ഡയാലിസിസിന് പോകാന്‍ വാഹനം കിട്ടിയില്ല; മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചു; ഒപ്പമെത്തി സര്‍ക്കാര്‍

സുഹൃത്തിന്റെ കയ്യില്‍ നിന്നു ലഭിച്ച നമ്പറില്‍ സുലോചന മുഖ്യമന്ത്രിയുടെ വസതിയിലേക്കു വിളിച്ചു സഹായം അഭ്യര്‍ഥിച്ചത്
ഡയാലിസിസിന് പോകാന്‍ വാഹനം കിട്ടിയില്ല; മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചു; ഒപ്പമെത്തി സര്‍ക്കാര്‍

കൊല്ലം: ഡയാലിസിസിന് ആശുപത്രിയില്‍ പോകാന്‍ വാഹനം ലഭിക്കാതെ വലഞ്ഞ പ്രസന്നദാസിന് സഹായമെത്തിയത് മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന്. സഹായിക്കണമെന്ന സങ്കടം നിറഞ്ഞ ഫോണ്‍ സന്ദേശം ലഭിച്ചതു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ്. കൊല്ലം സ്വദേശിനി സുലോചനയുടെ ആവശ്യത്തിനു പിന്നാലെ ക്ലിഫ് ഹൗസില്‍ നിന്നു നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനിലേക്കു സഹായം എത്തിക്കാനുള്ള നിര്‍ദേശമെത്തി.

തുടര്‍ന്നു കോസ്റ്റല്‍ പൊലീസ് സംഘം ആംബുലന്‍സുമായി വീട്ടിലെത്തി പ്രസന്നദാസിനെയും ഭാര്യ സുലോചനയേയും കൂട്ടി ജില്ലാ ആശുപത്രിയിലേക്ക്. ഡയാലിസിസ് പൂര്‍ത്തിയാക്കി തിരികെ വീട്ടിലെത്തിക്കുമ്പോള്‍ പൊലീസിന്റെ വക ഉറപ്പ് കൂടി. അടുത്ത ഡയാലിസിസിനും ആംബുലന്‍സ് എത്തും.മയ്യനാട് വലിയവിള പിഎസ് മന്ദിരത്തില്‍ പ്രസന്നദാസിന് ആഴ്ചയില്‍ 3 തവണയാണു ഡയാലിസിസ് നടത്തേണ്ടത്. സ്വകാര്യ ബസിലാണ് ഇത്രയും നാള്‍ ആശുപത്രിയില്‍ എത്തിയിരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ ആയതോടെ എത്താന്‍ മാര്‍ഗമില്ലാതായി.
സുഹൃത്തിന്റെ ബൈക്കില്‍ കയറി ആശുപത്രിയിലെത്തിയെങ്കിലും ഡയാലിസിസ് കഴിഞ്ഞ് മടങ്ങുംവഴി ദേഹാസ്വാസ്ഥ്യം വന്നതോടെ ആശ്രമവും ഉപേക്ഷിച്ചു. തുടര്‍ന്നാണു സുഹൃത്തിന്റെ കയ്യില്‍ നിന്നു ലഭിച്ച നമ്പറില്‍ സുലോചന മുഖ്യമന്ത്രിയുടെ വസതിയിലേക്കു വിളിച്ചു സഹായം അഭ്യര്‍ഥിച്ചത്. 

സിറ്റി പൊലീസ് കമ്മിഷണര്‍ ടി.നാരായണനും ഇതിനായി ബന്ധപ്പെട്ടിരുന്നു. കോസ്റ്റല്‍ സിഐ എസ്.ഷെരീഫ്, എസ്‌ഐ എം.സി.പ്രശാന്തന്‍ എഎസ്‌ഐ ഡി .ശ്രീകുമാര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ആര്‍.രാജേഷ് എന്നിവര്‍ ചേര്‍ന്നാണു പ്രസന്നദാസിനെ ആശുപത്രിയിലെത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com