ആമയേയും തേരട്ടയേയും ഇട്ട് വാറ്റി; വീര്യത്തിന് പാമ്പും തവളയും ഉടുമ്പും; ഒടുലില്‍ 'ചീരാപ്പി' കുടുങ്ങി

ലോക്ക്ഡൗണ്‍ കാലത്ത് മദ്യം കിട്ടാതായതോടെ സംസ്ഥാനത്ത് വ്യാജ വാറ്റ് സജീവമാവുകയാണ്.
ആമയേയും തേരട്ടയേയും ഇട്ട് വാറ്റി; വീര്യത്തിന് പാമ്പും തവളയും ഉടുമ്പും; ഒടുലില്‍ 'ചീരാപ്പി' കുടുങ്ങി

തൃശൂര്‍: ലോക്ക്ഡൗണ്‍ കാലത്ത് മദ്യം കിട്ടാതായതോടെ സംസ്ഥാനത്ത് വ്യാജ വാറ്റ് സജീവമാവുകയാണ്. തൃശൂര്‍-ഇരിങ്ങാലക്കുട റേഞ്ച് എക്‌സൈസ് സംഘങ്ങള്‍  നടത്തിയ റെയ്ഡില്‍ 400 ലീറ്റര്‍ വാഷ്, 50 കിലോ ശര്‍ക്കര, രണ്ടര ലീറ്റര്‍ സ്പിരിറ്റ്, 3 ആമകള്‍, വാറ്റ് ഉപകരണങ്ങള്‍, പൈനാപ്പിള്‍ എസന്‍സ് എന്നിവ പിടിച്ചെടുത്തു. തൃശൂര്‍ ഡപ്യൂട്ടി കമ്മിഷണര്‍ പി.കെ.സനുവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെന്‍മണിക്കര തലേണിക്കര സ്വദേശി ചിറപറമ്പത്ത് മാനേജിന്റെ(ചീരാപ്പി) വീട്ടിലാണ് പരിശോധന നടന്നത്. പരിശോധന നടക്കുമ്പോള്‍ ഇയാള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.

ഇയാള്‍ക്കെതിരെ പുതുക്കാട് പൊലീസ് സ്‌റ്റേഷനില്‍ കൊലപാതകം അടക്കമുള്ള കേസുകളുണ്ടെന്നും പാമ്പ്, തവള, ഉടുമ്പ്, പഴുതാര, തേരട്ട എന്നീ ജീവികളെ ഇട്ട് വാറ്റുന്ന പതിവുണ്ടെന്നും എക്‌സൈസ് സംഘം പറഞ്ഞു. ആമകളെ വരന്തരപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസിന് കൈമാറി. ഇരിങ്ങാലക്കുട റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.ആര്‍.മനോജ്, പ്രിവന്റീവ് ഓഫിസര്‍മാരായ വിന്നി സിമോത്തി, തൃശൂര്‍ റേഞ്ച് പ്രിവന്റീവ് ഒാഫിസര്‍മാരായ ശിവശങ്കരന്‍, ജയ്‌സണ്‍ ജോസ്, ടി.ആര്‍.സുനില്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.എസ്.ഷിനൂജ്, ബിബിന്‍ ചാക്കോ, ഷാജി വര്‍ഗീസ്, കെ.പി.ബെന്നി, പിങ്കി മോഹന്‍ദാസ്, മനോജ് എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

മറ്റൊരു റെയ്ഡില്‍ 200 ലീറ്റര്‍ കോട പിടിച്ചെടുത്തു നശിപ്പിച്ചു. കോടാലി സ്വദേശി ആലപ്പുഴക്കാരന്‍ ഷാനുവിന്റെ (42) വീടിനോട് ചേര്‍ന്ന് നിര്‍മിച്ച വലിയ കുഴിയില്‍ 200 ലീറ്റര്‍ ഉള്‍ക്കൊള്ളുന്ന പ്ലാസ്റ്റിക് ബാരലില്‍ സൂക്ഷിച്ച നിലയിലായിരുന്നു കോട. കോണ്‍ക്രീറ്റ് സ്‌ലാബ് ഉപയോഗിച്ച് മറച്ച് മണ്ണിട്ട് മൂടി ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലരയോടെ റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.ആര്‍.മനോജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com