'ശമ്പള'വും 'പകർച്ചവ്യാധി'യും  ; നിയമസഭയിലെ ആദ്യ ചോദ്യത്തിന് ഇന്ന് 100 വയസ്സ്

സർവീസിൽ 50 രൂപയോ അതിൽ കൂടുതലോ വേതനം പറ്റുന്ന വിദേശികളെക്കുറിച്ച് സുബ്രഹ്മണ്യ പിള്ളയുടേതായിരുന്നു ആദ്യ ചോദ്യം
സുബ്രഹ്മണ്യ പിള്ള, പരമേശ്വരൻ പിള്ള
സുബ്രഹ്മണ്യ പിള്ള, പരമേശ്വരൻ പിള്ള

തിരുവനന്തപുരം : കേരള നിയമനിർമാണസഭയിൽ സാമാജികർക്ക് ചോദ്യം ചോദിക്കാനുള്ള അവകാശം ലഭിച്ചിട്ട് ഇന്നു 100 വർഷം തികഞ്ഞു. 1920 ഏപ്രിൽ 7ലെ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിലായിരുന്നു ആദ്യചോദ്യം. തിരുവിതാംകൂർ സർവീസിൽ 50 രൂപയോ അതിൽ കൂടുതലോ വേതനം പറ്റുന്ന വിദേശികളെക്കുറിച്ച് പത്മനാഭപുരം ഡിവിഷനിൽ നിന്നുള്ള എം സുബ്രഹ്മണ്യ പിള്ളയുടേതായിരുന്നു ചരിത്രത്തിലെ ആദ്യ ചോദ്യം. 

അഞ്ചു സാമാജികർക്ക് മൂന്ന് ചോദ്യങ്ങൾ വീതമാണ് ആദ്യ ദിവസം  അനുവദിച്ചത്.  ജെ. ജോൺ നിധീരി (കോട്ടയം–ദേവികുളം ഡിവിഷനുകൾ), എസ്. ആദം സേട്ട്, ജി. പരമേശ്വരൻ പിള്ള (തിരുവനന്തപുരം ഡിവിഷൻ) എന്നിവരായിരുന്നു മറ്റു ചോദ്യകർത്താക്കൾ. ആദ്യ ദിനത്തിലെ 15 ചോദ്യങ്ങളിലൊന്ന് വസൂരിയെക്കുറിച്ചായിരുന്നു. 1918 ഓഗസ്റ്റ് മുതൽ 1920 ഫെബ്രുവരി വരെ വസൂരി മൂലം എത്രപേർ മരിച്ചെന്നായിരുന്നു പരമേശ്വരൻ പിള്ളയുടെ ചോദ്യം. 

വസൂരി മൂലം 455 പേര്‍ മരിച്ചതായി പട്ടണ പരിഷ്കരണ കമ്മറ്റികളുടെ പ്രതിനിധി കയാലം പരമേശ്വരൻ പിള്ളയ്ക്ക് ചോദ്യത്തിനു മറുപടി ലഭിച്ചു.
എട്ട് അംഗങ്ങളുമായി 1888ൽ രൂപീകരിച്ച തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിൽ 1919 മുതലാണ് കൂടുതൽ ജനപ്രാതിനിധ്യം ലഭിച്ചത്.  ജനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യവും സാമാജികര്‍ക്ക് കൂടുതൽ അധികാരവും ചുമതലകളും നൽകിക്കൊണ്ട് കൗണ്‍സിലിന്റെ അംഗസംഖ്യ 15ൽ നിന്ന് 25 ആയി വർദ്ധിപ്പിച്ചു. 

11 അനൗദ്യോഗിക അംഗങ്ങളിൽ 8 പേരെ ജനങ്ങൾ നേരിട്ടു തെരഞ്ഞെടുക്കുകയായിരുന്നു. 1920 ജനുവരി 10, 12, 13 തീയതികളിലായിരുന്നു  തിരഞ്ഞെടുപ്പ്. ബജറ്റ് ചര്‍ച്ച ചെയ്യുന്നതിനുള്ള അവകാശം ജൂലൈ 27നു ലഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com