അരി, ആട്ട, പരിപ്പ്, ഉരുളക്കിഴങ്ങ്, സവാള, ഭക്ഷ്യഎണ്ണ.... അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യക്കിറ്റ് ഇങ്ങനെ; വിതരണത്തിന് ഉത്തരവായി

അതത് താലൂക്ക് തഹസില്‍ദാര്‍മാര്‍ക്കാണ് വിതരണച്ചുമതല
അരി, ആട്ട, പരിപ്പ്, ഉരുളക്കിഴങ്ങ്, സവാള, ഭക്ഷ്യഎണ്ണ.... അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യക്കിറ്റ് ഇങ്ങനെ; വിതരണത്തിന് ഉത്തരവായി


കൊച്ചി: കോവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിനായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ വിവിധ ക്യാമ്പുകളിലായി തൊഴില്‍ നഷ്ടപ്പെട്ട കഴിയുന്ന അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷണ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ഉത്തരവായി. ഒരു തൊഴിലാളിക്ക് ഒരു ദിവസത്തേക്ക് പരമാവധി 60 രൂപയും ആശ്രയത്തില്‍ ഉള്ള ഒരു കുട്ടിക്ക് 45 രൂപ വീതം എന്ന ക്രമത്തിലാണ് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. അതത് താലൂക്ക് തഹസില്‍ദാര്‍മാര്‍ക്കാണ് വിതരണച്ചുമതല. ഇതിനായുള്ള ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കുന്നതിനും അവ വിതരണം ചെയ്യുന്നതിനും താലൂക്ക് സപ്ലൈ ഓഫീസര്‍മാരും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും തഹസില്‍ദാര്‍ക്ക് ആവശ്യമായ സഹായം ചെയ്യേണ്ടതാണ്.

അരി, ആട്ട, പരിപ്പ്, ഉരുളക്കിഴങ്ങ്, സവാള, ഭക്ഷ്യഎണ്ണ തുടങ്ങി ഭക്ഷണത്തിന് ആവശ്യമുള്ള മറ്റു പച്ചക്കറികള്‍ എന്നിവയാണ് വിതരണം ചെയ്യുന്നത്. ഓരോ ക്യാമ്പിലുമുള്ള തൊഴിലാളികളുടെ ഭക്ഷണശീലം അനുസരിച്ച് ആവശ്യമായ ഭേദഗതി ഇതില്‍ വരുത്താവുന്നതാണ്. ഈ ഭക്ഷ്യവസ്തുക്കളില്‍ സര്‍ക്കാര്‍ പൊതവിതരണ സംവിധാനങ്ങളിലെ ലഭ്യതയനുസരിച്ച് താലൂക്ക് സപ്ലൈ ഓഫീസര്‍ തഹസില്‍ദാര്‍ക്ക് ആവശ്യപ്പെടുന്ന മുറയ്ക്ക് നല്‍കേണ്ടതാണ്. പൊതുവിതരണ സംവിധാനം വഴി ലഭ്യമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ തഹസില്‍ദാര്‍ക്ക് പൊതുവിപണിയില്‍ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. സര്‍ക്കാര്‍ പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്ന് വിതരണത്തിനായി നല്‍കിയിട്ടുള്ള ഭക്ഷ്യവസ്തുക്കളുടെ ബില്ല് താലൂക്ക് സപ്ലൈ ഓഫീസര്‍ തഹസില്‍ദാര്‍ക്ക് സമര്‍പ്പിക്കണം. ചിലവാകുന്ന തുക സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും വിനിയോഗിക്കുന്നതിന് തഹസില്‍ദാര്‍ക്ക് അനുമതിയുണ്ട്. ഇതിന് ആവശ്യമായ തുക ദുരന്ത പ്രതികരണ നിധിയില്‍ നിന്നും തഹസില്‍ദാര്‍ക്ക് നല്‍കുന്നതാണ്. 

