അര്‍ജുനന്‍ മാസ്റ്ററുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ, മുഖ്യമന്ത്രിക്ക് വേണ്ടി കളക്ടര്‍ അന്തിമോപചാരം അര്‍പ്പിക്കും; ഗണ്‍ സല്യൂട്ടിന് പകരം ബ്യൂഗിള്‍ മുഴക്കും

മലയാളത്തിലെ എക്കാലത്തേയും മികച്ച സംഗീത സംവിധായകരില്‍ ഒരാളായ എംകെ അര്‍ജുനന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അഗാധ ദുഃഖം രേഖപ്പെടുത്തി
അര്‍ജുനന്‍ മാസ്റ്ററുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ, മുഖ്യമന്ത്രിക്ക് വേണ്ടി കളക്ടര്‍ അന്തിമോപചാരം അര്‍പ്പിക്കും; ഗണ്‍ സല്യൂട്ടിന് പകരം ബ്യൂഗിള്‍ മുഴക്കും

കൊച്ചി: മലയാളത്തിലെ എക്കാലത്തേയും മികച്ച സംഗീത സംവിധായകരില്‍ ഒരാളായ എംകെ അര്‍ജുനന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അഗാധ ദുഃഖം രേഖപ്പെടുത്തി. ചലച്ചിത്ര ഗാനശാഖയില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ച് ഔദ്യോഗിക ബഹുമതികളോടെ ഭൗതികശരീരം സംസ്‌കരിക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

കോവിഡ് 19 വ്യാപനം തടയുന്നതിന് നിര്‍ദേശിച്ച പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും സംസ്‌കാരം. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി ജില്ലാ കളക്ടര്‍ അന്തിമോപചാരം അര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ആദരം അര്‍പ്പിച്ച് കൊണ്ടുളള ഗണ്‍ സല്യൂട്ടിന് പകരം ബ്യൂഗിള്‍ ശബ്ദം മുഴക്കാന്‍ ജില്ലാ കളക്ടറോട് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചു.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ പുലര്‍ച്ചെ മൂന്നരക്ക് ആയിരുന്നു അര്‍ജുനന്‍ മാസ്റ്ററുടെ അന്ത്യം.
ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമായിരിക്കും സംസ്‌കാരം നടക്കുക. അതിനിടെ കൊറോണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും സംസ്‌കാര ചടങ്ങ്.

മലയാളികളുടെ സ്വന്തം അര്‍ജുനന്‍ മാസ്റ്റര്‍ ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങള്‍ ഒരുക്കിട്ടുണ്ട്. നാടക ഗാനങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന് 1968 ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് ചുവടുവെക്കുന്നത്. 5 പതിറ്റാണ്ട് നീണ്ടുകിടക്കുന്നതായിരുന്നു  അദ്ദേഹത്തിന്റെ സംഗീത യാത്ര. 

2017 ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. യേശുദാസിന്റെ ശബ്ദം ആദ്യമായി റെക്കോര്‍ഡ് ചെയ്തത് അര്‍ജുനന്‍ മാസ്റ്ററായിരുന്നു. കൂടാതെ എ ആര്‍ റഹ്മാന്റെ സിനിമാ മേഖലയിലേക്കുള്ള അരങ്ങേറ്റവും അര്‍ജുനന്‍ മാസ്റ്റര്‍ വഴിയായിരുന്നു. മലയാളികള്‍ എന്നും മനസില്‍ സൂക്ഷിക്കാന്‍ നിരവധി  ഗാനങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹത്തിന്റെ മടക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com