കോവിഡിനെ ചെറുക്കാന്‍ കേരളത്തിന്റെ 'വാര്‍ റൂം' ; കരുതലും ജാഗ്രതയുമായി മുഖ്യമന്ത്രി ; സൂക്ഷ്മനിരീക്ഷണം

എല്ലാ കാര്യങ്ങളും അവലോകനയോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്
കോവിഡിനെ ചെറുക്കാന്‍ കേരളത്തിന്റെ 'വാര്‍ റൂം' ; കരുതലും ജാഗ്രതയുമായി മുഖ്യമന്ത്രി ; സൂക്ഷ്മനിരീക്ഷണം

തിരുവനന്തപുരം : ലോകം കോവിഡ് എന്ന മഹാമാരിക്ക് മുന്നില്‍ പകച്ചുനില്‍ക്കുമ്പോള്‍, കൃത്യമായ വിലയിരുത്തലും ഇടപെടലുകളുമായി മഹാമാരിയെ ചെറുക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുകയാണ് കേരള സര്‍ക്കാര്‍. ഇതിന് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും. ആരോഗ്യവകുപ്പിലെ ജീവനക്കാരെയും ആരോഗ്യപ്രവര്‍ത്തകരെയും ഏകോപിപ്പിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജയും കൊറോണയെ ചെറുക്കാന്‍ മുന്നില്‍ നില്‍ക്കുന്നു. കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളെ രാജ്യവും പ്രധാനമന്ത്രിയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. 

രാവിലെ ഒമ്പതിന് സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിലെത്തുന്ന മുഖ്യമന്ത്രിയെ പ്രൈവറ്റ് സെക്രട്ടറി ആര്‍ മോഹനും സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസും പ്രധാന സംഭവങ്ങളും യോഗങ്ങളുടെ സമയവും അറിയിക്കും. ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും അടിയന്തര ഫയലുകള്‍ മുഖ്യമന്ത്രി നോക്കുകയും ചെയ്യും. മുഖ്യമന്ത്രിയുടെ ആദ്യസന്ദര്‍ശക മിക്കവാറും ആരോഗ്യമന്ത്രി കെ കെ ശൈലജയാണ്. കോവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അതുവരെയുള്ള സ്ഥിഗതികള്‍ ശൈലജ മുഖ്യമന്ത്രിയെ ധരിപ്പിക്കും. പിന്നാലെ ചീഫ് സെക്രട്ടറി, ഡിജിപി, ധനകാര്യ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെത്തി കാര്യങ്ങള്‍ വിശദീകരിക്കും. 

വിഡിയോ കോണ്‍ഫറന്‍സുണ്ടെങ്കില്‍ അതില്‍ പങ്കെടുത്തശേഷം ശേഷിക്കുന്ന സന്ദര്‍ശകരെയും കണ്ട് ഒരു മണിക്ക് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മുഖ്യമന്ത്രി പോകും. വൈകിട്ട് മൂന്നിനാണ് മുഖ്യമന്ത്രി ഓഫീസിലേക്ക് തിരികെയെത്തുന്നത്. പ്രസ് സെക്രട്ടറി പി എം മനോജ് പ്രധാന സംഭവങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കും. പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനും അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനും ഓഫിസിലെത്തിയ പരാതികളും കേന്ദ്രത്തില്‍നിന്നുള്ള നിര്‍ദേശങ്ങളും മുഖ്യമന്ത്രിയെ അറിയിക്കും. വകുപ്പുകളുടെ ഇടപെടല്‍ സംബന്ധിച്ച നോട്ടുകളും കൈമാറും.

