കോവിഡ് 19: റാപ്പിഡ് ടെസ്റ്റ് നടത്തുന്നത് ആരിലെല്ലാം? രജിസ്‌ട്രേഷന്‍ എങ്ങനെ? വിശദാംശങ്ങള്‍

കോവിഡ് 19: റാപ്പിഡ് ടെസ്റ്റ് നടത്തുന്നത് ആരിലെല്ലാം? രജിസ്‌ട്രേഷന്‍ എങ്ങനെ? വിശദാംശങ്ങള്‍
കോവിഡ് 19: റാപ്പിഡ് ടെസ്റ്റ് നടത്തുന്നത് ആരിലെല്ലാം? രജിസ്‌ട്രേഷന്‍ എങ്ങനെ? വിശദാംശങ്ങള്‍

തിരുവനന്തപുരം: കോവിഡ് 19 മഹാമാരിയെ ചെറുക്കുന്നതിന് ദ്രുതപരിശോധന നടപ്പാക്കുന്നതിലൂടെ സമൂഹ നിരീക്ഷണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് കേരളം. ദ്രുതപരിശോധനയിലൂടെ രോഗബാധ കണ്ടെത്താനും വ്യാപന വ്യാപ്തി മനസിലാക്കാനും അതിലൂടെ ലോക്ഡൗണ്‍ കാലാവധി പുനര്‍നിര്‍ണയിക്കാനുമാവും. ലോക് ഡൗണ്‍ അവസാനിപ്പിച്ചാലും നിരീക്ഷണ കാലാവധി നിശ്ചയിക്കാം.

പുറത്തുനിന്ന് വരുന്നവരില്‍ നിന്നുള്ള രോഗവ്യാപനം തടയാന്‍ അതിര്‍ത്തി പ്രവേശന കവാടങ്ങളില്‍ ഈ പരിശോധന നടത്തും.  വിശദവിവരങ്ങള്‍ക്കും പ്രാരംഭ രജിസ്‌ട്രേഷനും  covidpsnodedme@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കാം.

ദ്രുതപരിശോധനയിലൂടെ ഫലം 15 മിനിറ്റിനുള്ളില്‍ അറിയാനാവും.  പരിചരണ ഘട്ടത്തില്‍ ടെസ്റ്റ് നടത്താം, പരിശോധനയ്ക്ക് വിദഗ്ധ പരിശീലനം ലഭിച്ചവര്‍ വേണമെന്നില്ല എന്നീ മെച്ചവുമുണ്ട്.
കോവിഡ് 19 രോഗബാധയ്ക്കുശേഷം ഏഴു ദിവസത്തിനുള്ളില്‍ കാണപ്പെടുകയും ഏകദേശം 20 ദിവസത്തിനുശേഷം അപ്രത്യക്ഷമാകുകയും ചെയ്യുന്ന ഐ.ജി.എം ആന്റിബോഡി, രോഗബാധയ്ക്ക് ശേഷം ഏകദേശം 14 ദിവസം കഴിഞ്ഞ് ഇത് ഉത്പാദിപ്പിക്കുന്ന ഐ.ജി.ജി ആന്റിബോഡി എന്നിവ ഇതിലൂടെ പരിശോധിക്കും.  

വിദേശത്തുനിന്ന് എത്തിയവര്‍, കൂടുതല്‍ രോഗവ്യാപനമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍, വിദേശ രാജ്യങ്ങളിലോ മറ്റു സംസ്ഥാനങ്ങളിലോ ഉള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എന്നിവരില്‍ റാപ്പിഡ് ടെസ്റ്റ് നടത്തും. കാവിഡ് 19 സംശയത്തിലുള്ളവര്‍, ആര്‍ടിപിസിആര്‍ നെഗറ്റീവായ കോവിഡ് 19 ന് അധിക സാധ്യതാ ലക്ഷണമുള്ളവര്‍, ആരോഗ്യ പരിരക്ഷാ പ്രവര്‍ത്തകരെ പോലെ രോഗബാധയ്ക്ക് സാധ്യതയേറെയുള്ളവര്‍, ശ്വസന സംബന്ധമായി അതീവ പ്രശ്‌നമുള്ള (സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി ഇന്‍ഫെക്ഷന്‍) വ്യക്തികള്‍, ഐസൊലേറ്റ് ചെയ്തതും ക്വാറന്റൈനിലുള്ളവരും, രോഗം നിര്‍ണയിക്കപ്പെടാതെ തന്നെ ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ മാറിയവര്‍, അതീവ ജാഗ്രതാ മേഖലകളില്‍ പൊതുജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ (നിയന്ത്രണ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍, വിതരണക്കാര്‍, പലചരക്കുകടകളിലേയും റേഷന്‍ കടകളിലേയും കൗണ്ടര്‍ സ്റ്റാഫ് മുതലായവര്‍) എന്നിവരിലും ദ്രുത പരിശോധന നടത്താം.

എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള ലബോറട്ടറികള്‍, കോവിഡ് 19 പരിശോധന നടത്തുന്നതിന് ഐസിഎംആര്‍ അംഗീകാരമുള്ള ലബോറട്ടറികള്‍, എഫ്ഡിഎ, ഐസിഎംആര്‍ അംഗീകാരമുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിക്കുന്നവര്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്താനാവും.  ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും പരിശോധനാഫലം റിപ്പോര്‍ട്ട് ചെയ്യുന്നതിനും ലബോറട്ടറികള്‍ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കും.

ഈ പകര്‍ച്ചവ്യാധിയുടെ പ്രത്യേക സ്വഭാവം കണക്കിലെടുത്ത് രഹസ്യസ്വഭാവം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കോവിഡ് 19 ദ്രുതപരിശോധന നടത്താന്‍ ഐസിഎംആറിന്റെ അംഗീകാരമുള്ള സ്വകാര്യ ലബോറട്ടറികളുമായി സര്‍ക്കാര്‍ നിയമപ്രകാരം കരാറിലേര്‍പ്പെടും.  പരിശോധനയ്ക്ക് വിധേയരായ വ്യക്തികളുമായി പരിശോധനാ ഫലത്തെക്കുറിച്ച് ആശയവിനിമയം നടത്തുന്നത് സര്‍ക്കാര്‍ മാത്രമായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com