ശ്രീചിത്രയിലെ ആ ഡോക്ടര്‍ ആണ് രാജ്യത്ത് ആദ്യമായി പ്ലാസ്മ ദാനം ചെയ്യുന്നത്, ആന്റിബോഡി ചികിത്സയ്ക്കു തയാറെടുത്ത് കേരളം 

പ്ലാസ്മ ദാനം ചെയ്യാനുള്ള സന്നദ്ധത ഡോക്ടര്‍ അനൗദ്യോഗികമായി അറിയിച്ചു
ശ്രീചിത്രയിലെ ആ ഡോക്ടര്‍ ആണ് രാജ്യത്ത് ആദ്യമായി പ്ലാസ്മ ദാനം ചെയ്യുന്നത്, ആന്റിബോഡി ചികിത്സയ്ക്കു തയാറെടുത്ത് കേരളം 

ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. എന്നാലിന്ന് അതേ ഡോക്ടര്‍ രാജ്യത്താദ്യമായി പ്ലാസ്മ ദാനം ചെയ്യുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കോവിഡ് ഭേദമായ രോഗിയുടെ രക്തത്തിലെ പ്ലാസ്മ ഗുരുതരാവസ്ഥയിലുള്ള രോഗിയിൽ കുത്തിവെക്കുന്ന ചികിത്സാരീതിയാണിത്. 

പ്ലാസ്മ ദാനം ചെയ്യാനുള്ള സന്നദ്ധത ഡോക്ടര്‍ അനൗദ്യോഗികമായി അറിയിച്ചെന്നാണ് ഉന്നതവൃത്തങ്ങള്‍ അറിയിക്കുന്നത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി എല്ലാ ഘടകങ്ങളും ഒത്തുവന്നാല്‍ രാജ്യത്തെ ആദ്യത്തെ പ്ലാസ്മ ദാതാവായിരിക്കും ഡോക്ടര്‍. ഡോക്ടറുമായുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അനുമതിക്ക് ശേഷമായിരിക്കും ഔദ്യോ​ഗിക നടപടികൾ. 

പഠനത്തിനായി സ്പെയിനില്‍ പോയി തിരിച്ചെത്തിയ ‌‌‌ഡോക്ടർക്ക് കഴിഞ്ഞ മാസം 15നാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇദ്ദേഹവുമായി അടുത്തിടപഴകിയ 179 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. മാർച്ച് 26ന് കൊറോണ വൈറസ് ബാധയിൽ നിന്ന് മുക്തനായി ഡോക്ടർ ആശുപത്രി വിട്ടു. നിലവിൽ ഹോം ക്വാറന്റൈനിൽ ആണ് അദ്ദേഹം. 

ആന്റിബോഡി ചികിത്സ സംബന്ധിച്ച അന്തിമ തീരുമാനം ലഭിച്ചാൽ ശ്രീചിത്രയ്ക്ക് പുറമേ അഞ്ച് ആശുപത്രികൾ കൂടി സംസ്ഥാനത്ത് പ്ലാസ്മ ശേഖരണത്തിനു സജ്ജമായുണ്ട്.  തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളും എറണാകുളം ജനറല്‍ ആശുപത്രിയിലുമാണ് ഇതിനുള്ള സജ്ജീകരണങ്ങള്‍ നടത്തിയിട്ടുള്ളത്. ഇവിടങ്ങളിലെ രക്തബാങ്കുകള്‍ പ്ലാസ്മ ശേഖരണത്തിനായി പ്രയോജനപ്പെടുത്തും.

ന്യൂട്രലൈസേഷൻ പരിശോധനയാണ് പ്ലാസ്മ രീതിക്ക് വേണ്ടതെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് പ്രായോ​ഗികമല്ല. ഉയർന്ന സുരക്ഷാ നിലവാരമുള്ള വൈറോളജി ലാബുകളിൽ വൈറസ് കൾച്ചർ ഉപയോഗിച്ച് മാത്രമേ ഇത് ചെയ്യാനാകൂ. അതിനാൽ ഐജിജി എലൈസ ടെസ്റ്റ് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ജർമനിയിൽ നിന്ന് കിറ്റുകൾ കൊണ്ടുവരുന്നത് സാധ്യമല്ലാത്തതിനാൽ രാജീവ് ഗാന്ധി സെന്ററിൽ തന്നെ ഇത് സജ്ജമാക്കും. പ്ലാസ്മ ചികിത്സയ്ക്കായി രോഗം ഭേദമായ 55 കിലോയെങ്കിലും തൂക്കമുള്ള വ്യക്തിയുടെ സമ്മതത്തോടെ 800 മില്ലിലീറ്റർ രക്തമാകും ഒരു തവണ എടുക്കുക. നിശ്ചിത ഇടവേളയിൽ ഒരാളിൽ നിന്ന് 2 തവണ രക്തമെടുക്കാനായാൽ 8 പേർക്ക് ഉപകരിക്കുമെന്നാണ് കണക്ക്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com