‘ബ്ലാക്ക് മാൻ‘ പിടിയിൽ; ലക്ഷ്യം ഒന്ന് മാത്രം; വിശ്വസിക്കാനാകാതെ നാട്ടുകാർ

‘ബ്ലാക്ക് മാൻ‘ പിടിയിൽ; ലക്ഷ്യം ഒന്ന് മാത്രം; വിശ്വസിക്കാനാകാതെ നാട്ടുകാർ
‘ബ്ലാക്ക് മാൻ‘ പിടിയിൽ; ലക്ഷ്യം ഒന്ന് മാത്രം; വിശ്വസിക്കാനാകാതെ നാട്ടുകാർ

കോഴിക്കോട്: ‘കള്ളൻ’വേഷം കെട്ടി നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കം കെടുത്തിയ യുവാവ് ഒടുവിൽ പിടിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള മറയായാണ് യുവാവ് കള്ളൻ വേഷം കെട്ടി ഒരു നാടിന്റെ സ്വസ്ഥത നശിപ്പിച്ചത്. പയ്യാനക്കൽ മുല്ലത്ത് വീട്ടിൽ ആദർശ് (22) ആണ് പിടിയിലായത്. റിമാൻഡിലായ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തു. 

മാറാട്, ബേപ്പൂർ ഭാഗങ്ങളിൽ യുവാവ് ഒരു മാസത്തോളം വീടുകളുടെ വാതിലിൽ തട്ടുകയും പൈപ്പ് തുറന്നിടുകയും കല്ലെറിയുകയും ചെയ്തു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്നേഹം നടിച്ചു പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിക്കാനാണ് പ്രതി രാത്രി ഏഴ് മണിയോടെ കള്ളൻ വേഷമിടുന്നതെന്നും പൊലീസ് പറഞ്ഞു. 

ഒരു പ്രദേശത്ത് വീടിന്റെ വാതിലിൽ മുട്ടിയ ശേഷം തന്റെ ബൈക്കിൽ രക്ഷപ്പെട്ടു മറ്റൊരിടത്തും ഇത് ആവർത്തിക്കും. പൊലീസിന്റെ കണ്ണുവെട്ടിക്കാനാണ് ഊടുവഴികൾ തിരഞ്ഞെടുത്തത്. വരുന്ന വഴിയിൽ കൈയിൽ കരുതിയ കല്ല് റോഡിന്റെ ഇരുവശത്തുമുള്ള വീടുകൾക്കു നേരെ എറിയുകയും ചെയ്യും. ആളില്ലാത്ത വീടുകളിൽ പുറത്തെ പൈപ്പ് തുറന്നിടും. കള്ളനെ തിരഞ്ഞ് പ്രദേശവാസികൾ മുഴുവൻ റോഡിലിറങ്ങുന്നതു പതിവാണ്. ഈ സമയത്ത് പെൺകുട്ടിയെ വീട്ടിൽകയറി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ലോക്ഡൗൺ കാലത്തു പോലും ജനങ്ങൾ കള്ളനെ പിടിക്കാൻ പുറത്തിറങ്ങുന്ന സ്ഥിതി എത്തിയതോടെ സൗത്ത് അസി. കമ്മീഷണർ എജെ ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രംഗത്തിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം മാറാട് പൊലീസ് ഇൻസ്പെക്ടർ കെ വിനോദന്റെ നിർദ്ദേശപ്രകാരം ആളുകൾ കള്ളനെ പിടിക്കാൻ പുറത്തിറങ്ങിയില്ല. റോഡിൽ ആളുകളെ കാണാത്തതിനാൽ പന്തികേടു തോന്നിയ പ്രതി ഒരു വീടിന്റെ കുളിമുറിയിൽ കയറി ഒളിച്ചു. കുളിമുറിയിലേക്കു വന്ന സ്ത്രീ പ്രതിയെക്കണ്ട് ഒച്ചവച്ചതോടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പ്രതിയെ വ്യക്തമായി കണ്ട സ്ത്രീയിൽ നിന്നും വീട്ടുകാരിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. സിസിടിവി ചിത്രങ്ങളും പരിശോധിച്ചു. തുടർന്ന് ആളെത്തിരിച്ചറിഞ്ഞു താമസ സ്ഥലത്തെത്തിയപ്പോൾ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. ലഹരി ഉപയോഗിക്കുന്ന ചില ചെറുപ്പക്കാർ കറുപ്പും വെളുപ്പും വസ്ത്രമണിഞ്ഞ് അലഞ്ഞു നടന്നതും ‘കള്ളനു’ സഹായമായി. 

ഇങ്ങനെ രാത്രി കറങ്ങി നടന്ന മറ്റ് ആറ് പേർക്കെതിരെ ലോക്ഡൗൺ ലംഘിച്ചതിന് കേസ് റജിസ്റ്റർ ചെയ്തു. മാറാട് എസ്ഐ ബിടി സനൽകുമാർ, കെവി ശശികുമാർ, സീനിയർ സിപിഒ പി അജിത്ത് കുമാർ, സി അരുൺ കുമാർ, പി സരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com