സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചവര്‍ 9; കാസര്‍കോട് 4; കണ്ണൂര്‍ 3

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് പുതിയതായി കോവിഡ് ബാധ സ്ഥീരികരിച്ചു
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചവര്‍ 9; കാസര്‍കോട് 4; കണ്ണൂര്‍ 3

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് പുതിയതായി കോവിഡ് ബാധ സ്ഥീരികരിച്ചു. കോവിഡ് സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ കാസര്‍കോടുകാരും മൂന്നുപേര്‍ കണ്ണൂര്‍ സ്വദേശികളുമാണ്. കൊല്ലം, മലപ്പുറം എന്നി ജില്ലകളില്‍ നിന്നുളള ഓരോരുത്തര്‍ക്കും രോഗബാധ ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്ത് നിന്ന് വന്ന നാലുപേരിലും നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത രണ്ടുപേരിലും സമ്പര്‍ക്കം മുഖേന മൂന്നുപേരിലുമാണ് രോഗബാധ കണ്ടെത്തിയത്. സംസ്ഥാനത്ത് ഇതുവരെ 336 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 263 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വീടുകളില്‍ 1,45,934 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് 752 പേര്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നു. ഇന്ന് മാത്രം 131 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 11232 സ്രവ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 10250 സാമ്പിളുകള്‍ നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഇന്ന് ലോക ആരോഗ്യ ദിനമാണ്. നഴ്‌സുമാരെയും പ്രസവ ശുശ്രൂഷകരെയും പിന്തുണയ്ക്കുകയെന്നതാണ് ഈ ദിനത്തിന്റെ മുദ്രാവാക്യമായി ലോകാരോഗ്യ സംഘടന കാണുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി നഴ്‌സുമാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആശങ്കയുണ്ടാക്കുന്നു. കോട്ടയത്ത് കൊറോണ ബാധിച്ച വയോധിക ദമ്പതികള്‍ക്ക് സുഖം പ്രാപിച്ചത് ആരോഗ്യ മേഖലയുടെ നേട്ടമാണ്. ഇവരെ ശുശ്രൂഷിക്കവെ സ്റ്റാഫ് നഴ്‌സ് രേഷ്മ മോഹന്‍ദാസിന് രോഗം ബാധിച്ചിരുന്നു. രോഗം മാറി തിരിച്ചെത്തുമ്പോള്‍ ഇനിയും കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യാന്‍ തയാറാണെന്നാണ് നഴ്‌സ് രേഷ്മ പ്രതികരിച്ചത്. കോട്ടയത്ത് തന്നെയുള്ള മറ്റൊരു നഴ്‌സ് പാപ്പാ ഹെന്റി കോവിഡ് ബാധയുള്ള ജില്ലകളില്‍ ജോലി ചെയ്യാനുള്ള സന്നദ്ധത അറിയിച്ചതായി മാധ്യമവാര്‍ത്തകളുണ്ടായിരുന്നു. അവര്‍ക്കു അതേ കരുതലാണ് നല്‍കേണ്ടത്.'– മുഖ്യമന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് അയച്ചു. ചരക്ക് നീക്കത്തില്‍ ചെറിയ കുറവ് വന്നിട്ടുണ്ട്. 1745 ട്രക്കുകളാണ് തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തി കടന്ന് വന്നത്. ഇതില്‍ 43 എല്‍പിജി ടാങ്കറുകളും സിലിണ്ടറുകളുള്ള 65 ട്രക്കുകളുമുണ്ട്. ലോക്ഡൗണിന് മുന്‍പ് ഒരു ദിവസം 227 എല്‍പിജി ടാങ്കറുകള്‍ എത്തിയിരുന്നു. സംസ്ഥാനത്തിന്റെ ഭക്ഷ്യ സ്‌റ്റോക്കില്‍ പ്രശ്‌നമില്ല. സ്‌റ്റോക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. 

കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്. വിഷു, ഈസ്റ്റര്‍ വിപണി സജീവമാകേണ്ട കാലമാണിത്. വിപണി കിട്ടാതിരിക്കുന്നത് കര്‍ഷകരെ ബാധിക്കും. അതുകൊണ്ട് കൃഷിവകുപ്പ് കര്‍ഷക വിപണി വഴി പച്ചക്കറി ശേഖരിക്കും. കര്‍ഷകര്‍ ഇത് ഉപയോഗിക്കണം. പഴം, പച്ചക്കറി വ്യാപാരികള്‍ വില്‍ക്കുന്ന ഉത്പന്നങ്ങളില്‍ പ്രാദേശികമായി ലഭ്യമാകുന്നത് കേരളത്തില്‍നിന്ന് തന്നെ ശേഖരിക്കണം. രോഗികളെ കടത്തിവിടുമെന്ന് കേന്ദ്രവും കര്‍ണാടകയും സമ്മതിച്ചു. ഉത്തരവും ഇറങ്ങിയിട്ടുണ്ട്.

ലോക്ഡൗണിന്റെ മറവില്‍ ഭാരതപ്പുഴയില്‍നിന്ന് മണല്‍ വാരുന്നുവെന്ന് വിവരം ലഭിച്ചു. നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും അമിത വില ഈടാക്കലും തടയാന്‍ നടപടികള്‍ സ്വീകരിക്കും. 326 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 144 നടപടികള്‍ക്കു ശുപാര്‍ശ ചെയ്തു. മത്സ്യ പരിശോധനയില്‍ ഗുരുതരമായ പ്രശ്‌നം കണ്ടെത്തി. വളമുണ്ടാക്കാന്‍ വച്ച മീന്‍ ഇങ്ങോട്ട് കൊണ്ടുവരുന്നതായി ശ്രദ്ധയില്‍പെട്ടു. റേഷന്‍ വിതരണത്തില്‍ നല്ല മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു. നടന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com