ചില പൊലീസുകാര്‍ വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിക്കുന്നു; ആഴ്ചയില്‍ ഒരുദിവസം കണ്ണട ഷോപ്പുകള്‍ തുറക്കും

രക്തദാനത്തിന് സന്നദ്ധരാകുന്നവര്‍ ഈ അവസരത്തില്‍ മുന്നോട്ട് വരണം
ചില പൊലീസുകാര്‍ വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിക്കുന്നു; ആഴ്ചയില്‍ ഒരുദിവസം കണ്ണട ഷോപ്പുകള്‍ തുറക്കും


തിരുവനന്തപുരം: സന്നദ്ധം വളണ്ടിയര്‍മാരുടെ രജിസ്‌ട്രേഷന്‍ ഊര്‍ജിതമായി നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൊത്തത്തില്‍ ആവശ്യമുള്ളതില്‍ അധികം വളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷേ 119 തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളില്‍ 50 താഴെ മാത്രം വോളണ്ടിയര്‍മാരാണുള്ളത്. ഇവിടെയും ശരാശരി എണ്ണം ആവശ്യമുണ്ട്. ഇക്കാര്യത്തില്‍ പ്രത്യേക ഇടപടലിന് തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  

സംസ്ഥാനത്ത് പോലീസിന്റെ സേവനം ഫലപ്രദമായി നടക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. നല്ലരീതിയുലുള്ള സേവനമാണ് പൊലീസ് പൊതുവെ നടത്തുന്നത്. എന്നാല്‍ ചില തെറ്റായ പ്രവണതകള്‍ അപൂര്‍വമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വീണ്ടുവിചാരമില്ലാതെ പെരുമാറുന്ന ഒറ്റപ്പെട്ട ചില അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഔചിത്യപൂര്‍ണമായ ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും അതാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ആശുപത്രികളില്‍ അടിയന്തിര ചികിത്സക്ക് രക്തം കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്തദാനത്തിന് സന്നദ്ധരാകുന്നവര്‍ ഈ അവസരത്തില്‍ മുന്നോട്ട് വരണം. മൊബൈല്‍ യൂണിറ്റ് വഴിയും രക്തം ശേഖരിക്കാനുള്ള സംവിധാനമുണ്ടാകും. നേരതതെ തന്നെ രക്തദാന സേന രൂപീകരിച്ച സ്ഥാപനങ്ങളും സംഘടനകളും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

കണ്ണട ഉപയോഗിക്കുന്നവര്‍ക്ക് കണ്ണട കടകളില്‍ പോകാന്‍ നിര്‍വാഹമില്ലെന്ന് കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആഴ്ചയില്‍ ഒരു ദിവസം കണ്ണട കടകള്‍ക്ക് ഇളവ് നല്‍കാന്‍ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com