18 കാരി സഞ്ചരിച്ച ട്രെയിനില്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരും; രോഗം പകര്‍ന്നത് കൃത്യമായി കണ്ടെത്താനായിട്ടില്ലെന്ന് കളക്ടര്‍

 ജില്ലയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 18കാരിക്ക് രോഗം വന്നത് എങ്ങനെയെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ്
18 കാരി സഞ്ചരിച്ച ട്രെയിനില്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരും; രോഗം പകര്‍ന്നത് കൃത്യമായി കണ്ടെത്താനായിട്ടില്ലെന്ന് കളക്ടര്‍

പത്തനംതിട്ട:  ജില്ലയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 18കാരിക്ക് രോഗം വന്നത് എങ്ങനെയെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ്. രോഗലക്ഷണങ്ങളൊന്നും പ്രകടമാകാതിരുന്ന വിദ്യാര്‍ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. എങ്ങനെയാണ് പെണ്‍കുട്ടിക്ക് രോഗം വന്നത് എന്ന് കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല?. പെണ്‍കുട്ടി നിസാമുദ്ദീനില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച ട്രെയിനില്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഇതിന് പുറമേ ഹരിയാനയില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ നിന്നുളളവരും ട്രെയിനിലുണ്ടായിരുന്നു. ഇവരില്‍ നിന്ന് കുട്ടിക്ക് രോഗം പകരാനുളള സാധ്യതയുണ്ടെന്ന് പി ബി നൂഹ് മാധ്യമങ്ങളോട് പറഞ്ഞു. 

എന്നാല്‍ ഇത് ഉറപ്പിച്ചുപറയാന്‍ സാധിക്കില്ല. ലക്ഷദ്വീപ്- മംഗള എക്‌സ്പ്രസിലാണ് 18 കാരി നാട്ടിലേക്ക് തിരിച്ചത്. അതിന് ശേഷം എറണാകുളത്ത് നിന്ന് ശബരി എക്‌സ്പ്രസിലാണ് ചെങ്ങന്നൂരിലേക്ക് പോയത്. തുടര്‍ന്ന് ബസിനെയും ആശ്രയിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിക്കേണ്ടതായുണ്ടെന്ന് നൂഹ് പറഞ്ഞു. ട്രെയിനില്‍ കേരളത്തില്‍ വന്നവരുടെ മുഴുവന്‍ ലിസ്റ്റും എടുത്തിട്ടുണ്ട്. ഇവരെ പ്രത്യേകം നിരീക്ഷിക്കാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പി ബി നൂഹ് പറഞ്ഞു.

നിലവില്‍ കുട്ടിയുടെ അനുജനും അമ്മയും ഉള്‍പ്പെടെ ആറുപേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയേണ്ടവരുടെ രണ്ടാം പട്ടിക വിപുലമാകാനാണ് സാധ്യത. 13 ന് ശേഷം ട്രെയിന്‍ മാര്‍ഗം ജില്ലയില്‍ എത്തിയ 1091 യാത്രക്കാരെ കണ്ടെത്തിയിട്ടുണ്ട്. 17 ട്രെയിനുകളിലായാണ് ഇവര്‍ നാട്ടിലെത്തിയത്.

പന്തളം സ്വദേശിയായ യുവതിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്.  17നാണ് ഡല്‍ഹിയില്‍ നിന്ന് നാട്ടിലെത്തിയത്. വീട്ടിലെത്തിയ ഉടന്‍ അമ്മ ആരോഗ്യവകുപ്പില്‍ വിവരം അറിയിച്ചു. 14 ദിവസത്തേക്ക് വീട്ടില്‍ത്തന്നെ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. അമ്മയ്ക്കും അനുജനുമൊപ്പം വീട്ടില്‍തന്നെ കഴിഞ്ഞു. പനിയോ തൊണ്ടവേദനയോ അടക്കം ശാരീരികമായ അസ്വസ്ഥതയൊന്നും ഉണ്ടായിട്ടില്ല.

നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണു നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ പലര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്ത വിവരം അറിയുന്നത്. അതേത്തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം രണ്ടുദിവസം മുമ്പ് അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തി സ്രവ പരിശോധനയ്ക്ക് വിധേയയായി. തുടര്‍ന്നാണ് ഇന്നലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com