മലയാളികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ അഞ്ച് കോവിഡ് ഹെല്‍പ് ഡെസ്‌കുകള്‍; അംബാസഡര്‍മാര്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി

മലയാളികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ അഞ്ച് കോവിഡ് ഹെല്‍പ് ഡെസ്‌കുകള്‍; അംബാസഡര്‍മാര്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി
മലയാളികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ അഞ്ച് കോവിഡ് ഹെല്‍പ് ഡെസ്‌കുകള്‍; അംബാസഡര്‍മാര്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ കൂടുതലായുള്ള രാജ്യങ്ങളില്‍ അഞ്ച് കോവിഡ് ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ വിവിധ സംഘടനകളുമായി സഹകരിച്ച് നോര്‍ക്ക ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളും അടങ്ങുന്ന ഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനം. ഹെല്‍പ്പ് ഡെസ്‌ക്കുകളുമായി സഹകരിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍മാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ സേവനം ലഭ്യമാക്കും. ഇവിടെയുള്ള ഡോക്ടര്‍മാരുമായി വീഡിയോ, ഓഡിയോ കോളുകളിലൂടെ അവര്‍ക്ക് സംസാരിക്കാം. നോര്‍ക്ക വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്ത് ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് നിവര്‍ത്തിവരുത്താം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ ആറുവരെ  ജനറല്‍ മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോ, ഇഎന്‍ടി, ഓപ്താല്‍മോളജി ഡോക്ടര്‍മാരുടെ ടെലിഫോണ്‍ സേവനം ലഭിക്കും.

വിദേശത്ത് ആറുമാസത്തില്‍ കുറയാതെ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന മലയാളികള്‍ക്ക് നോര്‍ക്കയില്‍ രജിസ്‌ട്രേഷന്‍ കാര്‍ഡ് ഇപ്പോഴുണ്ട്. അത് വിദേശങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കും ഏര്‍പ്പെടുത്തും. മലയാളി വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന് നോര്‍ക്ക റൂട്ട്‌സ് ഓവര്‍സീസ് സ്റ്റുഡന്റ് രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും വിമാന യാത്രാക്കൂലി ഇളവും ലഭ്യമാക്കും. വിദേശത്ത് പഠിക്കുന്ന എല്ലാ മലയാളി വിദ്യാര്‍ഥികളും ഇനി പഠനത്തിനു പോകുന്നവരും ഇതില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് നിര്‍ബന്ധമാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com