കോവിഡിനെതിരായ പോരാട്ടത്തില്‍ ബിജെപിയെയും മോദിയെയും എതിര്‍ക്കാതിരുന്നു കൂടെ?; കേരളത്തോട് വി മുരളീധരന്‍

കൊവിഡിനെതിരായ പോരാട്ടത്തിലെങ്കിലും ഇത്തരം സങ്കുചിത ചിന്തകള്‍ മാറ്റിവച്ചുകൂടേ?
കോവിഡിനെതിരായ പോരാട്ടത്തില്‍ ബിജെപിയെയും മോദിയെയും എതിര്‍ക്കാതിരുന്നു കൂടെ?; കേരളത്തോട് വി മുരളീധരന്‍

കൊച്ചി: കോവിഡ് പ്രതിരോധത്തെ മറികടക്കാനുള്ള ധനസമാഹരണത്തിനായി എംപിമാരുടെ വികസനഫണ്ട് രണ്ടുവര്‍ഷത്തേക്ക് നിര്‍ത്താനുള്ള തീരുമാനത്തിനെതിരെ രംഗത്തുവന്നത് കേരളത്തില്‍ നിന്നുള്ള എംപിമാരാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. അത് നരേന്ദ്ര മോദി സര്‍ക്കാരിനോടും ബി ജെ പിയോടുമുള്ള എതിര്‍പ്പു കൊണ്ടാണെന്ന് വ്യക്തമെന്ന് മുരളീധരന്‍ ഫെയസ്ബുക്കില്‍ കുറിച്ചു. കൊവിഡിനെതിരായ പോരാട്ടത്തിലെങ്കിലും ഇത്തരം സങ്കുചിത ചിന്തകള്‍ മാറ്റിവച്ചുകൂടേ. രാജ്യത്താകമാനം ദുരിതമനുഭവിക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യമറിയിക്കാനുള്ള സമയമാണിത്, അതിനെ എന്റെ മണ്ഡലം എന്ന് ദയവായി ചുരുക്കി കാണരുതെന്നും വി മുരളീധരന്‍ കുറിപ്പില്‍ പറയുന്നു. 


വി മുരളീധരന്റെ കുറിപ്പിന്റെ പൂര്‍ണരൂപം


കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും എംപിമാരുടെയും മുപ്പതു ശതമാനം ശമ്പളം ഒരു വര്‍ഷത്തേക്ക് വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തെ പൂര്‍ണ്ണമനസോടെ ഞാന്‍ സ്വാഗതം ചെയ്യുകയാണ്. രാജ്യം സമാനതകളില്ലാത്ത ഒരു യുദ്ധമുഖത്തു കൂടി കടന്നു പോകുമ്പോള്‍ പ്രതിരോധ കവചം തീര്‍ക്കാന്‍ ആളും അര്‍ത്ഥവുമായി ഒപ്പമുണ്ടാകേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്തമാണ്. അതില്‍ കണക്കുകൂട്ടലുകളോ, നിബന്ധനകളോ കടന്നു വരേണ്ടതില്ല. പല സംസ്ഥാനങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു കൊണ്ടും കേരളം സാലറി ചലഞ്ചിലൂടെയും ധനസമാഹരണം നടത്തേണ്ടി വരുന്നത് നാം നേരിടുന്ന പ്രതിസന്ധി എത്ര വലുതെന്ന് വ്യക്തമാക്കുന്നതാണ്. കൊവിഡ് പ്രതിസന്ധി നേരിടുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 1.7 ലക്ഷം കോടി പാക്കേജ് ജനങ്ങളിലേക്ക് വിവിധ സഹായങ്ങളായി എത്തുകയാണ്.
ആരോഗ്യ ഇന്‍ഷുറന്‍സടക്കം ഏര്‍പ്പെടുത്തി ഒരു രാജ്യത്തെ ചേര്‍ത്തു പിടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ എല്ലാ ജനങ്ങളെയും പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനാണ് എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടു വര്‍ഷത്തേക്ക് സഞ്ചിത നിധിയാക്കാന്‍ തീരുമാനിച്ചത്. എംപിമാര്‍ മാത്രം തീരുമാനിക്കണോ,
ഗ്രാമ സഭകള്‍ തൊട്ട് കേന്ദ്ര മന്ത്രിസഭ വരെയുള്ള കൂട്ടായ തീരുമാനത്തിലൂടെ ഈ ഫണ്ട് വിനിയോഗിക്കണോ എന്നതാണ് പ്രസക്തമായ ചോദ്യം.

ജനങ്ങള്‍ക്കു വേണ്ടി ജനകീയ ഭരണകൂടം എടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് ശരി. അടുത്ത 2 വര്‍ഷത്തെ എംപി ഫണ്ട് പൂര്‍ണമായും കൊവിഡ് പ്രതിരോധത്തിനു വേണ്ടി നീക്കിവയ്ക്കാനുള്ള തീരുമാനത്തെ എതിര്‍ക്കാതെ, ഒരു നല്ല ലക്ഷ്യത്തിന് വേണ്ടി ഒപ്പം നില്‍ക്കണമെന്നാണ് പ്രതിപക്ഷ നിരയിലെ എം പിമാരോട് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. പ്രാദേശിക വികസന ഫണ്ട് കേന്ദ്രസര്‍ക്കാരിന്റെ ഏകീകൃത ഫണ്ടിലേക്ക് വരുന്നതില്‍ എതിര്‍പ്പിന്റെ സ്വരം കേരളത്തില്‍ നിന്നാണ് കൂടുതല്‍ കേട്ടത്. അത് നരേന്ദ്ര മോദി സര്‍ക്കാരിനോടും ബി ജെ പിയോടുമുള്ള എതിര്‍പ്പു കൊണ്ടാണെന്ന് വ്യക്തം. കൊവിഡിനെതിരായ പോരാട്ടത്തിലെങ്കിലും ഇത്തരം സങ്കുചിത ചിന്തകള്‍ മാറ്റിവച്ചുകൂടേ? രാജ്യത്താകമാനം ദുരിതമനുഭവിക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യമറിയിക്കാനുള്ള സമയമാണിത്, അതിനെ എന്റെ മണ്ഡലം എന്ന് ദയവായി ചുരുക്കി കാണരുത് !
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com