പ്രവാസികളെ തിരികെ കൊണ്ടുവന്നാല്‍ എവിടെ പാര്‍പ്പിക്കും ? ; കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചത്. ഈ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളെ ചോദ്യം ചെയ്യാനാകില്ലെന്നും കോടതി
പ്രവാസികളെ തിരികെ കൊണ്ടുവന്നാല്‍ എവിടെ പാര്‍പ്പിക്കും ? ; കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി : ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രവാസികളെ കേരളത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതില്‍ ആശങ്ക അറിയിച്ച് ഹൈക്കോടതി. തിരികെ വരുന്ന പ്രവാസികളെ എവിടെ പാര്‍പ്പിക്കുമെന്ന് കോടതി ചോദിച്ചു. പ്രവാസികള്‍ കൂട്ടത്തോടെ  വന്നാല്‍ ക്രമസമാധാന പ്രശ്‌നം വരെ ഉണ്ടാകാം. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കൂടി അറിയണമെന്ന് കോടതി വ്യക്തമാക്കി. സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചത്. ഈ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളെ ചോദ്യം ചെയ്യാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും കോടതി വിലയിരുത്തി.

വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കെഎംസിസി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടിയത്. കോവിഡിന്റെ സാഹചര്യത്തില്‍ പ്രവാസികളെ നാട്ടിലേക്ക് എത്തികകാന്‍ നയപരമായ തീരുമാനം ഉണ്ടെങ്കില്‍ അക്കാര്യം അറിയിക്കണം. ഇതുസംബന്ധിച്ച് മെഡിക്കല്‍ പ്രോട്ടോക്കോള്‍ ഉണ്ടെങ്കില്‍ അതും അറിയിക്കണം. ഈ മാസം 17 നന് കേസ് വീണ്ടും പരിഗണിക്കും. അപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.

നിലവിലെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളെ ചോദ്യം ചെയ്യാനാവില്ലെന്ന് കെഎംസിസി അഭിഭാഷകനോട് കോടതി പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ നടപടിയെടുക്കുന്നത്. എവിടെയാണോ നില്‍ക്കുന്നത് അവിടെ തന്നെ, സ്ഥിതി മെച്ചപ്പെടുന്നതുവരെ കഴിയാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാണിച്ചു. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിരവധി തവണ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കത്തുനില്‍കിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന്‍ അറിയിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com