ആവശ്യമെങ്കില്‍ ഓണ്‍ലൈന്‍ പരീക്ഷ; സ്‌കൂള്‍ ജൂണ്‍ ഒന്നിന് തുറക്കുമെന്ന് പ്രതീക്ഷ; വിദ്യാഭ്യാസമന്ത്രി

ഏത് തരത്തിലും ഈ പരീക്ഷകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ വൈകാതെ തന്നെ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. കോവിഡ്‌ പ്രതിരോധത്തില്‍ നമ്മള്‍ വിജയിച്ചു എന്നൊരു ഘട്ടമെത്തിയാല്‍ ഉടനടി പരീക്ഷകള്‍ നടത്തും. ജൂണ്‍ 1ന് തന്നെ സ്‌കൂള്‍ തുറക്കണമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

എട്ടാം ക്ലാസ് വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും ജില്ലാ ഹബ്ബുകളില്‍ എത്തിയിട്ടുണ്ട്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലേക്ക് ഉള്ള പുസ്തകങ്ങള്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങിയാല്‍ ഉടനെത്തിക്കാം. എല്ലാ പുസ്തകങ്ങളും അച്ചടിച്ച് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. പക്ഷേ, കോവിഡ്‌ പ്രതിരോധമാണ് പ്രധാനം. അതിനാണ് പ്രഥമപരിഗണനയെന്നും മന്ത്രി പറഞ്ഞു.

എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇനി നടക്കാനിരിക്കുന്ന എല്ലാ പരീക്ഷകള്‍ക്കും കുറച്ചുകൂടി നന്നായി പഠിച്ച് തയ്യാറെടുക്കണം. പത്താം ക്ലാസ്സിലെ മൂന്ന് പരീക്ഷകളും പ്ലസ്ടുവിലെ രണ്ട് പരീക്ഷകളും, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയിലെ അഞ്ച് പരീക്ഷകളുമാണ് ബാക്കിയുള്ളത്. ഏത് തരത്തിലും ഈ പരീക്ഷകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഓണ്‍ലൈനായി പരീക്ഷ നടത്തേണ്ട സാഹചര്യമുണ്ടായാല്‍ അങ്ങനെ ചെയ്യാന്‍ സംവിധാനങ്ങളുണ്ട്. അതല്ല, സാമ്പദ്രായിക തരത്തില്‍ പരീക്ഷ നടത്തണമെങ്കില്‍ അതിന് പരമാവധി ആളുകളെ കുറച്ച്, പല സമയങ്ങളിലായും ദിവസങ്ങളിലായും നടത്തുന്നതടക്കം സര്‍ക്കാര്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.

മുതിര്‍ന്ന ക്ലാസുകളിലല്ലാത്തവര്‍, സമഗ്ര എന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അവധിക്കാലം കളിച്ച് പഠിക്കാമെന്ന തരത്തിലുള്ള നിരവധി പാഠഭാഗങ്ങള്‍ ഇപ്പോള്‍ത്തന്നെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതെല്ലാം നോക്കി, പഠിച്ച് അവധിക്കാലം സന്തോഷകരമാക്കണം. വരാനിരിക്കുന്ന പാഠഭാഗങ്ങള്‍ നേരത്തേ കളിച്ച് പഠിച്ച് തുടങ്ങണം. പക്ഷേ, പുറത്തിറങ്ങരുത്. ശ്രദ്ധയോടെ വീട്ടിലിരിക്കണം മന്ത്രി പറഞ്ഞു.

വിദേശത്ത് നിന്ന് പുതുതായി നാട്ടിലേക്ക് പഠിക്കാനായി വരുന്നവര്‍ക്ക് അഡ്മിഷന്‍ മുടങ്ങില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി. വിദേശത്ത് നിന്ന് മാതാപിതാക്കള്‍ക്കൊപ്പം എത്തി ക്വാറന്റൈനില്‍ 28 ദിവസം കഴിഞ്ഞ ശേഷവും അഡ്മിഷന്‍ എടുക്കാന്‍ ശ്രമിക്കുന്ന എല്ലാ കുട്ടികള്‍ക്കും അഡ്മിഷന്‍ കൊടുക്കും. ഒരു കുട്ടിക്കും അഡ്മിഷന്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ മുടങ്ങില്ലെന്നും മന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com