കോഴിക്കോട് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചയാളെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

ഇയാളെ ചികിത്സിച്ച ഡോക്ടറടക്കമുള്ള ആളുകളെ പരിശോധനക്ക് വിധേയമാക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം
കോഴിക്കോട് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചയാളെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍


കോഴിക്കോട്: ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 67കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആരോഗ്യ പ്രവര്‍ത്തകരുടെ സ്രവവും പരിശോധിക്കുന്നു. ഇയാളെ ചികിത്സിച്ച ഡോക്ടറടക്കമുള്ള ആളുകളെ പരിശോധനക്ക് വിധേയമാക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം. ഇവരോട് നിരീക്ഷണത്തില്‍ കഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ പരിശോധനയില്‍ നെഗറ്റീവായിരുന്ന ഇയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയടക്കം അഞ്ചിടങ്ങളില്‍ ചികിത്സ തേടിയിരുന്നു.

ദുബൈയില്‍ നിന്നുമെത്തിയ മക്കളില്‍ നിന്നും എടച്ചേരി സ്വദേശിയായ 67കാരന് കോവിഡ് ബാധിച്ചെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. മക്കള്‍ പക്ഷേ ഇതു വരെ രോഗലക്ഷണങ്ങള്‍ കാണിക്കാതിരുന്നതിനാല്‍ പരിശോധനക്ക് വിധേയരാക്കിയിരുന്നില്ല. എന്നാല്‍ ‍67കാരന്‍ ചെറുതായി രോഗലക്ഷണം കാണിച്ചതിനാല്‍ കഴിഞ്ഞ മാസം 24ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്യമായ പ്രശ്നങ്ങളില്ലാത്തതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാവശ്യപ്പെട്ട് ഇയാളെ മടക്കുകയായിരുന്നു. 31ന് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് എടച്ചേരിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ ഇയാളോട് വടകര താലൂക്ക് ആശുപത്രിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. വടകരയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്കും പോയി. എന്നാല്‍ വലിയ പ്രശ്നങ്ങളില്ലാത്തതിനാല്‍ വീണ്ടും ഇയാളോട് വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ നിര്‍ദേശം നല്‍കി.

പിറ്റേ ദിവസം ഇയാള്‍ വടകരയിലെ സ്വകാര്യ ക്ലിനിക്കിലെത്തി ഡോക്ടറെ കാണുകയും സമീപത്തെ ലാബില്‍ നിന്നും എക്സ്റേ എടുക്കുകയും ചെയ്തു. പിന്നാലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നുമയച്ച ആദ്യ സാമ്പിളിന‍്റെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയ നഴ്സുമാരുള്‍പ്പെടെയുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം. ഇവരുടെ സ്രവം ശേഖരിച്ചിട്ടുണ്ട്. ഇവരോട് നിരീക്ഷണത്തില്‍ കഴിയാനും ആവശ്യപ്പെട്ടു. രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ അധികമാളുകളില്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഇയാളുമായി ഇടപഴകിയ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com