ഒരാള്‍ക്ക് പരമാവധി 20,000 രൂപ വരെ, കുടുംബശ്രീയുടെ 2000 കോടി വായ്പാ പദ്ധതി ; പണം പത്താംതീയതി മുതല്‍

2019 ഡിസംബര്‍ 31 ന് മുമ്പ് രൂപീകരിച്ച കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്കാണ് വായ്പ ലഭിക്കുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച കുടുംബശ്രീ മുഖേനയുള്ള സഹായഹസ്തം വായ്പാ പദ്ധതിക്ക് അനുമതി. പദ്ധതിയുടെ തുടര്‍ നടത്തിപ്പിന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഒരംഗത്തിന് 5000 രൂപ മുതല്‍ 20,000 രൂപ വരെ വായ്പയായി ലഭിക്കുന്നതാണ് പദ്ധതി. 

2019 ഡിസംബര്‍ 31 ന് മുമ്പ് രൂപീകരിച്ച കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്കാണ് വായ്പ ലഭിക്കുക. ബാങ്കുകള്‍ എട്ടര മുതല്‍ ഒമ്പത് ശതമാനം വരെ പലിശയ്ക്ക് അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുന്ന വായ്പയുടെ തിരിച്ചടവ് കൃത്യത അടിസ്ഥാനമാക്കി പലിശത്തുക കുടുംബശ്രീ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കും. ആറുമാസം മൊറട്ടോറിയം അടക്കം 36 മാസമാണ് ( മൂന്ന് വര്‍ഷം) വായ്പാ കാലാവധി. 

മുഖ്യമന്ത്രി പ്രഖ്യാപിച്ച കുടുംബശ്രീ വഴിയുള്ള 2000 കോടിയുടെ ബാങ്ക് വായ്പ ഈ മാസം പത്തിനകം അയല്‍ക്കൂട്ടം അംഗങ്ങളുടെ അക്കൗണ്ടിലെത്തും. സംസ്ഥാനത്ത്   2.9 ലക്ഷം അയല്‍ക്കൂട്ടങ്ങളില്‍  46 ലക്ഷം അംഗങ്ങളുണ്ട്. അയല്‍ക്കൂട്ടങ്ങള്‍ക്ക് ശരാശരി ആറ് ലക്ഷംരൂപവരെ വായ്പ അനുവദിക്കും. ഈ തുക അയല്‍ക്കൂട്ടം  അംഗങ്ങള്‍ക്ക് നല്‍കും.  പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തേ കുടുംബശ്രീ പ്രത്യേക വായ്പാ പദ്ധതി നടപ്പാക്കിയിരുന്നു. 1,95,000 കുടുംബങ്ങള്‍ക്ക് 1680 കോടിയാണ് വായ്പ ലഭ്യമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com