മഹറൂഫിന് കോവിഡ് പകർന്നത് സ്വകാര്യ ആശുപത്രിയിൽ വെച്ച് ? ; ചെറുവാഞ്ചേരി സ്വദേശിയിൽ നിന്നെന്ന് നി​ഗമനം

മഹറൂഫ് സ്വകാര്യ ആശുപത്രിയിൽ ചികിൽസയ്ക്കെത്തിയപ്പോൾ ചെറുവാഞ്ചേരിക്കാരനായ കോവിഡ് ബാധിതനും ആശുപത്രിയിൽ ഉണ്ടായിരുന്നു
മഹറൂഫിന് കോവിഡ് പകർന്നത് സ്വകാര്യ ആശുപത്രിയിൽ വെച്ച് ? ; ചെറുവാഞ്ചേരി സ്വദേശിയിൽ നിന്നെന്ന് നി​ഗമനം

കണ്ണൂർ : പരിയാരം മെഡിക്കൽ കോളജിൽ വെച്ച് മരിച്ച കോവിഡ് ബാധിതൻ മാഹി സ്വദേശി മഹറൂഫിന് രോ​ഗം പകർന്നത് സ്വകാര്യ ആശുപത്രിയിൽ വച്ചെന്ന് നി​ഗമനം. ചെറുവാഞ്ചേരിക്കാരനായ 81 കാരനിൽ നിന്നാണ് കോവിഡ് പകർന്നതെന്നാണ് സംശയിക്കപ്പെടുന്നത്. മഹറൂഫ് സ്വകാര്യ ആശുപത്രിയിൽ ചികിൽസയ്ക്കെത്തിയപ്പോൾ ചെറുവാഞ്ചേരിക്കാരനായ കോവിഡ് ബാധിതനും ആശുപത്രിയിൽ ഉണ്ടായിരുന്നു.

മഹറൂഫും ചെറുവാഞ്ചേരിക്കാനും ഒരേ ദിവസങ്ങളിൽ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ഉണ്ടായിരുന്നു. ഏപ്രിൽ മാസം രണ്ടാം തീയതിയും മൂന്നാം തീയതിയുമാണ് മഹറൂഫും ചെറുവാഞ്ചേരിക്കാരനും ഒരേ ആശുപത്രിയിൽ ഉണ്ടായിരുന്നത്. പിന്നീട് ചെറുവാഞ്ചേരിക്കാരനെ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. മൂന്നാംതീയതി ഇയാളുടെ സ്രവപരിശോധന നടത്തി. അ‍ഞ്ചാം തീയതി അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനാഫലം ലഭിച്ചു.

അതേസമയം മാർച്ച് 31 ന് വൈകീട്ട് നാലുമുതൽ മഹറൂഫ് ഈ ആശുപത്രിയിൽ ചികിൽസയിലുണ്ട്. എന്നാൽ ഈ ആശുപത്രിയിൽ വെച്ച് രോ​ഗം പകരാൻ സാധ്യതയില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. മാത്രമല്ല, ഇരുവരും രണ്ട് ഐസിയുവിലാണ് കിടന്നതെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം വിദേശയാത്രയോ, മറ്റ് ട്രാവൽ ഹിസ്റ്ററിയോ ഒന്നുമില്ലാത്ത മഹറൂഫിന് രോ​ഗപ്പകർച്ചയ്ക്ക് ഏറ്റവും സാധ്യത സ്വകാര്യ ആശുപത്രിയിൽ വെച്ചാകാമെന്നാണ് ആരോ​ഗ്യപ്രവർത്തകരുടെ നി​ഗമനം. മഹറൂഫുമായി സമ്പർക്കമുണ്ടെന്ന് കരുതുന്ന നിരവധി പേരെ പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ഫലം നെ​ഗറ്റീവാണ്.

എന്നാൽ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മഹറൂഫിന് രോ​ഗം പകർന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കണ്ണൂർ ഡിഎംഒ നാരായൺ നായിക് പറഞ്ഞു. ഔദ്യോ​ഗികമായി ഒരു സ്ഥിരീകരണവും തനിക്ക് ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച അന്വേഷണം തുടരുകയാണ്. ഈ ഘട്ടത്തിൽ കൃത്യമായ മറുപടി പറയാനാകില്ല. മഹറൂഫ് ചികിൽസയിലിരുന്ന ആശുപത്രിയിലെ ഡോക്ടർമാർ അടക്കം  ക്വാറന്റൈനിലാണ്. ഇവരുടെ സ്രവങ്ങൾ ഉടൻ തന്നെ പരിശോധനയ്ക്ക് അയക്കും. മഹറൂഫിന്റെ അടുത്ത ബന്ധുക്കളെല്ലാം നെ​ഗറ്റീവ് ആണെന്നും ഡിഎംഒ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com