കര്‍ണാടകയുടേത് മൗലികാവകാശ ലംഘനമെന്ന് കേരളം ; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം

ഹൈക്കോടതി ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നും കേരളം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി
കര്‍ണാടകയുടേത് മൗലികാവകാശ ലംഘനമെന്ന് കേരളം ; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം

ന്യൂഡല്‍ഹി : രോഗികളെ ചികില്‍സയ്ക്ക് പോലും കടത്തിവിടാതെ അതിര്‍ത്തി അടച്ച കര്‍ണാടകയുടെ നടപടി മൗലികാവകാശ ലംഘനമെന്ന് കേരളം. സുപ്രീംകോടതിയില്‍ കേരളം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഹൈക്കോടതി ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നും കേരളം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കര്‍ണാടക നല്‍കിയ അപ്പീല്‍ തള്ളണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

കാസര്‍കോട് - മംഗലുരു ദേശീയപാത ആംബുലന്‍സ് അടക്കമുള്ള അവശ്യസര്‍വീസുകള്‍ക്കായി തുറന്നു കൊടുക്കണമെന്ന കേരള ഹൈക്കോടതി നിര്‍ദേശം സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നില്ല. അവശ്യസര്‍വീസുകള്‍ക്കായി റോഡ് തുറക്കുന്നതിന് കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും ഗതാഗതമന്ത്രാലയത്തിന്റെയും സെക്രട്ടറിമാരും ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. 

അതേസമയം കര്‍ണാടകത്തോട് അതിര്‍ത്തി തുറക്കണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടില്ല. കേരളാ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന് തത്കാലം സ്‌റ്റേ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, അത്യാവശ്യ വാഹനങ്ങള്‍ കടത്തി വിടേണ്ടി വരുമെന്ന് സൂചിപ്പിക്കുകയും ചെയ്തു. ഏതൊക്കെ വാഹനങ്ങള്‍ കടത്തി വിടണം എന്ന് തീരുമാനിക്കാന്‍ സമിതി ഉണ്ടാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് നാളെ വീണ്ടും സുപ്രീംകോടതി പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com