ജപ്തി നടപടികള്‍ നിര്‍ത്തിവെക്കണം; ബാങ്കുകളോട് മുഖ്യമന്ത്രി

സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും.
ജപ്തി നടപടികള്‍ നിര്‍ത്തിവെക്കണം; ബാങ്കുകളോട് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചില ബാങ്കുകള്‍ ഇപ്പോഴും ജപ്തി നടപടികളുമായി മുന്നോട്ടുപോകുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഘട്ടത്തില്‍ എല്ലാ ജപ്തി നടപടികളും നിര്‍ത്തിവെയ്‌ക്കേണ്ടതാണെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. കയര്‍, ലോട്ടറി, തയ്യല്‍, ആഭരണ, ഈറ്റ തൊഴിലാളികള്‍ക്കു സഹായം നല്‍കും. 1000 രൂപ വീതമാണു സഹായം.

ഒന്നരലക്ഷം മത്സ്യത്തൊഴിലാളികള്‍ക്കു 2000 രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റബര്‍ ടാപ്പിങ്ങിന് മുന്നോടിയായി റെയിന്‍ ഗാര്‍ഡിങ് നടത്താന്‍ അനുമതി നല്‍കും. ഒരു വിഭാഗം തൊഴിലാളികളെ വച്ച് ടാപ്പിങ്ങിന് അനുമതി നല്‍കുന്നത് പരിഗണനയിലാണ്. നഗരസഭകളിലെ ശുചീകരണത്തൊഴിലാളികളെ തടയരുത്. അവര്‍ക്ക് പാസ് നല്‍കണം. വടക്കന്‍ കേരളത്തില്‍ ബീഡിമേഖലയിലെ ഔട്ട് വര്‍ക്ക് സംവിധാനം തുടരാം.
റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം നീട്ടണമെന്ന് പ്രധാനമന്ത്രിയോട് കേരളം ആവശ്യപ്പെട്ടു.

കോവിഡ് രോഗം മൂലമുണ്ടായ പ്രതിസന്ധി മറികടക്കാന്‍ നിര്‍ദേശങ്ങളും സര്‍ക്കാര്‍ മുന്നോട്ടുവച്ചു. പരിസ്ഥിതി മലിനീകരണം ഉണ്ടാകാത്ത വ്യവസായങ്ങള്‍ക്ക് 14 ദിവസത്തിനകം അനുമതി നല്‍കും. മാസ്‌ക്, സാനിറ്റൈസര്‍ നിര്‍മാണത്തില്‍ ചെറുകിട വ്യവസായ മേഖല ഇടപെടണം. കോവിഡ് കാരണം ഒരു സ്ഥാപനവും അടച്ചുപൂട്ടില്ലെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com