കൊച്ചിയില്‍ കോവിഡ് ബാധിതനായ യൂബര്‍ ഡ്രൈവറും ആശുപത്രി വിട്ടു

കോവിഡ് ബാധിതനായി മരിച്ച മട്ടാഞ്ചേരി സ്വദേശി സഞ്ചരിച്ച യൂബര്‍ ടാക്‌സി ഡ്രൈവറാണ് ആശുപത്രി വിട്ടത്‌
കൊച്ചിയില്‍ കോവിഡ് ബാധിതനായ യൂബര്‍ ഡ്രൈവറും ആശുപത്രി വിട്ടു

കൊച്ചി; കോവിഡ്  ചികിത്സയിലിരിക്കെ മരിച്ച മട്ടാഞ്ചേരി സ്വദേശി വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് സഞ്ചരിച്ച ഊബര്‍ ടാക്‌സി ഡ്രൈവറുടെ രോഗം പൂര്‍ണമായും ഭേദപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

മാര്‍ച്ച് 25 നാണ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്  വല്ലാര്‍പാടം സ്വദേശി ലതീഷി(37) നെ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹവുമായി സമ്പര്‍ക്കം ഉണ്ടായിരുന്ന കുടുംബാംഗങ്ങളുടെയും മറ്റും സാമ്പിള്‍ ഫലങ്ങള്‍ എല്ലാം നേരത്തെ തന്നെ നെഗറ്റീവ് ആയിരുന്നു.

അഡ്മിറ്റ് ആകുമ്പോള്‍ കടുത്ത പനിയും, ചുമയും ഉണ്ടായിരുന്നു. സി.ടി സ്‌കാനില്‍ ന്യൂമോണിയ ഉണ്ടെന്നും കണ്ടെത്തി. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, ആന്റി ബയോട്ടിക്ക് മരുന്നുകള്‍, ആന്റി വൈറല്‍ മരുന്നുകള്‍ എന്നിവ ആദ്യമേ നല്‍കുവാന്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ പനിയും ന്യൂമോണിയയും വര്‍ധിച്ചുവെങ്കിലും ക്രമേണ രോഗലക്ഷണങ്ങള്‍ കുറഞ്ഞു വന്നു.

ചികിത്സ ആരംഭിച്ച് ആറാം ദിനത്തോടെ രോഗലക്ഷണങ്ങള്‍ വിട്ടു മാറുകയും ചെയ്തു. വീണ്ടും സാമ്പിളുകള്‍ രണ്ടു വട്ടം കൂടി പരിശോധിച്ച് നെഗറ്റീവ് എന്ന് സ്ഥിരീകരണം വന്നതോടെ ആണ് ഡിസ്ചാര്‍ജ് ചെയ്തത്.

ഡോ. ഫത്താഹുദിന്‍, ഡോ. ജേക്കബ് കെ. ജേക്കബ്, ഡോ. വിഭ സന്തോഷ്, ഡോ. റെനിമോള്‍, ഡോ. ഗണേഷ് മോഹന്‍ (ആര്‍.എം.ഒ), ഡോ. ജോ ജോസഫ് എന്നിവരുള്‍പ്പെട്ട ചികിത്സാ സംഘത്തിന് .ഡോ. ഗീത നായര്‍, സാന്റി അഗസ്റ്റിന്‍,, നഴ്‌സിംഗ് സൂപ്രണ്ട് വത്സല, വിവിധ വകുപ്പ് മേധാവികള്‍, എന്നിവര്‍ മികച്ച പിന്തുണ നല്‍കി.

പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. . പീറ്റര്‍ വാഴയില്‍  മറ്റു മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരുന്നു ചികിത്സ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com