അടൂര്‍ പ്രകാശിനെ അനുനയിപ്പിച്ചു;  കോണ്‍ഗ്രസിലെ 'കോന്നി പ്രതിസന്ധി'യില്‍ അയവ്

പ്രശ്‌നം പരിഹരിക്കുമെന്നും സഹോദരര്‍ തമ്മിലുള്ള പ്രശ്‌നമായി കണ്ടാല്‍ മതിയെന്നും മുല്ലപ്പള്ളി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോന്നി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധിക്കു പരിഹാരമാവുന്നു. മോഹന്‍രാജിനെ സ്ഥാനാര്‍ഥിയാക്കിയതിനെത്തുടര്‍ന്ന് ഇടഞ്ഞുനിന്ന മുതിര്‍ന്ന നേതാവ് അടൂര്‍ പ്രകാശ് എംപിയെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇടപെട്ട് അനുനയിപ്പിച്ചു. ഇന്നത്തെ യുഡിഎഫ് തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ അടൂര്‍ പ്രകാശ് പങ്കെടുക്കും.

ഇന്നലെ വട്ടിയൂര്‍ക്കാവ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത അടൂര്‍ പ്രകാശ് കോന്നിയിലെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ലെന്നായിരുന്നു സൂചനകള്‍. ഇന്നു രാവിലെ മുതല്‍ നേതാക്കള്‍ക്ക് അടൂര്‍ പ്രകാശിനെ ബന്ധപ്പെടാനും കഴിഞ്ഞില്ല. അടൂര്‍ പ്രകാശ് എവിടെയെന്ന് അറിയാതിരിക്കുകയും ഫോണില്‍ പോലും ബന്ധപ്പെടാന്‍ കഴിയാതിരിക്കുകയും ചെയ്തതോടെ കണ്‍വെന്‍ഷനില്‍ അദ്ദേഹം എത്തില്ലെന്ന് വാര്‍ത്തകള്‍ പരന്നു. ഇതിനിടെ അടൂരില്‍ എത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല.

എന്നാല്‍ പത്തു മണിയോടെ മുല്ലപ്പള്ളി താമസിച്ച ഹോട്ടലില്‍ എത്തിയ അടൂര്‍ പ്രകാശ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയില്‍ പ്രതിസന്ധിക്ക് അയവു വന്നെന്നാണ് സൂചനകള്‍. സ്ഥാനാര്‍ഥി നിര്‍ണയവുമായും ചില നേതാക്കള്‍ നടത്തിയ പരാമര്‍ശവുമായും ബന്ധപ്പെട്ട് തനിക്കുള്ള പരാതികള്‍ അടൂര്‍ പ്രകാശ് മുല്ലപ്പള്ളിയെ അറിയിച്ചു. പത്തനംതിട്ട ഡിസിസി തന്നെ അപമാനിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കാമെന്നും പ്രചാരണത്തില്‍ സജീവമാവാനും മുല്ലപ്പള്ളി കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. 

്താന്‍ എംപിയായതിനെത്തുടര്‍ന്ന് ഒഴിവുവന്ന കോന്നിയില്‍ റോബിന്‍ പീറ്ററിനെ സ്ഥാനാര്‍ഥിയാക്കണം എന്നായിരുന്നു അടൂര്‍ പ്രകാശിന്റെ താത്പര്യം. ഇക്കാര്യം അദ്ദേഹം പരസ്യമായിത്തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പല ഘടകങ്ങള്‍ പരിശോധിച്ച പാര്‍ട്ടി മോഹന്‍രാജിനെ സ്ഥാനാര്‍ഥിയാക്കാനാണ് തീരുമാനിച്ചത്. ഇതോടെ അടൂര്‍ പ്രകാശ് ഇടയുകയായിരുന്നു. ഇതിനിടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അടൂര്‍ പ്രകാശിന്റെ നിലപാടുകളെ വിമര്‍ശിച്ച് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജും ചില മുതിര്‍ന്ന നേതാക്കളും രംഗത്തുവന്നതും അദ്ദേഹത്തെ ചൊടിപ്പിച്ചു. ഇതിനെത്തുടര്‍ന്നാണ് കണ്‍വന്‍ഷനില്‍നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. 

അടൂര്‍ പ്രകാശ് തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് രാവിലെ നടന്ന ചര്‍ച്ചകള്‍ക്കു ശേഷം ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അറിയിച്ചു. പ്രശ്‌നം പരിഹരിക്കുമെന്നും സഹോദരര്‍ തമ്മിലുള്ള പ്രശ്‌നമായി കണ്ടാല്‍ മതിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com