പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു;  നാം അതിജീവിക്കുക തന്നെ ചെയ്യും

ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്ത കോവിഡ് പോസിറ്റീവായ പ്രവാസികള്‍ക്ക് 10000 രൂപ സഹായം നല്‍കും
പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു;  നാം അതിജീവിക്കുക തന്നെ ചെയ്യും

തിരുവനന്തപുരം:  കോവിഡ് 19 പശ്ചാത്തലത്തില്‍ നോര്‍ക്ക റൂട്ട്‌സ്, കേരള പ്രവാസി ക്ഷേമനിധി എന്നിവ മുഖേന ആശ്വാസ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ തുകയ്ക്ക് പുറമേ ഒറ്റത്തവണ ധനസഹായമായി ആയിരം രൂപ അനുവദിക്കും. 15000 പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

ക്ഷേമനിധിയില്‍ അംഗങ്ങളായ കോവിഡ് 19 പോസിറ്റീവായ എല്ലാവര്‍ക്കും 15000 രൂപ വീതം അടിയന്തരസഹായം നല്‍കും. ക്ഷേമനിധി ബോര്‍ഡിന്റെ തനത് ഫണ്ടില്‍നിന്നാണ് ഇത് ലഭ്യമാക്കുക.2020 ജനുവരി ഒന്നിന് ശേഷം വാലിഡായ പാസ്‌പോര്‍ട്ട്, തൊഴില്‍ വിസ എന്നിവയുമായി വിദേശരാജ്യങ്ങളില്‍നിന്ന് നാട്ടിലെത്തി തിരിച്ചുപോകാന്‍ സാധിക്കാത്തവര്‍ക്കും ലോക്ക്ഡൗണ്‍ കാലയളവില്‍ വിസ കാലാവധി തീര്‍ന്നവര്‍ക്കും  5000 രൂപ അടിയന്തര സഹായം നോര്‍ക്ക നല്‍കും. 

സാന്ത്വന ചികിത്സാ രോഗങ്ങളുടെ പട്ടികയില്‍ കോവിഡ് 19 നെ ഉള്‍പ്പെടുത്തും. ഇതിലൂടെ ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്ത കോവിഡ് പോസിറ്റീവായ പ്രവാസികള്‍ക്ക് 10000 രൂപ സഹായം നല്‍കും. 

പ്രവാസികളുടെ പ്രയാസങ്ങള്‍ എല്ലാവരിലും വലിയ വിഷമം ഉണ്ടാക്കുന്നതായും പ്രവാസികളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയുള്ളവരാണ് നമ്മളെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നിച്ചുനിന്ന് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുക എന്നതാണ് മുന്നിലുള്ള വഴി. പ്രവാസലോകത്തെ എല്ലാപ്രശ്‌നങ്ങളും കേന്ദ്രത്തിന്റെയും എംബസിയുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും പ്രവാസലോകത്തെ വ്യക്തിത്വങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു.

ഓരോരുത്തരും പൂര്‍ണമനസോടെ പങ്കാളികളാകേണ്ട യജ്ഞമാണിത്. എല്ലാ ഭിന്നതകളും നമ്മള്‍ മാറ്റിവെക്കേണ്ടതുണ്ട്. പ്രവാസികള്‍ക്കായുള്ള സാധ്യമായ ഇടപെടല്‍ നടത്താന്‍ നോര്‍ക്കയും സര്‍ക്കാരും ജാഗരൂഗരായി നില്‍ക്കുന്നു. നാം ഈ കാലത്തെ അതിജീവിക്കുക തന്നെ ചെയ്യും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com