കണ്‍മണിയെ കാക്കാന്‍ 'കാടുകയറി' ഡോക്ടര്‍മാര്‍ ; മൂന്നുമണിക്കൂര്‍ കാല്‍നടയായി 'കാനനയാത്ര'

 40 കിലോമീറ്റര്‍ വാഹനത്തില്‍ സഞ്ചരിച്ച ശേഷം മൂന്നു മണിക്കൂര്‍ കൊണ്ടാണ് സംഘം കാട്ടിനുള്ളിലെ മല നടന്നുകയറിയത്
കണ്‍മണിയെ കാക്കാന്‍ 'കാടുകയറി' ഡോക്ടര്‍മാര്‍ ; മൂന്നുമണിക്കൂര്‍ കാല്‍നടയായി 'കാനനയാത്ര'

പാലക്കാട്: അട്ടപ്പാടി വനത്തിനുള്ളില്‍ ആദിവാസി ഊരിലെ കുടിലില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും ചികിത്സ നല്‍കുന്നതിനായി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സംഘം സഞ്ചരിച്ചത് അഞ്ചു മണിക്കൂറിലേറെ.  40 കിലോമീറ്റര്‍ വാഹനത്തില്‍ സഞ്ചരിച്ച ശേഷം മൂന്നു മണിക്കൂര്‍ കൊണ്ടാണ് സംഘം കാട്ടിനുള്ളിലെ മല നടന്നുകയറിയത്. 

പുതൂര്‍ പഞ്ചായത്തിലെ മേലെ തുഡുക്കി കുറുംബ ഗോത്രവര്‍ഗ ഊരിലെ യുവതിയാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തിലുണ്ടായിരുന്ന യുവതിയെ ഈ മാസം അവസാനത്തോടെയേ ആശുപത്രിയിലേക്കു മാറ്റേണ്ടി വരൂ എന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, 8ന് പുലര്‍ച്ചെ വേദന അനുഭവപ്പെട്ട യുവതി വെളുപ്പിന് 4.45നു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. 

വിവരമറിഞ്ഞ കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയിലെ ഡോക്ടര്‍മാരടങ്ങുന്ന സംഘം കാട്ടിലേക്കു പോകാന്‍ തീരുമാനിച്ചു.  രണ്ടു മണിക്കൂറെടുത്ത് 40 കിലോമീറ്റര്‍ വാഹനത്തിലും തുടര്‍ന്ന് വന്യമൃഗങ്ങളിറങ്ങുന്ന കാട്ടുപാതയിലൂടെ മൂന്നു മണിക്കൂര്‍ നടന്നുമായിരുന്നു യാത്ര. സമുദ്രനിരപ്പില്‍ നിന്ന് 4000 അടി ഉയരത്തിലുള്ള മേലെ തുഡുക്കിയിലേക്ക് റോഡ് സൗകര്യമില്ലാത്തതാണ് യാത്ര ക്ലേശകരമാക്കിയത്. 

അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ  ചികിത്സയും മരുന്നുകളും നല്‍കിയ ശേഷമാണ് ഡോ.വിനീത് തിലകന്‍, ഡോ.രഞ്ജിനി, ഡോ.മുബാറക്, ഡോ.അഞ്ജലി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.സുരേഷ്, സൈജു, സ്റ്റാഫ് നഴ്‌സ് സാബിറ, ജെപിഎച്ച്എന്‍ ഗിറ്റി അലക്‌സ്, ഡ്രൈവര്‍ സജേഷ്, സാലിഹ് എന്നിവരടങ്ങിയ സംഘം മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com