ഹര്‍ജിക്കാരന്റെ വീട്ടില്‍ പൂച്ചദുരന്തം ഉണ്ടാവാതിരിക്കട്ടേ, പൂച്ചയ്‌ക്ക്‌ ഭക്ഷണം വാങ്ങാന്‍ ലോക്ക്‌ഡൗണ്‍ ബാധകമല്ലെന്ന്‌ ഹൈക്കോടതി

ഹര്‍ജിക്കാരന്റെ വീട്ടില്‍ പൂച്ചദുരന്തം(CATastrophe) ഉണ്ടാകാതിരിക്കട്ടേ എന്ന്‌ പറഞ്ഞാണ്‌ ഉത്തരവ്‌
ഹര്‍ജിക്കാരന്റെ വീട്ടില്‍ പൂച്ചദുരന്തം ഉണ്ടാവാതിരിക്കട്ടേ, പൂച്ചയ്‌ക്ക്‌ ഭക്ഷണം വാങ്ങാന്‍ ലോക്ക്‌ഡൗണ്‍ ബാധകമല്ലെന്ന്‌ ഹൈക്കോടതി


കൊച്ചി: ലോക്ക്‌ഡൗണ്‍ കാലത്ത്‌ വിശപ്പടക്കാനുള്ള മൃഗങ്ങളുടെ അവകാശവും അംഗീകരിക്കണമെന്ന്‌ ഹൈക്കോടതി. പൂച്ചയ്‌ക്ക്‌ ഭക്ഷണം വാങ്ങാനുള്ള മരട്‌ സ്വദേശി എന്‍ പ്രകാശന്റെ യാത്രക്ക്‌ അനുമതി നല്‍കിയാണ്‌ ഹൈക്കോടതിയുടെ പരാമര്‍ശം.

ഹര്‍ജിക്കാരന്റെ വീട്ടില്‍ പൂച്ചദുരന്തം(CATastrophe) ഉണ്ടാകാതിരിക്കട്ടേ എന്ന്‌ പറഞ്ഞാണ്‌ ഉത്തരവ്‌. പൂച്ചയ്‌ക്ക്‌ ഭക്ഷണം വാങ്ങാനുള്ള യാത്രക്ക്‌ പൊലീസ്‌ പാസ്‌ നിഷേധിച്ചതോടെയാണ്‌ പ്രകാശ്‌ കോടതിയെ സമീപിച്ചത്‌. നീതി നിര്‍വഹണ സംവിധാനങ്ങളുടെ വാതില്‍ ലോക്ക്‌ഡൗണ്‍ കാലത്തും പൗരാവകാശങ്ങള്‍ക്ക്‌ വേണ്ടി തുറന്നിടണം എന്ന്‌ ഓര്‍മിപ്പിക്കുന്ന കേസാണ്‌ ഇതെന്ന്‌ ജസ്റ്റിസ്‌ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ്‌ ഷാജി പി ചാലി എന്നിവരടങ്ങുന്ന ബെഞ്ച്‌ വിലയിരുത്തി.

മൃഗങ്ങളുടെ ഭക്ഷണം അവശ്യ സാധനമായതിനാല്‍ അത്‌ വാങ്ങാന്‍ പാസ്‌ വേണ്ടെന്നും സത്യവാങ്‌മൂലം മതിയെന്നും അഡീ അഡ്വക്കേറ്റ്‌ രഞ്‌ജിത്‌ തമ്പാന്‍ കോടതിയെ അറിയിച്ചു. പൊലീസിന്റെ അനുമതിക്കായി കാത്തിരിക്കേണ്ട കാര്യമില്ലെന്നും, സത്യവാങ്‌മൂലവും, കോടതി വിധിയും കാണിച്ച്‌ യാത്ര ചെയ്യാമെന്ന്‌ കോടതി വ്യക്തമാക്കി.

തെരുവ്‌ നായ്‌ക്കള്‍ക്ക്‌ വരെ ഭക്ഷണം ഉറപ്പാക്കണം എന്ന്‌ മുഖ്യമന്ത്രി പറയുമ്പോള്‍ വളര്‍ത്തു പൂച്ചയ്‌ക്ക്‌ ഭക്ഷണം വാങ്ങാന്‍ യാത്ര അനുമതി നല്‍കാത്തത്‌ അതിക്രമമാണെന്ന്‌ കാണിച്ചായിരുന്നു ഹര്‍ജി. വീട്ടില്‍ മൂന്ന്‌ വലിയ പൂച്ചകളും രണ്ട്‌ കുഞ്ഞുങ്ങളുമുണ്ട്‌. താന്‍ വെജിറ്റേറിയന്‍ ആയതിനാല്‍ പൂച്ചകള്‍ക്ക്‌ സസ്യേതര ആഹാരം ഉണ്ടാക്കാനാവില്ല. മ്യൂ പേര്‍ഷ്യന്‍ എന്ന ക്യാറ്റ്‌ ബിസ്‌കറ്റ്‌ വാങ്ങാന്‍ കൊച്ചി കടവന്ത്രയിലെ പെറ്റ്‌സ്‌ ഹോസ്‌പിറ്റലില്‍ പോവാനാണ്‌ പൊലീസിനോട്‌ പാസ്‌ ആവശ്യപ്പെട്ടത്‌. എന്നാല്‍ പാസ്‌ അനുവദിച്ചില്ല. ഇങ്ങനെ പോയാല്‍ പൂച്ചകളുടെ ജീവന്‍ നഷ്ടമാവുമെന്ന്‌ ഹര്‍ജിക്കാരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദിച്ചു.


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com