വിദ്യാര്‍ത്ഥിനിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സ്പീഡ് കുറഞ്ഞപ്പോള്‍ ചാടി രക്ഷപ്പെട്ടു, കൊച്ചിയില്‍ യുവാവ് പിടിയില്‍

ഈ സംഭവം നടക്കുന്നതിന് തൊട്ടു മുന്‍പ് സമീപത്തുള്ള വീട്ടമ്മയെ ഉപദ്രവിച്ച് ആകാശ് അവരുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ ഇരുപത്തൊന്നുകാരന്‍ പിടിയില്‍. പെരുവ സ്വദേശി ആകാശിനെയാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലേക്ക് തനിച്ച് നടന്നു പോകുകയായിരുന്നു പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തി ബൈക്കില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.

ബൈക്കിലെത്തിയ ആകാശ് പെണ്‍കുട്ടിയുടെ സമീപത്ത് ബൈക്ക് നിര്‍ത്തുകയും നിലത്ത് വീണുപോയ മൊബൈല്‍ എടുത്തുതരാന്‍ ആവശ്യപ്പെടുകയും ചെയ്തു. പെണ്‍കുട്ടി ഫോണ്‍ എടുത്തുനല്‍കുന്നതിനിടെ ഇയാള്‍ സ്‌കൂള്‍ ബാഗില്‍ ബലമായി പിടിച്ചുവലിച്ച് ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റുകയായിരുന്നു. 

ബൈക്കിനു പിന്നിലിരുന്ന് ഭയന്നു നിലവിളിച്ച പെണ്‍കുട്ടി വേഗത കുറഞ്ഞ സമയം നോക്കി റോഡിലേക്ക് ചാടി. രക്ഷപ്പെട്ട പെണ്‍കുട്ടി നാട്ടുകാരോട് വിവരങ്ങള്‍ പറഞ്ഞു. ഈ സമയം ആകാശ് ബൈക്കോടിച്ച് രക്ഷപ്പെടുകയായിരുന്നു. ഈ സംഭവം നടക്കുന്നതിന് തൊട്ടു മുന്‍പ് സമീപത്തുള്ള വീട്ടമ്മയെ ഉപദ്രവിച്ച് ആകാശ് അവരുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തിരുന്നു. വീട്ടമ്മ ബൈക്കിന്റെ നമ്പര്‍ സഹിതം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

സുഹൃത്തിന്റെ ബൈക്കുമായാണ് ആകാശ് എത്തിയതെന്ന് മനസിലാക്കിയ പൊലീസ് ബൈക്ക് ഉടമയായ സുഹൃത്തിന്റെ സഹായത്തോടെ വീട്ടിലെത്തി ആകാശിനെ പിടികൂടുകയായിരുന്നു. പാലാ, കുറവിലങ്ങാട് പൊലീസ് സ്‌റ്റേഷനുകളിലായി ആറ് ക്രിമിനല്‍ കേസുകള്‍ ആകാശിനെതിരെയുള്ളതായി പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com