ പരമാവധി സമാഹരിക്കണമെന്നുറപ്പിച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ഇറങ്ങിയത്.  കോണ്‍ഗ്രസ് നേതാവ് സുബ്ബയ്യ റൈയെ ആദ്യം സമീപിച്ചു. ഈ നീക്കം പാളിയതോടെ ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തോ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരിയോ സ്ഥാനാര്‍ത്ഥിയായേക്കുമെന്നായിരുന്നു സൂചന. 

എന്നാല്‍ കേന്ദ്രനേതൃത്വം തെരഞ്ഞെടുത്തത് രവീശ തന്ത്രി കുണ്ഠാറിനെയാണ്. ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെയും ആര്‍എസ്എസിന്റെയും പിന്തുണയാണ് തന്ത്രിക്ക് നേട്ടമായത്. 

ഈ തീരുമാനത്തില്‍ ബിജെപിയുടെ വിവിധ ഘടകങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. കുമ്പള പഞ്ചായത്ത് കമ്മറ്റി പാര്‍ട്ടി നേതൃത്വത്തെ എതിര്‍പ്പറിയിച്ചു കഴിഞ്ഞു.  കുമ്പളയില്‍ ചേര്‍ന്ന നിയോജക മണ്ഡലം കമ്മറ്റിയില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എല്‍ ഗണേഷിന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com