കർണാടക അയഞ്ഞു; ആംബുലൻസുകൾ കടത്തിവിടും

കടർണാടക അയഞ്ഞു; ആംബുലൻസുകൾ കടത്തിവിടും
കർണാടക അയഞ്ഞു; ആംബുലൻസുകൾ കടത്തിവിടും

തിരുവനന്തപുരം: കോവിഡ് ബാധയില്ലാത്ത രോ​ഗികളെ കടത്തി വിടാൻ കർണാടക അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ണാടകയിലെ ആശുപത്രികളിലേയ്ക്ക് കോവിഡ് ബാധയില്ലാത്ത രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍ കടത്തിവിടാനാണ് ധാരണയായത്. 

തലപ്പാടി ചെക്ക് പോസ്റ്റില്‍ കര്‍ണാടകത്തിന്റെ മെഡിക്കല്‍ സംഘമുണ്ടാകും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളോടെ ഏത് ആശുപത്രിയിലാണ് പോകുന്നതെന്ന് നിശ്ചയിച്ച് അനുവാദം വാങ്ങാം എന്ന് കര്‍ണാടക അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലെ ആളുകള്‍ക്ക് വയനാട് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സക്ക് എത്താനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്. കര്‍ണാടകയിലെ ബൈലക്കുപ്പ, മച്ചൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലെ പന്തല്ലൂര്‍, ഗൂഡല്ലൂര്‍ താലൂക്കുകളില്‍ നിന്നുമുള്ളവരാണ് വയനാട് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സക്കെത്തുന്നത്. കര്‍ണാടകയില്‍ നിന്ന് 29 പേരും തമിഴ്‌നാട്ടില്‍ നിന്ന് 44 പേരും കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇതാണ് കേരളത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് ചരക്ക് നീക്കത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവശ്യ സാധനങ്ങളുമായി ഇന്നലെ പകല്‍ 1981 ലോറികള്‍ വന്നു. കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് 649 ഉം തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് 1332 ഉം ലോറികളാണ് വന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com