മതചടങ്ങുകളിലും വിവാഹനിശ്ചയത്തിലും മഹറൂഫ് പങ്കെടുത്തു ; നിരവധി പേരുമായി സമ്പര്‍ക്കം ; മാഹി, കണ്ണൂര്‍ മേഖലയില്‍ ആശങ്ക

ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂര്‍ പഞ്ചായത്തുകളില്‍ നിരന്തരം യാത്ര ചെയ്തിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കണ്ണൂര്‍ : കോവിഡ് ബാധിച്ച് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരിച്ച മഹറൂഫ് പൊതുചടങ്ങുകളില്‍ പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ട്. പള്ളിയില്‍ പോയിരുന്ന ഇദ്ദേഹം മതചടങ്ങുകളിലും വിവാഹ നിശ്ചയചടങ്ങിലും സജീവമായി പങ്കെടുത്തിരുന്നതായാണ് സൂചന. ഇയാള്‍ ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂര്‍ പഞ്ചായത്തുകളില്‍ നിരന്തരം യാത്ര ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പന്ന്യന്നൂരില്‍ വിവാഹ ചടങ്ങിലും പങ്കെടുത്തിട്ടുണ്ട്. ഇതോടെ ഇയാളുടെ സ്വദേശമായ മാഹി, കണ്ണൂര്‍ മേഖലകളില്‍ ആശങ്കയുയര്‍ന്നിട്ടുണ്ട്. 

കോവിഡ് ബാധിച്ച മാഹി ചെറുക്കലായി സ്വദേശി മഹറൂഫ് (71) രാവിലെ എട്ടുമണിയോടെയാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. മഹറൂഫിന്റെ മരണം കോവിഡ് മൂലമാണെന്ന് ഡിഎംഒ അറിയിച്ചു. ഹെ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട രോഗിയായിരുന്നുവെന്നും, ഇയാള്‍ക്ക് വൃക്കരോഗവും ഹൃദ്രോഗവും ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 

മഹറൂഫിന് എങ്ങനെയാണ് രോഗം പിടിപെട്ടത് എന്നതു സംബന്ധിച്ച് ഇതുവരെ കണ്ടുപിടിക്കപ്പെട്ടില്ല. ഇയാള്‍ക്ക് രോഗം പകര്‍ന്നതെന്ന് സംശയിച്ച ഏഴുപേരുടെ സ്രവ സാമ്പിള്‍ പരിശോധിച്ചപ്പോള്‍, ഇവര്‍ കോവിഡ് നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ രോഗം പകര്‍ന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. എങ്ങനെയാണ് ഇയാള്‍ക്ക് രോഗം പടര്‍ന്നതെന്ന് ഇപ്പോഴും അറിയാനായിട്ടില്ലെന്ന് മാഹി എംഎല്‍എ രാമചന്ദ്രന്‍ വ്യക്തമാക്കി. 

മാര്‍ച്ച് 26 ന് പനിയ്ക്ക് ചികില്‍സ തേടിയാണ് മഹറൂഫ് ആദ്യം തലശേരിയിലെ സ്വകാര്യ ആശുപത്രിയെ സമീപിച്ചത്. എന്നാല്‍ രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലും ചികില്‍സ തേടി. ഇവിടെ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രോഗാവസ്ഥ വഷളായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ മഹറൂഫിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com