കേരളത്തിന് അഭിമാനം ;  സാമ്പിള്‍ ശേഖരണത്തിന് വിസ്‌ക് രാജ്യമൊട്ടാകെ ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുന്നു

വിസ്‌ക് ഉപയോഗിച്ച് രണ്ടു മിനിറ്റില്‍ താഴെ സമയംകൊണ്ട് സാമ്പിള്‍ ശേഖരിക്കാന്‍ സാധിക്കും
കേരളത്തിന് അഭിമാനം ;  സാമ്പിള്‍ ശേഖരണത്തിന് വിസ്‌ക് രാജ്യമൊട്ടാകെ ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുന്നു

കൊച്ചി : കോവിഡ് ബാധിതരുടെ സ്രവസാമ്പിള്‍ സുരക്ഷിതമായും വളരം വേഗവും ശേഖരിക്കാന്‍ കേരളം രൂപകല്‍പ്പന ചെയ്ത വിസ്‌ക് ( വാക്ക് ഇന്‍ സാമ്പിള്‍ കിയോസ്‌ക് ) രാജ്യമൊട്ടാകെ ഉപയോഗിക്കാന്‍ ഒരുങ്ങുന്നു. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സംഘം രൂപകല്പനചെയ്തതാണ് വിസ്‌ക്. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ഓരോ ആശുപത്രികള്‍, ജാര്‍ഖണ്ഡിലെ ചായ്ബാസ് സര്‍ദാര്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഇതിനോടകം വിസ്‌ക് സ്ഥാപിച്ചുകഴിഞ്ഞു.

വിസ്‌ക് ഉപയോഗിച്ച് രണ്ടു മിനിറ്റില്‍ താഴെ സമയംകൊണ്ട് സാമ്പിള്‍ ശേഖരിക്കാന്‍ സാധിക്കും. ദക്ഷിണകൊറിയയില്‍ സാമ്പിള്‍ ശേഖരണത്തിനു സ്വീകരിച്ച മാതൃകയാണ് ഇതിന് ഉപയോഗിച്ചിട്ടുള്ളത്.ഒരു സ്ഥലത്ത് കിയോസ്‌ക് താത്കാലികമായി സ്ഥാപിച്ച് വലിയതോതില്‍ സാമ്പിളുകള്‍ ശേഖരിക്കാനാവും. ഒരാള്‍ക്ക് ചുരുങ്ങിയത് രണ്ടു മിനിറ്റ് മാത്രം മതിയാകും.

അണുവിമുക്തമായി തയ്യാറാക്കപ്പെട്ട കിയോസ്‌കുകളില്‍ സാംപിള്‍ ശേഖരിക്കുന്നവരുടെയും നല്‍കുന്നവരുടെയും സുരക്ഷയ്ക്കായി മാഗ്‌നറ്റിക് വാതില്‍, എക്‌സോസ്റ്റ് ഫാന്‍, അള്‍ട്രാ വയലറ്റ് ലൈറ്റ് തുടങ്ങിയ സംവിധാനങ്ങളാണ് വിസ്‌ക്കിലുള്ളത്. സാമ്പിള്‍ ശേഖരിക്കുന്ന വ്യക്തി കാബിനിലിരുന്നാണ് രോഗിയുടെ സാമ്പിളെടുക്കുക. ഇതിനായി കാബിനില്‍ ഘടിപ്പിച്ചിരിക്കുന്ന കൈയുറയാണ് ഉപയോഗിക്കുക. ഓരോ തവണ സാംപിള്‍ ശേഖരിച്ചശേഷവും കിയോസ്‌കില്‍ ക്രമീകരിച്ചിട്ടുള്ള കൈയുറയും സമീപമുള്ള കസേരയും അണുവിമുക്തമാക്കും.

സാമ്പിള്‍ ശേഖരണത്തിനായി എത്തുന്നവര്‍ക്കുമുന്നില്‍ പി.പി.ഇ. കിറ്റ് ധരിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ എത്തുന്നത്. ഓരോ ആളുകള്‍ക്കും ഓരോ പി.പി.ഇ. കിറ്റ് ധരിക്കണമെന്നാണു ചട്ടം. എന്നാല്‍, ആയിരം രൂപയോളം വരുന്ന പി.പി.ഇ. കിറ്റ് ഉപയോഗിച്ച് കളയുക എന്ന പ്രായോഗിക ബുദ്ധിമുട്ട് വിസ്‌ക്കിലൂടെ പരിഹരിക്കപ്പെടും എന്നതാണ് മറ്റൊരു സവിശേഷത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com