പ്രതിഭയെ പിന്തുണച്ച് ശബരീനാഥന്‍ ; 'എംഎല്‍എയെക്കുറിച്ച്  പറഞ്ഞ കാര്യങ്ങളില്‍ കഴമ്പില്ല' ; വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്, വിശദീകരണക്കുറിപ്പ്

പ്രതിഭയ്ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ശരിയായില്ലെന്ന്  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നൊസൂര്‍ വിമര്‍ശിച്ചു
പ്രതിഭയെ പിന്തുണച്ച് ശബരീനാഥന്‍ ; 'എംഎല്‍എയെക്കുറിച്ച്  പറഞ്ഞ കാര്യങ്ങളില്‍ കഴമ്പില്ല' ; വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്, വിശദീകരണക്കുറിപ്പ്


തിരുവനന്തപുരം : കായംകുളം എംഎല്‍എയും സിപിഎം നേതാവുമായ യു പ്രതിഭയെ പിന്തുണച്ച് കെ എസ് ശബരീനാഥന്‍ എംഎല്‍എ. കായംകുളം എംഎല്‍എ യു പ്രതിഭക്കെതിരെ ആരോപണം ഉന്നയിച്ചത് മറ്റാരുമല്ല, ചുരുക്കം ചില ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. എംഎല്‍എയെ കുറിച്ച് അവര്‍ പറഞ്ഞ കാര്യങ്ങളില്‍ കഴമ്പില്ല എന്നതാണ് ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ നിലപാട് എന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ശബരീനാഥന്‍ കുറിച്ചത്. 

പത്രപ്രവര്‍ത്തകരോട് 'നിങ്ങള്‍ ശരീരം വിറ്റ് ജീവിക്കുന്നതാണ് ഭേദം' എന്ന് പറഞ്ഞത് ഒരു പൊതുപ്രവര്‍ത്തകയ്ക്ക് ചേര്‍ന്നതല്ല. ജനപ്രതിനിധികള്‍ കൂടുതല്‍ വിവേകവും ഔചിത്യവും ആത്മസംയമനവും പാലിക്കേണ്ടവരാണ് എന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശബരീനാഥന്‍ ഓര്‍മ്മിപ്പിച്ചു. 

ഇതിന് പിന്നാലെ ശബരിനാഥനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. പ്രതിഭയ്ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ശരിയായില്ലെന്ന് മറ്റൊരു സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നൊസൂര്‍ വിമര്‍ശിച്ചു. വിമര്‍ശനത്തിന് പിന്നാലെ തന്റെ കുറിപ്പില്‍ വിശദീകരണവുമായി ശബരീനാഥന്‍ വീണ്ടും രംഗത്തുവന്നു. 

ശബരീനാഥന്റെ പെയ്‌സ്ബുക്ക് പോ്‌സ്റ്റുകള്‍

കായംകുളം MLA ശ്രിമതി യു പ്രതിഭക്കെതിരെ ആരോപണം ഉന്നയിച്ചത് മറ്റാരുമല്ല, ചുരുക്കം ചില DYFI പ്രവര്‍ത്തകരാണ്. MLA യെ കുറിച്ച് അവര്‍ പറഞ്ഞ കാര്യങ്ങളില്‍ കഴമ്പില്ല എന്നതാണ് ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ നിലപാട്.

പക്ഷേ ഈ സഹപ്രവര്‍ത്തകരെ പറഞ്ഞു മനസ്സിലാക്കുന്നതിന്പകരം ഇന്നലെ ഫേസ്ബുക്ക് ലൈവില്‍ വന്ന MLA ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകരോട് 'നിങ്ങള്‍ ശരീരം വിറ്റ് ജീവിക്കുന്നതാണ് ഭേദം, അത് ആണായാലും പെണ്ണായാലും' എന്ന് പറയുന്നത് ഒരു പൊതുപ്രവര്‍ത്തകയ്ക്ക് ചേര്‍ന്നതല്ല.

നമ്മള്‍ ജനപ്രതിനിധികളാണ്, കൂടുതല്‍ വിവേകവും ഔചിത്യവും ആത്മസംയമനവും പാലിക്കേണ്ടവരാണ്. ചിലപ്പോള്‍ എനിക്കും നിങ്ങള്‍ക്കുമൊക്കെ അലോസരം സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായേക്കാം, വാര്‍ത്തകള്‍ വന്നേക്കാം അവയെ സമചിത്തതയോടെ നേരിടണം. ഇത്തരത്തിലുള്ള മറുപടി ഒരു ജനപ്രതിനിധി നല്‍കുമ്പോള്‍, ജനം മാര്‍ക്കിടുന്നത് നമുക്കാണെന്ന് പ്രിയ MLA ഓര്‍ക്കണം.

A clarification
---

ഇന്ന് രാവിലെ കായംകുളം എംഎല്‍എ ശ്രീമതി യു പ്രതിഭയെക്കുറിച്ചുള്ള എന്റെ പോസ്റ്റിനെ സംബന്ധിച്ച ചില മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധിച്ചു. എംഎല്‍എയെ പോസ്റ്റില്‍ പുകഴ്ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല എന്നുമാത്രമല്ല ജനപ്രതിനിധികള്‍ ആക്ഷേപങ്ങള്‍ കേള്‍ക്കുമ്പോള്‍ കൂടുതല്‍ സമചിത്തതയോടെ പ്രവര്‍ത്തിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. അതിനുശേഷം എന്റെ അഭിപ്രായം ആരാഞ്ഞ ചാനലുകളില്‍ എംഎല്‍എ ഈ വിഷയത്തില്‍ പൊതുസമൂഹത്തിനോടും പ്രതികൂല സാഹചര്യങ്ങളില്‍ കഷ്ടപ്പെട്ട് വാര്‍ത്തകള്‍ എത്തിക്കുന്ന പത്രപ്രവര്‍ത്തകരോടും മാപ്പ് പറയണം എന്നാണ് വ്യക്തമായി പറഞ്ഞത്.

നേരത്തെയുള്ള പോസ്റ്റില്‍ വിമര്‍ശനങ്ങളില്‍ കഴമ്പില്ല എന്ന് പറഞ്ഞത് എംഎല്‍എ ഓഫീസ് അടച്ചിരിക്കുന്നു എന്ന വിഷയം ഉള്‍ക്കൊണ്ടുകൊണ്ടാണ്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ വന്നുചേരുന്ന ജനപ്രതിനിധികളുടെ കാര്യാലയങ്ങള്‍ അടച്ചുതന്നെയാണ് ഇരിക്കേണ്ടത്. എന്നാല്‍ എംഎല്‍എമാര്‍ നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ചു മുന്നോട്ടു പോകണം, മറ്റു സഹായങ്ങള്‍ ചെയ്തു കൊടുക്കണം. എന്റെ മണ്ഡലത്തില്‍ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഞാന്‍ നടത്തിവരുന്നത്. അത്രമാത്രം.

ജട: ബഹുമാനപ്പെട്ട കായംകുളം എംഎല്‍എ ജനങ്ങളോടും പത്ര പ്രവര്‍ത്തകരോടും മാപ്പ് പറയുമെന്നും ഇന്നലത്തെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുമെന്നും വിശ്വസിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com