റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കുന്ന സൗജന്യ കിറ്റ്; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് സപ്ലൈക്കോ

സൗജന്യ കിറ്റ് തയ്യാറാക്കി വിതരണം ചെയ്യുന്നതിനു വേണ്ടി വരുന്ന ചെലവ് വിതരണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ കൃത്യമായി കണക്കാക്കാന്‍ സാധിക്കൂ
റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കുന്ന സൗജന്യ കിറ്റ്; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് സപ്ലൈക്കോ

കൊച്ചി: കോവിഡ് 19 മായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കുന്ന സൗജന്യ കിറ്റിലെ വിലയെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്ന് സപ്ലൈകോ സിഎംഡി. പി.എം. അലി അസ്ഗര്‍ പാഷ.

സൗജന്യ ഭക്ഷ്യവസ്തുക്കളുടെ രണ്ടു തരത്തിലുള്ള കിറ്റ് വിതരണം നടത്തുന്നതിനാണ് സപ്ലൈകോയോട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. കോവിഡുമായി ബന്ധപ്പെട്ട് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കുള്ള 1000 രൂപ വിലവരുന്ന ഭക്ഷ്യവസ്തുക്കളുടെ കിറ്റാണ് അതിലൊന്ന്. അതതു ജില്ലാകളിലെ കളക്റ്റര്‍മാര്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് കിറ്റ് നല്‍കി വരുന്നത്.ഈ കിറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്നത്.

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കാനുള്ള സൗജന്യ ഭക്ഷ്യവസ്തുക്കളുടെ കിറ്റില്‍ നിശ്ചിത അളവിലുള്ള 17 ഇനം നിത്യോപയോഗ സാധനങ്ങള്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചീട്ടുള്ളത് .പഞ്ചസാര ( ഒരു കിലോ), ചായപ്പൊടി ( 250 ഗ്രാം), ഉപ്പ് (ഒരു കിലോ), ചെറുപയര്‍ ( ഒരു കിലോ, കടല (ഒരു കിലോ), വെളിച്ചെണ്ണ (അര ലിറ്റര്‍), ആട്ട (രണ്ടു കിലോ), റവ ( ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), പരിപ്പ് ( 250 ഗ്രാം), മഞ്ഞള്‍പ്പൊടി (100 ഗ്രാം), ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് ( രണ്ടെണ്ണം), സണ്‍ ഫ്‌ലവര്‍ ഓയില്‍ ( ഒരു ലിറ്റര്‍), ഉഴുന്ന് ( ഒരു കിലോ) എന്നിവയാണവ. ഇവയുടെ വിലയെ സംബന്ധിച്ച തെറ്റായ വിലവിവരങ്ങളാണ് ചില നവ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. സൗജന്യ കിറ്റ് തയ്യാറാക്കി വിതരണം ചെയ്യുന്നതിനു വേണ്ടി വരുന്ന ചെലവ് വിതരണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ കൃത്യമായി കണക്കാക്കാന്‍ സാധിക്കൂ.അതിനാല്‍ വിലയെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്  സി എംഡി അറിയിച്ചു.എഎ വൈകാര്‍ഡുടമകള്‍ക്കുള്ള ഭക്ഷ്യവസ്തുക്കളുടെ സൗജന്യ കിറ്റ് വിതരണം ഏപ്രില്‍ 14 നകം പൂര്‍ത്തിയാക്കും. മറ്റ് കാര്‍ഡുടമകള്‍ക്കുള്ള കിറ്റ് വിതരണം തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടത്തുമെന്നും സി എംഡി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com