'ഒരു ക്ലിക്കില്‍ കാണാം'; കൊറോണ കാര്‍ട്ടൂണുകള്‍

കൊറോണ കാലത്തെ കാര്‍ട്ടൂണുകളുടെ ശേഖരം ആസ്വദിക്കാനും മറ്റുള്ളവര്‍ക്ക് പങ്കിടാനും ഫെയ്‌സ് ബുക്കിലൂടെ അവസരം ഒരുക്കിയിരിക്കുകയാണ് കേരള കാര്‍ട്ടൂണ്‍ അക്കാദമി
കാര്‍ട്ടൂണ്‍ അക്കാദമിയുടെ ഫെയ്‌സ്ബുക്ക് പേജിലെ ചിത്രം
കാര്‍ട്ടൂണ്‍ അക്കാദമിയുടെ ഫെയ്‌സ്ബുക്ക് പേജിലെ ചിത്രം

കൈ കഴുകിയില്ലെങ്കില്‍ കിടപ്പാകുമെന്ന് പറയുന്നു ഒരു കാര്‍ട്ടൂണ്‍. മനുഷ്യന്റെ കണ്ണില്ലാത്ത ദുരയാണ് കുഴപ്പമെന്ന് ചൂണ്ടിക്കാട്ടുന്നു മറ്റൊന്ന്. അമേരിക്കയുടെയും യൂറോപ്പിന്റെയും നടുക്കമാണ് ചില ചിത്രങ്ങളില്‍. ഭയാനകമായി പടരുന്ന  കൊറോണയുടെ  നേര്‍ ചിത്രങ്ങളാണ് എല്ലാം. ലോക് ഡൗണ്‍ കാലത്ത് ബോറടി മാറ്റാന്‍ മാത്രമല്ല, ബോധം തെളിയാനും ഉപകരിക്കുന്ന വരകള്‍. കൊറോണ കാലത്തെ കാര്‍ട്ടൂണുകളുടെ ശേഖരം ആസ്വദിക്കാനും മറ്റുള്ളവര്‍ക്ക് പങ്കിടാനും ഫെയ്‌സ് ബുക്കിലൂടെ അവസരം ഒരുക്കിയിരിക്കുകയാണ് കേരള കാര്‍ട്ടൂണ്‍ അക്കാദമി.

കേരളത്തിലെ  മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലെയും വിദേശത്തെയും കാര്‍ട്ടൂണിസ്റ്റുകളുടെ രചനകള്‍ വിപുലമായ ശേഖരത്തിലുണ്ട്. പത്രമാധ്യമങ്ങളിലൂടെ അറിയപ്പെടുന്നവരും ഇതിലുള്‍പ്പെടും. വെറും ചിരിയല്ല , ചിന്തയുടെ വലിയ തിരിച്ചറിവുകള്‍ നല്‍കുന്നുണ്ട് പല കാര്‍ട്ടൂണുകളും. ഒപ്പം, ജാഗ്രതയുടെ മുന്നറിയിപ്പുകളും. 900ലധികം കാര്‍ട്ടൂണുകളുള്ള ശേഖരത്തിലേക്ക് ഇനി മുതല്‍ ദിവസവും 100 രചനകള്‍ വീതം ഉള്‍പ്പെടുത്തും.

കൊറോണ ഭീതി കേരളത്തില്‍ ആദ്യമുയര്‍ന്നപ്പോള്‍,  ഫെബ്രുവരിയില്‍ കണ്ണൂരില്‍  കാര്‍ട്ടൂണ്‍ അക്കാദമി കൊറോണ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം നടത്തിയിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പും, ജില്ലാ മെഡിക്കല്‍ ഓഫീസുമായി സഹകരിച്ച് തൃശൂരും എറണാകുളത്തും ഒരുക്കിയ കാര്‍ട്ടൂണ്‍ പ്രചാരണം സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോഴും തുടരുന്നുണ്ട്. കൂടുതല്‍ ജില്ലകളില്‍ വ്യാപിപ്പിച്ച് പ്രാദേശികമായി പ്രചരിപ്പിക്കാനും ലക്ഷ്യമിടുന്നു.

ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കാര്‍ട്ടൂണുകള്‍ക്ക് കൂടുതല്‍ കഴിയുമെന്നതിനാലാണ് ലോക് ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ പ്രദര്‍ശനം ഒരുക്കിയതെന്ന് അക്കാദമി ചെയര്‍മാന്‍ കെ ഉണ്ണികൃഷ്ണനും സെക്രട്ടറി അനൂപ് രാധാകൃഷ്ണനും പറഞ്ഞു. നൂറു വര്‍ഷം മുന്‍പ് ഒരു മഹാ ക്ഷാമ കാലത്താണ് ആദ്യമലയാള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ മഹാമാരിയെ ചെറുക്കുന്ന സമൂഹത്തില്‍  ബോധവല്‍ക്കരണ ദൗത്യത്തിലാണ് കാര്‍ട്ടൂണിസ്റ്റുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com