67 പഞ്ചായത്തുകള്‍ കോവിഡ് ഹോട്ട്‌സ്‌പോട്ട് ആകാന്‍ സാധ്യത; ഫസ്റ്റ്‌ലൈന്‍ ചികിത്സാ സെന്ററുകള്‍ ഒരുങ്ങുന്നു, ജില്ലാ കേന്ദ്രങ്ങളില്‍ വാര്‍ റൂം

സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ കോവിഡ് 19 ഹോട്ട്‌സ്‌പോട്ട് ആകാന്‍ സാധ്യതയുള്ള 67 പഞ്ചായത്തുകളില്‍ ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള കെട്ടിടങ്ങള്‍ കണ്ടെത്തി.
ചിത്രം: പിടിഐ
ചിത്രം: പിടിഐ

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ കോവിഡ് 19 ഹോട്ട്‌സ്‌പോട്ട് ആകാന്‍ സാധ്യതയുള്ള 67 പഞ്ചായത്തുകളില്‍ ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള കെട്ടിടങ്ങള്‍ കണ്ടെത്തി. മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ നിലവിലുള്ള കോവിഡ് കെയര്‍ സെന്ററുകള്‍ക്കും ഐസൊലേഷന്‍ സെന്ററുകള്‍ക്കും പുറമേ കോവിഡ് കെയര്‍ സെന്ററുകളായി പ്രവര്‍ത്തിപ്പിക്കാന്‍ അനുയോജ്യമായ 2378 കെട്ടിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 

നിലവിലുള്ള ലേബര്‍ ക്യാമ്പുകള്‍ കൂടാതെ അതിഥി തൊഴിലാളികളെ പാര്‍പ്പിക്കുന്നതിന് 20 താല്‍ക്കാലിക ലേബര്‍ക്യാമ്പുകള്‍ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്ത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് അനുയോജ്യമായ 1383 കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്.സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സ്ഥിതിവിവരങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാരിന് ലഭ്യമാക്കുന്നതിനും പഞ്ചായത്ത് ഡയറക്ടറേറ്റിലും ജില്ലാ ഓഫീസുകളിലും വാര്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. 

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 15962 വാര്‍ഡ്തല ഹെല്‍ത്ത് കമ്മിറ്റികളും, 15962 ആരോഗ്യ ജാഗ്രത സമിതികളും, 48817 ദുരന്തനിവാരണ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകളും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണ്. വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിന് 15825 വാര്‍ഡ് തല നിരീക്ഷണ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ നിലവിലുള്ള മെഡിക്കല്‍ ആഫീസര്‍ക്ക് പുറമേ 183 പേരെ അധികമായി പഞ്ചായത്തുകള്‍ നിയോഗിച്ചിട്ടുണ്ട്. ഇവ കൂടാതെ അവശ്യഘട്ടങ്ങളില്‍ പ്രയോജനപെടുത്തുന്നതിനു പഞ്ചായത്ത് പരിധിയിലുള്ള 3396 ഡോക്ടര്‍മാര്‍, 5851 നേഴ്‌സ്മാര്‍, 4086 പാരാ മെഡിക്കല്‍ ജീവനക്കാര്‍,1280 ലാബ് ടെക്‌നീഷിയന്മാര്‍, 3410 മെഡിക്കല്‍ വിധ്യാര്‍ദികള്‍, 7730 പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തകര്‍ എന്നിവരുടെ റിസര്‍വ് പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com