നിലവില്‍ കരാറുകാരന്‍ തൊഴിലാളികള്‍ക്ക് കൊടുക്കുന്ന ഭക്ഷ്യ സംവിധാനം അതേ രീതിയില്‍ തുടരേണ്ടതാണ്. അല്ലാത്ത സാഹചര്യങ്ങളില്‍ നിലവില്‍ കമ്യൂണിറ്റി കിച്ചണില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഭക്ഷ്യ വിതരണം വഴി ഭക്ഷണം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. ഇത്തരത്തില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ഭക്ഷണം ലഭ്യമാകേണ്ട അതിഥി തൊഴിലാളികളുടെ പട്ടിക ലേബര്‍ ഓഫീസര്‍ തയ്യാറാക്കി തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ക്ക് നല്‍കണം. ഇപ്രകാരം വിതരണം ചെയ്യുന്ന ഭക്ഷണത്തിന് പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരു ദിവസത്തേക്ക് 60 രൂപ നിരക്കിലും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് 45 രൂപ നിരക്കിലും സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പിന്നീട് നല്‍കുന്നതാണ്. ഇതിന് സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ കരാറുകാരന്‍ അല്ലെങ്കില്‍ കെട്ടിട ഉടമയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ച് പാചകത്തിനുള്ള സൗകര്യം നല്‍കേണ്ടതും ഓരോ സ്ഥലത്തെയും ആവശ്യങ്ങള്‍ക്കനുസരിച്ച് ലേബര്‍ ഓഫീസര്‍ സമര്‍പ്പിക്കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ധാന്യങ്ങളും മറ്റു പച്ചക്കറികളും പൊതുവിതരണ സംവിധാനത്തില്‍ നിന്നും തഹസില്‍ദാരുടെ നിര്‍ദേശ പ്രകാരം താലൂക്ക് സപ്ലൈ ഓഫീസര്‍ ലഭ്യമാക്കേണ്ടതുമാണ്. ലഭ്യമാകാത്ത ഭക്ഷ്യ വസ്തുക്കള്‍ മാത്രം പൊതുവിപണിയില്‍ നിന്നും വാങ്ങി മുകളില്‍ പറഞ്ഞിരിക്കുന്ന നിരക്കില്‍ നിജപ്പെടുത്തി കെട്ടിട ഉടമ അല്ലെങ്കില്‍ കരാറുകാരന് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.

ഇത് ഒരു കാരണവശാലും സാധിക്കാത്ത സാഹചര്യങ്ങളില്‍ മാത്രം തഹസില്‍ദാര്‍ പ്രത്യേകമായി ലേബര്‍ ഓഫീസര്‍ നല്‍കുന്ന ലിസ്റ്റില്‍ നിന്നും അര്‍ഹരായവര്‍ക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ പ്രത്യേകമായി ക്യാമ്പ് സംഘടിപ്പിച്ചു ഭക്ഷണവിതരണം നടത്തേണ്ടതാണ്.  ലിസ്റ്റ് തയ്യാറാക്കേണ്ട പൂര്‍ണ്ണ ചുമതല ലേബര്‍ ഓഫീസറുടെതാണ്. 

ഇത്തരത്തില്‍ ജില്ലയിലെ എല്ലാ അതിഥി തൊഴിലാളികള്‍ക്കും മതിയായ സംരക്ഷണവും ഭക്ഷണവും അതത് താലൂക്കിലെ ചാര്‍ജ് ഓഫീസര്‍മാര്‍ ഉറപ്പു വരുത്തേണ്ടതും മേല്‍നോട്ടം വഹിക്കേണ്ടതും അതാത് ദിവസങ്ങളില്‍ ചാര്‍ജ് ഓഫീസര്‍മാര്‍ ജില്ലാ കളക്ടര്‍ക്ക് വൈകീട്ട് 5 മണിക്ക് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണ്. കൂടാതെ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ സബ്കളക്ടര്‍ ഫോര്‍ട്ട് കൊച്ചിയും മൂവാറ്റുപുഴ ആര്‍ഡിഒ യും തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന സബ് ഡിവിഷനുകളില്‍ പെട്ട അതിഥി തൊഴിലാളികള്‍ക്ക് കൃത്യമായ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതും ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അവയ്ക്ക് അപ്പോള്‍ തന്നെ പരിഹാരം കാണേണ്ടതുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com