ഇതിന് ശേഷം വൈകീട്ട് നാലിനാണ് കോണ്‍ഫറന്‍സ് ഹാളിലെ വാര്‍ റൂമില്‍ കോവിഡുമായി ബന്ധപ്പെട്ട അവലോകനം നടക്കുന്നത്. എന്തുതിരക്കുണ്ടെങ്കിലും കൃത്യം നാലിന് തന്നെ മുഖ്യമന്ത്രി യോഗത്തിനെത്തും. കോവിഡുമായി ബന്ധപ്പെട്ട സൂക്ഷ്മ വിലയിരുത്തലുകളും നടപടികള്‍ക്ക് രൂപം നല്‍കലുമെല്ലാം സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ ഒന്നാം നിലയിലുള്ള പുതിയ കോണ്‍ഫറന്‍സ് ഹാളിലെ വാര്‍ റൂമിലാണ് നടക്കുന്നത്. ആരോഗ്യമന്ത്രി കെ കെ ശൈലജ, റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ് , ആരോഗ്യ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത, റവന്യൂ സെക്രട്ടറി ഡോ.വി.വേണു, പൊതുഭരണ സെക്രട്ടറി ജ്യോതിലാല്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഫയര്‍ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍ തുടങ്ങിയവരും  ദുരന്തനിവാരണ അതോറിറ്റിയുടെ പ്രതിനിധികളും യോഗത്തിനുണ്ടാകും. 

മന്ത്രി കെ കെ ശൈലജ കോവിഡ് വ്യാപനം സംബന്ധിച്ച കണക്കുകള്‍ യോഗത്തില്‍ വിശദീകരിക്കും. പിന്നീട് ആരോഗ്യ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ ലോകത്തെയും രാജ്യത്തെയും കോവിഡ് വ്യാപനം സംബന്ധിച്ചും കേരളത്തില്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും പവര്‍പോയിന്റ് പ്രസന്റേഷന്‍ അവതരിപ്പിക്കും. ചീഫ് സെക്രട്ടറി ടോം ജോസ് തന്റെ അധ്യക്ഷതയില്‍ നേരത്തെ നടന്ന സെക്രട്ടറിമാരുടെ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കും. പിന്നീട് ഓരോ വകുപ്പ് മേധാവികളും സംസാരിക്കും. അതിനുശേഷം മുഖ്യമന്ത്രി തന്റെ നിര്‍ദേശങ്ങളും തീരുമാനങ്ങളും യോഗത്തെ അറിയിക്കും.

യോഗത്തില്‍ പതിവ് 'യെസ് സാര്‍' മറുപടി വേണ്ടെന്ന് മുഖ്യമന്ത്രി തുടക്കത്തില്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ''പതിവു പല്ലവി വേണ്ട. കാര്യങ്ങള്‍ കൃത്യമായി ചെയ്തു കാണിക്കണം. ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ പരിഹരിക്കും.''. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി വേണമെന്നും മുഖ്യമന്ത്രി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. 
വകുപ്പുകള്‍ പ്രത്യേകം തീരുമാനമെടുക്കരുതെന്നും എല്ലാ കാര്യങ്ങളും അവലോകനയോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡുമായും ലോക്ഡൗണുമായും ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ഉണ്ടാകുന്നത് അവലോകന യോഗത്തിലാണ്. 

യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രസ് വിഭാഗത്തിലുള്ളവര്‍ പോയിന്റുകളായി പ്രസ് സെക്രട്ടറിക്ക് കൈമാറും. മന്ത്രിമാരുടെ ഓഫിസുകളില്‍നിന്നും വകുപ്പുകളില്‍നിന്നും അയയ്ക്കുന്ന നോട്ടുകള്‍കൂടി ഉള്‍പ്പെടുത്തി വിശദമായ വാര്‍ത്താക്കുറിപ്പ് തയാറാക്കും. അന്നത്തെ പ്രധാന സംഭവങ്ങളുടെ മറുപടി മുന്‍കൂട്ടി തയാറാക്കി വയ്ക്കും. യോഗത്തിന്റെ തീരുമാനങ്ങള്‍ അടക്കമുള്ള വിശദമായ കുറിപ്പുമായാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും റവന്യൂമന്ത്രിയും ചീഫ് സെക്രട്ടറിയും അടങ്ങുന്ന സംഘം വാര്‍ത്താ സമ്മേളനത്തിനെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com